അദ്ധ്യാത്മരാമായണം വാല്മീകിരാമായണത്തെ അപേക്ഷിച്ച് ലഘുവും സുലളിതവും ഭക്തിപ്രധാനവുമാണ്. ഇവിടെ അയോദ്ധ്യാപതിയായ ദശരഥ പുത്രനായ രാമന് കേവലം രാജകുമാരന് മാത്രമല്ല, മറിച്ച് ധര്‍മ്മസംസ്ഥാപകനായ ഭഗവാന് വിഷ്ണുവിന്റെ കലാവൈശിഷ്ട്യങ്ങളോടുകൂടി ജനിച്ച തിരുവവതാരം കൂടിയാണ്. രാമാവതാരത്തിലും കൃഷ്ണാവതാരത്തിലും മാത്രമാണ് വിഷ്ണുവ്യൂഹങ്ങളോടുകൂടിയ ഭഗവാന്റെ പൂര്‍ണ്ണാവതാരം കാണാന്‍ സാധിക്കുന്നത്.
ഇവിടെ യഥാക്രമം ഭഗവാന് വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന് , അനിരുദ്ധന് എന്നീ ഭാവങ്ങളോടുകൂടി അവതരിക്കുന്നു. രാമാവതാരത്തില്‍ യഥാക്രമം വാസുദേവന്‍ രാമനായും സങ്കര്‍ഷണന്‍ ലക്ഷ്മണനായും പ്രദ്യുമ്നന് ഭരതനായും അനിരുദ്ധന് ശത്രുഘ്നനായും അവതരിച്ചു. കൃഷ്ണാവതാരത്തില്‍ ഇതേ വാസുദേവന്‍ തന്നെ കൃഷ്ണനെയും സങ്കര്‍ഷണന്‍ ബലഭദ്രനായും പ്രദ്യുമ്നാനിരുദ്ധന്മാര് അതേ പേരുകളോടുകൂടിത്തന്നെ കൃഷ്ണന്റെ പുത്രപൗത്രസ്ഥാനങ്ങളലങ്കരിക്കുന്നു എന്നത് ഗര്ഗ്ഗമഹാമുനിയാല് കൃതമായ ഗര്‍ഗ്ഗ സംഹിതയുടെ വെളിച്ചത്തില്‍ സ്പഷ്ടമാകുന്നതാണ്.
ആയിരത്താണ്ട് പഴക്കമുള്ള കൂരിരുട്ടിനോടും എപ്രകാരമാണോ ഒരു തീപ്പെട്ടിക്കൊള്ളിയുടെ പ്രകാശംകൊണ്ട് ഞൊടിയിടയില്‍ നിഷ്ക്രിയമാകുന്നത് അതുപോലെ അനാദിയാം അജ്ഞാനത്തില്‍ മഴുകിയിരിക്കുന്ന ജീവന്റെ ഭക്തിയോടുകൂടിയുള്ള അധ്യാത്മരാമായണത്തിന്റെ പാരായണമോ ശ്രവണമോ നിമിഷനേരംകൊണ്ടുള്ള ദുഃഖ നിവൃത്തിക്ക് കാരണമാകുന്നു. അധ്യാത്മ രാമായണം പരമരഹസ്യമായ ഒരു വിഷയമാണ്. ആദിയില്‍ ഭഗവാന് ശ്രീരാമന് താന്‍ ഭക്തനായ വിശ്വനാഥനായ ഭഗവാന് മഹേശ്വരനായിക്കൊണ്ട് രാമായണം കനിഞ്ഞരുളിച്ചെയ്തു.
കൈലാസത്തിലെ കോടി സൂര്യന്മാരുടെ തേജസ്സോടുകൂടിയ രത്നപീഠത്തിലിരിക്കുന്ന ജഗദ്ഗുരൂവായ നിന്തിരുവടിയുടെ നിത്യപൂജയ്ക്കുശേഷം പ്രാണപ്രേയസിയായ ഭഗവതി സ്വമേധയാ ശിഷ്യത്വം സ്വീകരിച്ച് ഗുരുവായ പതിയുടെ അടുക്കല്‍ തനിക്ക് രാമതത്വം കേള്‍ക്കണമെന്നുള്ള ആഗ്രഹം ഉണര്‍ത്തിക്കുന്നു. രാമതത്ത്വം കേള്‍ക്കണമെന്നുള്ള ഭഗവതിയുടെ തിരുവായ്മൊഴി കേട്ട് ദേവിയെ പ്രശംസിച്ച് മഹേശ്വരന് .രാമതത്വം കേള്ക്കണമെന്നാഗ്രഹമുണ്ടായത് മഹാഭാഗ്യം എന്നരുളിച്ചെയ്തു. ഇവിടെ മഹേശ്വരന് മഹേശ്വരിക്ക് ഉപദേശിച്ചുകൊടുത്തിട്ടുള്ളതാണെങ്കില് കൂടിയും ഈ ഉപദേശങ്ങള്‍ എല്ലാ ജീവജാലങ്ങളുടേയും നന്മയ്ക്കായിക്കൊണ്ട് പറഞ്ഞിട്ടുള്ളവയാണ്.
എന്നാല്‍ ആരാണോ നിത്യശുദ്ധബുദ്ധമുക്ത സ്വരൂപനായിരിക്കുന്ന ആ ഭഗവാനെ ശരണമടഞ്ഞ് ശ്രദ്ധാഭക്തിയോടുകൂടി ഇതിനെ അഭ്യസിക്കുന്നത് ആ വ്യക്തിക്കു മാത്രമേ രാമായണത്തിന്റെ (രാമന്റെ മാര്‍ഗ്ഗം) പ്രഭാവം അറിയാന്‍ സാധിക്കുകയുള്ളൂ. ഇതിന് മകുടോദാഹരണമാണ് ഭക്തോത്തമനായ ഹനുമാന് അതുകൊണ്ട് തനിക്ക് മംഗളത്തെ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ചെയ്യേണ്ടതെന്തെന്നാല് എത്രയും വേഗത്തില്‍ അജ്ഞാനമാകുന്ന നിദ്രയെ ഛേദിച്ചിട്ട് രാമായണ പാരായണം തന്റെ മുഖ്യകര്‍ത്തവ്യമായി തിരിച്ചറിഞ്ഞ് ശ്രദ്ധാഭക്തിയോടുകൂടി എല്ലായ്പ്പോഴും കേള്‍ക്കുകയും കേള്‍പ്പിക്കുകയും മനസ്സിലാക്കുക്കയും പഠിക്കുകയും പഠിപ്പിക്കുകയും അറിയുകയും അറിയിക്കുകയും ചെയ്യേണ്ടതാകുന്നു.
അദ്ധ്യാത്മരാമായണത്തെ ആറു കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഉമാമഹേശ്വരസംവാദം മുതല്‍ ‘ഭാര്ഗ്ഗവഗര്വുശമനം’ വരെയുള്ള ഭാഗം ‘ബാലകാണ്ഡ’വും ‘നാരദരാഘവസംവാദം’ മുതല്‍ ശബര്യാശ്രമ പ്രവേശം’ വരെയുള്ള ഭാഗം അയോദ്ധ്യാകാണ്ഡവും ‘മഹാരണ്യ പ്രവേശം’ മുതല്‍ ‘ശബര്യാശ്രമ പ്രവേശം’ വരെയുള്ള ഭാഗങ്ങള്‍ ആരണ്യകാണ്ഡവും ഹനുമത് സമാഗമം മുതല്‍ സമുദ്രലംഘന ചിന്ത വരെയുള്ള ഭാഗം ‘കിഷ്കിന്ധാ കാണ്ഡവും’ സമുദ്രലംഘനം മുതല്‍ ഹനുമാന് ശ്രീരാമസന്നിധിയിലെത്തുന്നതുവരെയുള്ള ഭാഗം ‘സുന്ദരകാണ്ഡവും’ ശ്രീരാമാദികളുടെ നിശ്ചയം മുതല്‍ക്ക് രാമായണത്തിന്റെ ഫലശ്രുതിവരെയുള്ള ഭാഗം യുദ്ധകാണ്ഡവുമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: