ഇരിട്ടി: ഇരിട്ടി പഴയ ബസ്സ്റ്റാന്റിനോട് ചേര്‍ന്ന് കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം റോഡിലേക്ക് ഒഴുകുന്ന പ്രശ്നത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ ഇരിട്ടി മുന്‍സിപ്പല്‍ സിക്രട്ടറിക്ക് ജില്ലാ കളക്ടര്‍ ഉത്തരവ് നല്കി. 14 ദിവസത്തിനുള്ളില്‍ നടപടിയെടുത്ത് അറിയിക്കാനാണ് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരിട്ടി മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ക്ക് നല്കിയ പരാതിയിലാണ് ഉത്തരവ്.
ഇരിട്ടി പഴയ സ്റ്റാന്റില്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തോട് ചേര്‍ന്ന് കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുമാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. ശക്തമായ മഴ പെയ്യുമ്പോള്‍ മഴവെള്ളത്തോടൊപ്പം ഒഴുകുന്ന മലിനജലം പരിസരം മുഴുവന്‍ ദുര്‍ഗ്ഗന്ധ പൂരിതമാക്കുകയും ചെയ്യുന്നു. ഇത് റോഡിലൂടെ മെയിന്‍ റോഡിലേക്കും ഇവിടുത്തെ ഓട്ടോറിക്ഷാ സ്റ്റാന്റിലും എത്തിച്ചേരുന്നു.
ഈ കംഫര്‍ട്ട് സ്റ്റേഷനിലെ ടാങ്കില്‍ നിന്നും ഒഴുകി വരുന്ന മലിനജലം ഇവിടെ നിന്നും ഓവുചാല്‍ വഴി പഴശ്ശി പദ്ധതിയിലൂടെ ജലാശയത്തില്‍ കലരുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരാതി നല്‍കിയിരുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഇതിനെതിരെ ഇതുവരെ വേണ്ടപ്പെട്ടവര്‍ യാതൊരു വിധ നടപടിയും കൈക്കൊണ്ടിട്ടില്ല എന്നതും വിചിത്രമാണ്. ഇപ്പോള്‍ മഴ ശക്തിപ്പെട്ടതോടെ ഉണ്ടായ മാലിന്യ പ്രശ്നം മുന്‍സിപ്പല്‍ അധികൃതരെ അറിയിച്ചപ്പോള്‍ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവര്‍ വന്ന് ടാങ്കിനു സമീപം കുഴിയെടുത്ത് നോക്കിയതായും പൈപ്പിന്റെ ആരംഭ സ്ഥലം ടാങ്കിന്റെ മുകളിലാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു പോയവര്‍ ഇരുപതു ദിവസം കഴിഞ്ഞിട്ടും യാതൊന്നും ചെയ്തില്ല. അന്വേഷിച്ചപ്പോള്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ഇവര്‍ പറയുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് തങ്ങള്‍ കളക്ടറുടെ മുന്നില്‍ പരാതിയുമായി പോയതെന്ന് വ്യാപാരികള്‍ പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇതിനു മുന്‍സിപ്പല്‍ അധികൃതര്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: