തിരുവനന്തപുരം: കേരളത്തില്‍ തുടരുന്ന പട്ടികജാതി പീഡനങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് പരിശോധിക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന് സപ്തംബര്‍ രണ്ടാമത്തെ ആഴ്ച തിരുവനന്തപുരത്ത് പ്രത്യേക സിറ്റിങ് വിളിച്ചു ചേര്‍ക്കുമെന്ന് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് അഡ്വ.എല്‍. മുരുഗന്.
സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. പീഡനത്തിനിരയായ പട്ടികജാതിക്കാര്‍ക്ക് എത്ര രൂപ നഷ്ടപരിഹാരം നല്കി, കേന്ദ്ര ഫണ്ട് എത്രവരെ ഇതിനായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ദളിത് സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നത് കേരളത്തിലാണ്. 2016 ജൂണിനും 2017 ഏപ്രിലിനും ഇടയ്ക്ക് കേരളത്തില്‍ 12 ദളിതര്‍ കൊല്ലപ്പെട്ടു, 155 ദളിത് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി, 685 മറ്റു കേസുകള്‍ എന്നിങ്ങനെ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു. ആയിരത്തോളം കേസുകളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ദളിതര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാട്ടാക്കടയില്‍ സിപിഎമ്മുകാരാല്‍ കുടിയിറക്കപ്പെട്ട കുമാരിക്ക്, പട്ടികജാതി-വര്‍ഗ വിഭാഗത്തിന് ഭൂമിയും വീടും നല്കുന്ന വകുപ്പില്‍ പെടുത്തി എത്രയും വേഗം ഭൂമിയും വീടും നല്‍കണം. തൃശൂരില്‍ പോലീസ് പീഡനത്തിനിരയായി മരിച്ച വിനായകന്റെ വീട് ഇന്ന് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: