തൃശൂര്‍: ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്റെ മരണത്തില്‍ ലോകായുക്തയുടെ അന്വേഷണം. കേസ്ഫയലുകളും, സാക്ഷികളുമടക്കമുള്ളവരെ നേരില്‍ വിളിച്ചു വരുത്തുമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
18 വയസ് മാത്രമുള്ള ‘പയ്യനോട്’ കാണിച്ച നടപടി അതിക്രൂരവും, ഇടപെടേണ്ട വിഷയവുമാണെന്നും കേസില്‍ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പയസ് .സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന് എന്നിവര്‍ വ്യക്തമാക്കി. വിനായകന്റെ പിതാവ് ചക്കാണ്ടന്‍ കൃഷ്ണന് നല്കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.
ആദ്യഘട്ടമായി വിനായകന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.എന്‍.എ.ബാലറാം, ഫോറന്‍സിക് സര്‍ജനും അസി.പ്രഫസറുമായ ഡോ.കെ.ബി.രാഖിന്‍ എന്നിവരോടും, വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരതിനോടും 24ന് നേരില്‍ ഹാജരാവാന്‍ ലോകായുക്ത സമന്‍സ് അയച്ചു.
ഇതോടൊപ്പം വിനായകനെ കസ്റ്റഡിയിലെടുത്ത പാവറട്ടി പൊലീസിന്റെ ജൂലായ് 16,17 തിയതികളിലെ ജനറല്‍ ഡയറിയും, വിനായകന്റെ മരണവും, പരാതിയും രജിസ്റ്റര്‍ ചെയ്ത വാടാനപ്പിള്ളി പൊലീസിന്റെ കേസ് ഡയറിയും ഹാജരാക്കാനും ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്. സസ്പെന്‍ഷനിലുള്ള പോലീസുകാരായ ശ്രീജിത്ത്, സാജന് എന്നിവരെ കൂടാതെ എസ്.ഐ അരുണ്‍ഷാ, ഗുരുവായൂര്‍ സി.ഐ. ഇ .ബാലകൃഷ്ണന്, അസി.കമ്മീഷണര്‍ പി.എ.ശിവദാസന്‍, റൂറല്‍ എസ്.പി വിജയകുമാര്‍, കമ്മീഷണര്‍ ടി.നാരായണന്, റേഞ്ച് ഐ.ജി.എം.ആര്.അജിത് കുമാര്‍ എന്നിവരെയും എതിര്കക്ഷികളാക്കിയുള്ളതാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: