കല്ലൂര്‍ : ജില്ലയിലെ ഇടതുപക്ഷ എംഎല്‍എമാര്‍ പരാജയമാണെന്ന സത്യം മൂടിവെക്കാന്‍ സിപിഎം വ്യാപക അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. നൂല്‍പ്പുഴ തേക്കുംപറ്റ കോളനിയില്‍ സിപിഎം മയക്കുമരുന്ന് മാഫിയയുടെ തേര്‍വാഴ്ച്ചയില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ചത്തീസ്ഗഢില്‍നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുകള്‍ കോളനിക്കാര്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത് തടയാന്‍ ശ്രമിച്ചതിനെതുടര്ന്നായിരുന്നു സംഘര്‍ഷം. ഗൃഹനാഥനേയും ഭാര്യയേയും പെണ്മക്കളേയും മയക്കുമരുന്ന് മാഫിയ വീട്കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കോളനി നിവാസിയായ ഇഞ്ചപ്പിളളില്‍ വിജയന്(65), ഭാര്യ ശ്രീജ(52), ഇവരുടെ രണ്ട് മക്കള്‍, അയല്‍വാസിയായ വീട്ടമ്മ രമ(45) എന്നിവര്‍ പരിക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു ആക്രമണം. അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പരാതിക്കാരെ കായികമായി വകവരുത്തുമെന്ന് ഇവര്‍ ഭീക്ഷണിപ്പെടുത്തുകയാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും സമാധാനത്തോടെ അന്തിയുറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഇവിടെയുളളത്.
ബത്തേരി ഡോണ്‍ബോസ്കോ കോളേജ് അടിച്ചുതകര്‍ത്തതും സിപിഎം തിരക്കഥയുടെ ഭാഗമായിരുന്നു. പ്രതികളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതും ക്യാമറ തകര്‍ത്തതും എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു. കാഞ്ഞിരത്തിനാല്‍ ജെയിംസിനുവേണ്ടി പി.സി.തോമസ് ഹൈക്കോടതിയില്‍ ഹാജരായതാണ് ഇവരെ ചൊടിപ്പിച്ചത്. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രോശമുണ്ടായി.
ജില്ലയുടെ പലഭാഗത്തും ഭരണത്തണലില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. പാര്‍ട്ടിപത്രം ഇതിന് ചൂട്ടുപിടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: