കുണ്ടറ: ഇരുപത് വര്‍ഷമായി പൂട്ടിക്കിടന്ന കുണ്ടറ അലിന് ഡ് തുറക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മയും എ.സി, മൊയ്തീനും എം.എം. മണിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാന വൈദ്യുതിബോര്‍ഡില്‍ നിന്നും ഓര്‍ഡറുകള്‍ ലഭ്യമാക്കുക, ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വൈദ്യുതി നല്‍കുക, ഫാക്ടറി ലൈസന്‍സ് പുതുക്കി നല്‍കുക, പാട്ടക്കരാറിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കിനല്‍കുക, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സുകള്‍ പുതുക്കിനല്‍കുക എന്നീ വ്യവസ്ഥകളാണ് ഫാക്ടറി നടത്തിയിരുന്ന സോമാനി ഗ്രൂപ്പ് പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നത്.
കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കി വൈദ്യുതി ലഭ്യമാക്കുന്നതിനും വ്യവസായ വകുപ്പില്‍ നിന്നുള്ള ലൈസന്‍സുകള്‍ നിലവിലുള്ള നിബന്ധനകള്‍ പ്രകാരം തന്നെ പുതുക്കി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
കെട്ടിടനികുതി കുടിശ്ശിക തദ്ദേശഭരണസ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിന് നടപടികള്‍ ഉണ്ടാകും. തദ്ദേശഭരണസ്ഥാപനത്തില്നിന്ന് ലഭിക്കേണ്ട ലൈസന്‍സുകള്‍ കാലതാമസമില്ലാതെ നേടുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. നിയമാനുസൃത ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിച്ച് വൈദ്യുതി ബോര്‍ഡിന് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള തടസങ്ങള്‍ ഇല്ലാതാക്കുന്നതിനും യോഗം തീരുമാനിച്ചു.
കെ.രാമചന്ദ്രന്‍നായര്‍ എംഎല്‍എ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സോമാനി ഗ്രൂപ്പ് പ്രതിനിധികള്‍, വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
1950ല്‍ ആലുവയിലെ ശേഷസായിഗ്രൂപ്പാണ് രണ്ട് പ്ലാന്റുകളായി അലിന്‍ഡ് സ്റ്റീല്‍വെയര്‍ പ്ലാന്റ് എന്ന പേരില്‍ ഫാക്ടറി തുടങ്ങിയത്. കാഞ്ഞിരകോട് തുടങ്ങിയ പ്ലാന്റില്‍ തുടക്കത്തില്‍ 2000 തൊഴിലാളികളുണ്ടായിരുന്നു. 1980ല്‍ പ്രവര്‍ത്തനം നിലച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍സോര്‍ഷ്യമായ ബിഎഫ്ആര്‍ ഇത് ഏറ്റെടുത്ത് സോമാനി ഗ്രൂപ്പിനെ നടത്തിപ്പ് ഏല്‍പ്പിച്ചു. 1989 മുതല്‍ 1994 വരെ പ്രവര്‍ത്തിച്ച സോമാനി ഗ്രൂപ്പ് പിന്നീട് ഇത് ഉപേക്ഷിച്ചു. പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ 500 ജീവനക്കാരാണുണ്ടായിരുന്നത്. 80 തൊഴിലാളികള്‍ ഇപ്പോള്‍ നിലവിലുണ്ട്.
കുണ്ടറയിലെ രണ്ടാമത്തെ യൂണിറ്റായ സ്റ്റീല്‍വെയര്‍ പ്ലാന്റ് സ്റ്റീല്‍ കണ്ടക്ടറുകളും നിര്‍മ്മിച്ചിരുന്നു. 19 വര്‍ഷമായി ഇതും പൂട്ടിക്കിടക്കുകയാണ്. 99 വര്‍ഷ പാട്ടക്കരാറിലാണ് സംസ്ഥാന സര്‍ക്കാര്‍ ശേഷസായി ഗ്രൂപ്പിന് അലിന്‍ഡിന്റെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് വസ്തു പാട്ടത്തിന് നല്‍കിയത്. കമ്പനിയുടെ അവശസമയത്ത് പാട്ടത്തുക അടയ്ക്കാതിരിക്കുകയും കരാര്‍ അസാധുവാക്കുകയുമായിരുന്നു. ബാങ്ക് ബാധ്യതകളും തൊഴിലാളികളുടെ അവകാശങ്ങളും നല്കിയതിനുശേഷം പാട്ടക്കരാര്‍ പുതുക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: