തൃശൂര്‍: സംസ്ഥാനത്ത് പട്ടികജാതിക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളും പോലീസും ദളിത് പീഡനത്തിന് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ഏങ്ങണ്ടിയൂരില്‍ പോലീസ് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റക്കാരായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും വിനായകന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ ഉപവാസത്തില്‍ പങ്കെടുത്തു.
















