കൊച്ചി: കൊച്ചി മെട്രോയ്ക്കു വേണ്ടി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. ഭൂമി ഏറ്റെടുക്കല്‍ ചട്ട പ്രകാരം വില്പന കരാര്‍, ധാരണാ പത്രം എന്നിവയിലൂടെ നഷ്ടപരിഹാരം തീരുമാനിച്ച് നടപ്പാക്കിയെന്നത് 2013ലെ നിയമം നടപ്പാക്കാന്‍ തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമം നിലവില്‍ വന്ന ശേഷം മെട്രോയ്ക്ക് സ്ഥലം നല്കിയ ബഷീര്‍, ഷാനവാസ് എന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 1894ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടമനുസരിച്ചാണ് നഷ്ടപരിഹാരം കിട്ടിയതെന്നും 2013 ലെ കേന്ദ്ര നിയമ പ്രകാരം നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേന്ദ്ര നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ചട്ടമുണ്ടാക്കാന്‍ വൈകി. ഇതിനിടെ കൊച്ചി മെട്രോയ്ക്ക് വേണ്ടി കൂടിയാലോചനകളിലൂടെയും ധാരണാപത്രത്തിലൂടെയും ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചു. മെട്രോ നിര്‍മ്മാണം തടസപ്പെടാതിരിക്കാന്‍ ഭൂമി എത്രയും വേഗം ഏറ്റെടുക്കാന്‍ ജില്ലാ തല പര്‍ച്ചേസ് കമ്മിറ്റി സ്ഥലമുടമകളുമായി ചര്‍ച്ച നടത്തി വില നിശ്ചയിക്കാന്‍ തീരുമാനിച്ചു. പിന്നീട് സംസ്ഥാന പര്‍ച്ചേസ് കമ്മിറ്റിയുടെ അനുമതിയോടെ കരാറില്‍ ഏര്‍പ്പെടാനും അര്‍ഹരായവര്‍ക്ക് 2013ലെ നിയമ പ്രകാരം ബാക്കി നഷ്ടപരിഹാരം പിന്നീട് നല്‍കാനുമാണ് തീരുമാനിച്ചത്. എന്നാല്‍ 2013 നിയമ പ്രകാരം നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
സ്ഥലത്തു നിന്ന് ഒഴിഞ്ഞുപോകുന്നതു മൂലമുള്ള കഷ്ട നഷ്ടങ്ങള്‍ക്കു കൂടി തൃപ്തികരമായ നഷ്ട പരിഹാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 2013 ല്‍ ഭൂമി ഏറ്റെടുക്കല്‍ – പുനരധിവാസ നിയമം കൊണ്ടുവന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: