ആലത്തൂര്‍: ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി മുന്‍ഗണന പട്ടികയില്‍ അനര്‍ഹമായി കടന്നുകൂടിയവരെ കണ്ടെത്താന്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വീട് കയറി പരിശോധന നടത്തി.
ഇതുവരെ പരിശോധനയില്‍ താലൂക്കില്‍ 52 അനര്‍ഹരെ കണ്ടെത്തി. കഴിഞ്ഞ ദിവസം വടക്കഞ്ചേരി ,മേലാര്‍കോട് ഗ്രാമ പഞ്ചായത്തുകളിലെ എണ്‍പതോളം വീടുകള്‍ പരിശോധിച്ചതില്‍ വടക്കഞ്ചേരിയില്‍ 15 ഉം മേലാര്‍കോട് 12 ഉം കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തി.
നേരത്തേ ആലത്തൂര്‍,കുത്തനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അമ്പതോളം വീടുകള്‍ പരിശോധിച്ചതില്‍ 25 പേരുടെ കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടുനില വീടും കാറും ഉള്ളവര്‍ വരെ ഇതില്‍ ഉള്‍പ്പെടും. ഇവരുടെ കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റി സീല്‍ ചെയ്തു. ജില്ല സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
ടിഎസ്ഒ സി.ജി.പ്രസന്നകുമാര്‍,റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജയന്,യൂസഫ് പനങ്ങാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: