കോഴഞ്ചേരി: ഇലന്തൂര്‍ നെടുവേലി മുക്ക് ജംഗ്ഷനില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച എല്‍.ഇ.ഡി. ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി അട്ടിമറിച്ചതായി ആരോപണം.കോണ്‍ഗ്രസ്സിലെ പ്രമുഖനേതാവാണ് പദ്ധതി അട്ടിമറിക്കാന്‍ ഒത്താശചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.
2016-17 വര്‍ഷത്തെ എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നാലു ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ച് ഫൗണ്ടേഷന് പണി പൂര്‍ത്തീകരിച്ച ശേഷമാണ് പദ്ധതി റദ്ദുചെയ്തതായി അറിയിപ്പു കൊടുത്തത്. ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇലന്തൂര്‍ ബി.ഡി.ഒ യുടെ കത്ത് 2016ഒക്ടോബര്‍ ഏഴിന് ഗ്രാമപഞ്ചായത്തിന്റെ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുകയും 08 (04) നമ്പര്‍ പ്രകാരം എടുത്ത തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി അറിയുന്നു.
ഹൈമാസ്റ്റ് ലൈറ്റിന്റെ ഭാവി മെയിന്റനന്‍സും കറന്റ് ചാര്‍ജ്ജും കൊടുക്കുന്നതിന് ഗ്രാമപഞ്ചായത്തിന് സമ്മതമാണെന്നും 2016 ഒക്ടോബര്‍17ന് കമ്മിറ്റി തീരുമാനത്തിന്റെ പകര്‍പ്പ് സഹിതം മറുപടിയും നല്കി. ഈ വിവരങ്ങളെല്ലാം കളക്ട്രേറ്റില്‍ സമര്‍പ്പിച്ചതനുസരിച്ച് കലക്ടറുടെ ഭരണാനുമതി 2017 ജനുവരി 7ന് ബ്ലോക്ക് പഞ്ചായത്ത് വഴി ലഭിച്ചതിന് ശേഷമാണ് പദ്ധതിയുടെ പണി ആരംഭിച്ചതെന്നുംപറയപ്പെടുന്നു. ഇതിനായി ഇലന്തൂര്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറും, കൊച്ചിയിലെ ഒരു കമ്പനിയുമായി 2017 മാര്‍ച്ച് 10 ന് കരാറും ഉണ്ടാക്കിയത്രേ.
നെടുവേലി മുക്ക് ജംഗ്ഷനില്‍ നിന്ന് ഹെല്‍ത്ത് സെന്ററിലേക്കുള്ള വഴിയുടെ ഒരു വശത്താണ് ലൈറ്റ് സ്ഥാപിക്കാനായി ഫൗണ്ടേഷന് നിര്‍മ്മിച്ചത്. ഇതിനിടെ സ്വകാര്യവ്യക്തി വാഹനം കയറുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാണിച്ച് പദ്ധതിക്കെതിരെ പഞ്ചായത്തില്‍ പരാതിനല്കിയെങ്കിലും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി കണ്ടെത്തിയിരുന്നു.എന്നിട്ടും ഉന്നതനേതാവിന്റെ ഇടപെടല്‍ പദ്ധതി നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചതായി സ്ഥലവാസികള്‍ പറയുന്നു.
വിവിധ സ്ഥലങ്ങളില്‍ പ്രധാന റോഡുകള്‍ പലതും തകര്‍ന്നുകിടക്കുമ്പോള്‍ ഹെല്‍ത്ത് സെന്ററിലേക്ക് കയറുന്ന വഴി രണ്ട്മൂന്ന് വീട്ടുകാര്‍ക്ക് മാത്രമായി ലോക്കിംഗ് ടൈല്‍ പാകി നല്‍കിയതിലും നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: