കോഴഞ്ചേരി: ആറന്മുള വാഴുവേലില്‍ തറവാട് തനത് ഭാവത്തില്‍ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.ആറന്മുള കിഴക്കേനടയിലുള്ള വാഴുവേലില്‍ തറവാട് സന്ദര്‍ശിച്ചശേഷം പത്രലേഖകരുമായി സംസാരിക്കുയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബോധേശ്വരന്‍ ദീര്‍ഘകാലം താമസിക്കുകയും നിരവധി സാഹിത്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത പൗരാണിക തറവാടാണിത്. കവയത്രി സുഗതകുമാരിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് വസ്തുവും 300 ലധികം വര്‍ഷം പഴക്കമുള്ള കെട്ടിടവും ഏറ്റെടുക്കാനാവശ്യമായ നടപടികള്‍ ആരംഭിച്ചത്.
അതിപുരാതനമായ രേഖകളും കെട്ടിടങ്ങളും ഉത്കൃഷ്ടമായ ചരിത്രരേഖകള്‍ കാലാനുവര്‍ത്തിയായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഗവണ്മെന്റ് ഗൗരവപൂര്‍വ്വം ഏറ്റെടുക്കുന്നത്. പുരാവസ്തു വകുപ്പ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ കുടുംബക്കാരുമായി ചര്‍ച്ച ചെയ്ത് അന്തിമമായി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അറയും നിരയുമുള്ള ഏകശാലയും അടുക്കളയും മുന്നില്‍ രണ്ടുമുറിയുള്ള മറ്റൊരു കെട്ടിടവുമാണ് 65 സെന്റ് വസ്തുവിനുള്ളില്‍ ഉള്ളത്. തിരുവിതാംകൂറില്‍ സ്ത്രീകളില്‍ ആദ്യ സംസ്കൃതം എംഎ ബിരുദധാരിയായ കാര്‍ത്ത്യായനിയമ്മയും ഭര്‍ത്താവ് ബോധേശ്വരനും വിദ്യാഭ്യാസ വിദഗദ്ധനായ ഡോ. ഹൃദയകുമാരി, കവയത്രി സുഗതകുമാരി, കവയത്രിയും യാത്രാവിവരണ കൃതികളുടെ കര്‍ത്താവുമായ ഡോ. സുജാതാദേവി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ തറവാടാണിത്. കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തെയും, സാഹിത്യ സാംസ്ക്കാരിക രംഗങ്ങളെയും സ്വാധീനിച്ച തുകൊണ്ടുതന്നെയാണ് പുരാവസ്തു വകുപ്പ് പ്രാചീനമായ ഈ തറവാട് ഏറ്റെടുക്കുന്നത്. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. റെജികുമാര്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരി, ശ്രീരംഗനാഥന് തുടങ്ങി നിരവധി ആളുകള്‍ മന്ത്രിയെ ചരിത്രസ്മാരകത്തിലെത്തി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: