കുറ്റിയാടി: മൊകേരിയിലെ വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ ദുരൂഹമരണം കൊലപാതകമെന്ന് ആരോപണം. അയല്‍വാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീധരന്റെ ഭാര്യയെയും ഭാര്യ മാതാവിനെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് വേണ്ടിയുള്ള അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കി. ഇയാള്‍ കേരളം വിട്ടുപോയിട്ടില്ലെന്നാണ് പൊലിസ് നല്കുന്ന സൂചന. കഴിഞ്ഞ ജുലൈ എട്ടിനാണ് ശ്രീധരന് മരണപ്പെട്ടത്.
ഹൃദയസതംഭനമാണ് മരണകാരണമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ പൊലിസ് നടത്തിയ അന്വഷണത്തില്‍ മരണത്തില്‍ ദുരൂഹത ബോധ്യപ്പെടുകയും ഭാര്യയേയും ഭാര്യമാതാവിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളി ഇവരുടെ സഹായത്തോടെ ശ്രീധരന്റെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകായായിരുന്നു വെന്ന് പൊലിസിനോട് സമ്മതിച്ചതായാണ് സൂചന. അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ കെട്ടിടനിര്‍മ്മാണ തൊഴിലാളി വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയുമായിരുന്നു.
ഇതിനിടയില്‍ ഭാര്യയുമായി ഉണ്ടായ അവിഹിത ബന്ധം ശ്രീധരന് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി വിശദമായ പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും വീട്ടുകാര്‍ അതിനും തയ്യാറായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംസ്കരിക്കുന്നതിന് മുമ്പ് മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകള്‍ കണ്ടചിലരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവത്രെ. പിതാവും മാതാവും നേരത്തെ മരിച്ച ശ്രീധരന് സഹോദരങ്ങളുമില്ല. അകന്ന ബന്ധുക്കളാവട്ടെ ദൂരസ്ഥലങ്ങളിലുമാണ് താമസം. ശ്രീധരന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: