അടിമാലി: ശ്രീറാം വെങ്കിട്ടരാമന് സ്ഥലം മാറിപ്പോയതോടെ മൂന്നാറില്‍ വീണ്ടും കൈയേറ്റക്കാര്‍ തലപൊക്കുന്നു. രണ്ടാംമൈല്‍ ആനച്ചാല്‍ റോഡിന്റെ പുറമ്പോക്ക് ഭൂമി കൈയ്യേറി ഷെഡ് നിര്‍മ്മിച്ചതാണ് പുതിയ കൈയേറ്റം. ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി വിസ്റ്റ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള വളവിലാണ് തകരഷീറ്റ് ഉപയോഗിച്ച് റിസോര്‍ട്ട് മാഫിയ ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്.
കൈയേറ്റഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം ഷെഡുകള്‍ കാലക്രമേണ കൂറ്റന്‍ റിസോര്‍ട്ടുകളായി മാറുകയാണ് പതിവ്. മൂന്നാര്‍ പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്ത് മൂന്നാറിന്റെ സമീപ പ്രദേശങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏതാനും ഷെഡുകള്‍ റവന്യൂസംഘം പൊളിച്ചുമാറ്റിയിരുന്നു.
ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതോടുകൂടിയാണ് കൈയ്യേറ്റക്കാര്‍ക്കെതിരായ നടപടി നിലച്ചത്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ട വില്ലേജ് അധികൃതരും ദേവികുളം തഹസീല്‍ദാരും കൈയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
ചിത്തിരപുരത്തെ അനധികൃത ഷെഡ് നിര്‍മ്മാണം ശ്രദ്ധയില്‍പെട്ടിട്ടും അധികാരികളുടെ ഭാഗത്തുനിന്നും തുടര്‍നടപടി ഉണ്ടാകാത്തത് ഇതിന്റെ ഭാഗമാണെന്ന ആരോപണവുമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: