തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റിന്റെ കൈവശമുള്ള 6,217 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സര്‍ക്കാര്‍ തുരങ്കം വച്ചു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഭൂ മാഫിയയ്ക്കുവേണ്ടി ഒത്തുകളിച്ചു.
ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ് യുകെ ലിമിറ്റഡ് എന്ന വിദേശ കമ്പനിയുടെ കൈയില്‍ നിന്ന് അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ ആര്‍ബിടി ഗ്രൂപ്പ് തങ്ങള്‍ക്കനുകൂലമായി ഹൈക്കോടതിയില്‍ നിന്നു സ്റ്റേ നേടി. ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ തോട്ട ഭൂമി കേസുകള്‍ക്കുവേണ്ടി നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ ഗവ. പ്ലീഡറോ റവന്യൂ വകുപ്പ് സ്പെഷ്യല്‍ പ്ലീഡറോ അറിഞ്ഞില്ല. കേസില്‍ സ്റ്റേ വന്നിട്ടു പോലും ഇവരെ അറിയിക്കാനോ, ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോയ സ്പെഷ്യല്‍ ഓഫീസിനെ അറിയിക്കാനോ സ്റ്റേറ്റ് അറ്റോര്‍ണി തയാറായില്ല.
തോട്ട ഭൂമി കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ പ്രേമചന്ദ്ര പ്രഭുവിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. മുന്‍ സ്പെഷ്യല്‍ പ്ലീഡര്‍ സുശീലഭട്ടിന്റെ കര്‍ശന നിലപാടുകളായിരുന്നു തോട്ടഭൂമി കേസുകളില്‍ ഭൂമാഫിയയ്ക്ക് തിരിച്ചടിയായത്. ഇടതു സര്‍ക്കാര്‍ വന്നയുടന്‍ ഇവരെ മാറ്റിയത് വിവാദമായിരുന്നു. തുടര്‍ന്ന് പല കേസുകളിലും തോട്ടമുടമകള്‍ക്ക് അനുകൂലമായി വിധിവന്നു. തുടര്‍ന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ തോട്ടഭൂമി കേസുകള്‍ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
എന്നാല്‍, രഞ്ജിത് തമ്പാന് മുന്‍പ് തോട്ടമുടമകള്‍ക്കുവേണ്ടി ഹാജരായിരുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹനെ തോട്ടഭൂമി കേസുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍, തോട്ടമുടമകള്‍ക്കുവേണ്ടി ഹാജരായിട്ടുണ്ടെന്ന് വിവരം പുറത്തുവന്നതോടെ കേസുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നു സോഹനും പിന്മാറി. എന്നാല്‍, കഴിഞ്ഞ ദിവസം ഇദ്ദേഹം വീണ്ടും തോട്ടഭൂമി കേസില്‍ ഹാജരായി.
അതേസമയം, സ്പെഷ്യല്‍ പ്ലീഡര്‍ പ്രേമചന്ദ്ര പ്രഭുവിനെയോ റവന്യൂ വകുപ്പ് സ്പെഷ്യല്‍ പ്ലീഡര്‍ മുഹമ്മദ് അന്സാറിനെയോ കേസ് വിവരങ്ങള്‍ അറിയിക്കാതിരുന്നതാണ് വിവാദമായത്.
കേസില്‍ സ്റ്റേ ഉണ്ടായിട്ടും ഇവര്‍ രണ്ടുപേരും ഇക്കാര്യങ്ങള്‍ അറിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇടുക്കി തഹസില്‍ദാരില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ ഓഫീസ് പോലും സ്റ്റേ വിവരം അറിയുന്നത്. എസ്റ്റേറ്റ് സ്വയം ഒഴിഞ്ഞുപോകേണ്ട കാലാവധി ഉടമകള്‍ക്ക് ഇന്നലെയായിരുന്നു. സ്വാഭാവികമായും സ്പെഷ്യല്‍ ഓഫീസ് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാനിരിക്കെയാണ് ആര്‍ബിറ്റി സ്റ്റേ നേടിയത്. ഈ വിവരമറിയാതെ നടപടിയുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ സ്പെഷ്യല്‍ ഓഫീസര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: