പള്ളുരുത്തി: ഒന്നര വയസ്സുകാരിയെ പൊള്ളലേല്പ്പിച്ചശേഷം അമ്മയും കാമുകനും കടന്നുകളഞ്ഞു. ഇടക്കൊച്ചി സ്വദേശി സൈറ ബാനു (23), കാമുകന് കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ജുനൈദ് (27)
എന്നിവരെയാണ് പള്ളുരുത്തി പോലീസ് തിരയുന്നത്. വിവാഹിതയും ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയുമായ സൈറാ ബാനു രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് കോഴിക്കോട് സ്വദേശി ജുനൈദുമായി ഫേസ് ബുക്കിലൂടെ പ്രണയത്തിലായത്. പിന്നീട് ജുവൈദിനൊപ്പം ഇറങ്ങിപ്പോയ സൈറബാനു കുഞ്ഞിനേയും ഒപ്പം കൂട്ടിയിരുന്നു. ഭാര്യയെയും കുട്ടിയേയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പള്ളുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ കോഴിക്കോടു നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം കാമുകനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു. ഇതിനിടയില്‍ സൈറാ ബാനു തിരിച്ചു പോകുന്നതിനിടയില്‍ കുട്ടിയെ ഇവരുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് വിവിധയിടങ്ങളില്‍ പൊള്ളലും മുറിവും കണ്ട ആദ്യ ഭര്‍ത്താവിന്റെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി ദേഹത്തുണ്ടായ മുറിവ് ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് പോലീസ് കേസ്സെടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബേപ്പൂര്‍ പോലീസിന് കേസ് കൈമാറിയതായി പള്ളുരുത്തി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: