വടകര: മാഹി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ കൊലപാതകമെന്ന് സൂചന. ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് ഏകദേശം 55 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ പുഴുവരിച്ച മൃതദേഹം കാണപ്പെട്ടത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. മാഹിപള്ളിയ്ക്ക് സമീപം ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന ഒരു കൈ നഷ്ട്ടപ്പെട്ടയാളാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ പേരും, ഊരും ആര്‍ക്കും അറിയില്ല. മൃതദേഹം തിരിച്ചറിയാന്‍ ആരും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് മനസ്സിലായത്.
ഇയാളുടെ മലദ്വാരം മുതല്‍ തോളെല്ല് വരെയുള്ള ഭാഗത്ത് ഒരു മരക്കഷ്ണം കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ ചോമ്പാല പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര സിഐ ടി. മധുസൂദനന് നായര്‍ക്കാണ് കേസ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: