ബത്തേരി: പാരിസ്ഥിതിക പ്രതിസന്ധിയുടെ തീവ്രത വിളിച്ചോതി കബനീനദിക്കരയിലെ നെല്‍കര്‍ഷകര്‍ ചെറുകിട ജലസേചന വകുപ്പിന്റെ ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തി.
പുല്‍പ്പളളിയുടെ നെല്ലറയായ കബനീനദിക്കരയിലെ ചേകാടി പാടശേഖരസമിതിയിലെ ഇരുപത് കര്‍ഷകരാണ് ചേകാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അടിയന്തിരമായി കമ്മീഷന് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ പതിനൊന്ന് മണിയോടെ ബത്തേരി ജലസേചന വകുപ്പ് ഓഫീസില്‍ സമരം തുടങ്ങിയത്.
250 ഏക്കര്‍ വരുന്ന ചേകാടി പാടങ്ങളെ ഇരുപ്പുകൃഷിക്ക് പാകമാക്കുക എന്നലക്ഷ്യത്തോടെ 1.67 കോടി രൂപ ചെലവ് കണക്കാക്കി 2012ല്‍ തുടങ്ങിയ പദ്ധതിയാണ് ഇതുവരെ പൂര്‍ത്തീകരിക്കാത്തത്. 50 എച്ച്പിയുടെ മൂന്ന് വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് കബനിപുഴയില്‍ നിന്ന് വെളളം പമ്പ് ചെയ്ത് നെല്‍വയലുകളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. വൈദ്യുതി ലൈനുകള്‍ വലിക്കുന്നതിന് വരുന്ന നാല് ലക്ഷത്തോളം രൂപ എങ്ങിനെ കണ്ടെത്തുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
ഈ വര്‍ഷത്തെ കൃഷി ഇറക്കാന്‍ പദ്ധതി ഉടനെ കമ്മീഷന് ചെയ്യണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: