ഇടുക്കി: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിയെ ന്യായീകരിച്ചും നഷ്ടക്കണക്കുകള്‍ വിവരിച്ചും കെഎസ്ആര്‍ടിസി എം.ഡി. രാജമാണിക്യം തൊഴിലാളികള്‍ക്ക് കത്ത് അയച്ചു. എല്ലാ ജീവനക്കാരുടെ കൈകളിലും എത്താന്‍ അതാത് ഡിപ്പോ തലത്തിലാണ് കത്ത് വിതരണം ചെയ്യുന്നത്. കത്ത് ഓരോ ജീവനക്കാരും ഒപ്പിട്ട് വാങ്ങണമെന്നാണ് നിര്‍ദ്ദേശം.
കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: ‘അതിരൂക്ഷമായ പ്രതിസന്ധിയിലകപ്പെട്ട നമ്മുടെ സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നാനാതലത്തില്‍ നടന്ന് വരികയാണല്ലോ. ശമ്പളം പെന്ഷന് എന്നിവയ്ക്ക് പുറമെ ഡീസലിന് പോലും കടം വാങ്ങേണ്ട അവസ്ഥയാണ്. വായ്പ തിരിച്ചടവ് മൂന്ന് കോടി, ഡീസല്‍ ചെവല് മൂന്ന് കോടി, ശമ്പളം 2.91 കോടി, പെന്ഷന് രണ്ട് കോടി, സ്പെയര്‍ പാര്‍ട്സ്, ടയര്‍ മറ്റ് ചെലവുകള്‍ ഒരു കോടി, പ്രതിദിനം 11.91 കോടി രൂപ ചെലവാക്കുന്ന നമ്മുടെ സ്ഥാപനത്തിന്റെ ശരാശരി വരുമാനം 5.76 കോടി രൂപ മാത്രമാണ്.
കെഎസ്ആര്‍ടിസിയെ സമഗ്രമായ പുനരുദ്ധാരണത്തിലൂടെയല്ലാതെ പ്രതിസന്ധിയില്‍ നിന്നും മോചിപ്പിക്കാനാവില്ല. അതിനാവശ്യമായ പരിഷ്കാരങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ പരിഷ്കാരങ്ങള്‍ ചിലര്‍ക്ക് അതൃപ്തിയുള്ളതായി മനസ്സിലാക്കുന്നു.
ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്തുകൊണ്ടിരുന്നവര്‍ നാല് ദിവസം ജോലി ചെയ്യേണ്ടിവരുമ്പോഴുണ്ടാകുന്ന അസംതൃപ്തി സ്വാഭാവികമാണ്. ഡ്യൂട്ടി സമ്പ്രദായത്തിലെ പരിഷ്കാരങ്ങള്‍ എന്നെന്നേയ്ക്കുമുള്ളതല്ല. സ്ഥാപനം രക്ഷപെടുന്ന മുറയ്ക്ക് അവ പുന:സ്ഥാപിക്കാന്‍ കഴിയും. ആരുടെ മുന്നിലും തലകുനിക്കാത്ത വിധം കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കുന്നതിനുള്ള ഈ കൂട്ടായ ശ്രമത്തിന് താങ്കളുടെ നിസ്സീമമായ സഹകരണവും പൂര്‍ണ്ണ പിന്തുണയും സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു’ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
കത്ത് ഒപ്പിട്ട് വാങ്ങരുതെന്ന് ചില തൊഴിലാളി യൂണിയനുകള്‍ രഹസ്യമായി പ്രചരിപ്പിക്കുന്നുണ്ട്. കത്ത് വാങ്ങിയാല്‍ തുടര്‍ന്നും കെഎസ്ആര്‍ടിസി നടത്തുന്ന നയങ്ങളെ അനുകൂലിക്കുന്നതിന് തുല്യമാകുമെന്നാണ് വാദം. എം.ഡിയുടെ കത്ത് വാങ്ങാതിരുന്നാല്‍ വകുപ്പ് തലത്തില്‍ നടപടിക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ ജീവനക്കാര്‍ കത്ത് ഒപ്പിട്ട് വാങ്ങാന്‍ മുന്നോട്ടുവരുന്നുമുണ്ട്. രാജമാണിക്യം എം.ഡിയായി ചുമതലയേറ്റതിന് ശേഷം കെഎസ്ആര്‍ടിസിയിലെ യൂണിയനുകളുടെ ശക്തി കുറഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ യൂണിയന് പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: