മലപ്പുറം: പകര്‍ച്ചപ്പനിക്ക് അറുതിയില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനി മരണം തുടര്‍ക്കഥയാകുന്നു. പനി നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.
പക്ഷേ മുമ്പത്തേക്കാളും ശക്തമായാണ് പനി പടരുന്നത്. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞു. പെട്ടെന്നുണ്ടായ മഴയുടെ പിന്മാറ്റം കൊതുകളുടെ വര്‍ധനവിന് കാരണമായിട്ടുണ്ട്.
കൊതുകിന്റെ സാന്ദ്രത അന്‍പത് കടന്നിരിക്കുകയാണ്. ബ്രിട്ടോ ഇന്‍ഡക്സ് പ്രകാരമാണ് കൊതുകിന്റെ സാന്ദ്രത അളക്കുന്നത്.
വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ജില്ലയിലെ 232 പ്രദേശങ്ങളിലാണ് സാന്ദ്രത അളന്നത്. ടൗണ്‍ പ്രദേശങ്ങളിലാണ് തോത് കുത്തനെ കൂടിയത്.
കൊതുകുജന്യ പനി ജില്ലയില്‍ പടരുന്നതിനിടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിവരം. അതേസമയം, മിക്ക തദ്ദേശസ്ഥാപനങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്നും വെക്ടര്‍ കണ്ട്രോള് വിഭാഗം മേധാവി പറഞ്ഞു.
ജില്ലയില്‍ കൊതുകുസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്ന് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി മേഖലയാണ്. ബ്രിട്ടോ ഇന്‍ഡെക്സ് അനുസരിച്ച് ഇവിടെ തോത് 90ന് മുകളില്‍ കടന്നതായാണ് കണക്ക്.
ചുങ്കത്തറ മേഖലയില്‍ 66, മലപ്പുറം ചെമ്മങ്കടവില്‍ 26, ഇരുമ്പൂഴി 57, ആലത്തൂര്‍പടി 41, കൊണ്ടോട്ടി 43, നിലമ്പൂര്‍ 30 എന്നിങ്ങനെയാണ് കൊതുകുസാന്ദ്രതയുടെ തോത്. അങ്ങാടിപ്പുറം, തിരൂര്‍ ഭാഗങ്ങളില്‍ 20ന് മുകളിലാണ് തോത്. മറ്റ് പ്രദേശങ്ങളില്‍ താരതമ്യേന 20ന് താഴെയാണ് കൊതുകുസാന്ദ്രത.
ഓരോ സ്ഥലത്തും കൊതുകിന്റെ സാന്ദ്രത കണ്ടെത്തിയുള്ള പഠനമാണ് ബ്രിട്ടോ ഇന്‍ഡെക്സ്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയത്. വീടുകളില്‍ കൂത്താടിയുടെ സാമീപ്യം കണ്ടെത്തിയ മൊത്തം എണ്ണത്തെ മേഖലയില്‍ പരിശോധന നടത്തിയ മുഴുവന്‍ വീടുകളുടെ എണ്ണംകൊണ്ട് ഭാഗിച്ചുകിട്ടുന്ന സംഖ്യയെ നൂറുകൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്നതാണ് ആ പ്രദേശത്തെ തോത്.
10 വരെയെങ്കില്‍ അപകട രഹിതമായ പച്ചസോണും 13 വരെ മഞ്ഞയുമാണ്. അതുകഴിഞ്ഞാല്പിന്നെ ചുവപ്പ്. തോത് 50 കടന്നാല്‍ ചുവപ്പിന്റെ കാഠിന്യം കൂടും. ഈവര്‍ഷം ജനുവരി മുതല്‍ ജൂലൈ 27 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കി ഉള്‍പ്പെടെ പനി ബാധിച്ച് 34 പേര് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: