ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പരിപാടിയ്‌ക്ക് പോകുന്നവര്‍ മൂക്ക് പൊത്താനുള്ള തൂവാല കൈയില്‍ കരുതണം. അത്രയ്‌ക്ക് ദുര്‍ഗന്ധമാണവിടെയെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഹരിതകേരളം സമഗ്ര ശുചിത്വ പദ്ധതിയുടെ യോഗത്തിന് എത്തിയ അധികാരികള്‍ക്കും ബോധ്യമായി.
യോഗത്തില്‍ എല്ലാവരും മൂക്കുപൊത്തിയാണ് ഇരുന്നിരുന്നത്. സമീപത്തായുള്ള ഈവനിംങ്ങ് മത്സ്യമാര്‍ക്കറ്റിലെ മലിനജലം സംഭരിക്കുന്നത് ഹാളിന്റെ തെട്ടടുത്താണ്. കൂടാതെ അവിടെ നിന്നുള്ള അഴുക്ക് ചാല്‍ പോകുന്നത് ഹാളിന് മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള രാജീവ്ഗാന്ധിയുടെ പ്രതിമയുടെ അരികിലൂടെയും.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഈവനിംങ്ങ് മാര്‍ക്കറ്റില്‍ പകല്‍ സമയങ്ങളില്‍ മദ്യപാനികളുടെയും സമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരുടെയും ഇടതാവളമായി മാറി കഴിഞ്ഞു. മാര്‍ക്കറ്റില്‍ മാലിന്യ സംസ്‌ക്കരണത്തിനായി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിയ്‌ക്കും എന്ന് പറഞ്ഞ് തുടങ്ങിയിട്ട് നാളെറേയായി.
ഹാളിന്റെ അശാസ്ത്രിയമായ നിര്‍മ്മാണം മൂലം ശബ്ദസംവിധാനം തകരാറിലാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുകയാണ്.
















