ബത്തേരി : കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയത് മുഴുവന്‍ തെറ്റായ രേഖകളാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനും മുന്‍ കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രിയുമായ പി.സി. തോമസ് പറഞ്ഞു. വന്യമൃഗശല്യത്തിനെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് നടത്തിയ കുടില്‍ കെട്ടല്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരത്തിനാല്‍ കുടുംബത്തെ നശിപ്പിക്കാന്‍ തയാറാക്കിയ തെറ്റായ രേഖകള്‍ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ഹാജരാക്കിയത്.
2009 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വനം വകുപ്പ് ചെയ്തത് തെറ്റാണെന്ന് മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പറയുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സ്ഥലം വിട്ടുകൊടുക്കണമെന്ന് പറയുന്ന ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല. കഴിഞ്ഞ നവംബറില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയില്ല.
കേസിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കുകയാണ്. സ്ഥലം നിക്ഷിപ്ത വനമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നിക്ഷിപ്ത വനമല്ലെന്ന് തെളിയിക്കാനാവശ്യമായ എല്ലാ തെളിവുകളും ഹാജരാക്കി കഴിഞ്ഞു. ഇക്കാര്യം സര്‍ക്കാറിന് ബോധ്യപ്പെട്ടതുമാണ്. ഇനി വേണമെങ്കില്‍ കോടതി വിധി വരുന്നതിന് മുമ്പേ സ്ഥലം സര്ക്കാരിന്വിട്ടു നല്കാന് സാധിക്കും. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുമെന്നുറപ്പാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം ബുധനാഴ്ച്ച വരെ സമയം നല്‍കിയിരിക്കുകയാണ്. ഇനിയും സമയം നീട്ടാനാണ് സര്‍ക്കാറിന്റെ ഭാവമെങ്കില്‍ ശക്തമായ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: