മുപ്ലിയം : ഇഞ്ചക്കുണ്ട് സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നിയമനത്തെ ചൊല്ലി സി.പി.എമ്മില്‍ വിഭാഗീയത. ലോക്കല്‍ കമ്മിറ്റി നിയമനത്തിനായി നിര്‍ദേശിച്ച അംഗങ്ങളെ ബാങ്കിലെ സിപിഎം മെമ്പര്‍മാര്‍ പരസ്യമായി എതിര്‍ത്തു.
കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിന്റെ പിന്തുണയോടെ എല്‍.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്. സിപിഎമ്മിന് എട്ടും, കേരള കോണ്‍ഗ്രസ്സിന് നാലും, സിപിഐക്ക് ഒരു മെമ്പറുമാണ് ഉള്ളത്. സിപിഎം നേതൃത്വം നല്‍കുന്ന ഭരണ സമിതിയുള്ള ബാങ്കില്‍ നാല് നിയമനങ്ങളുടെ ഒഴിവ് വന്നതോടെയാണ് വിഭാഗീയത ഉടലെടുത്തത്.
നിലവിലുള്ള നാല് ഒഴിവുകളിലേക്ക് ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡാണ് നിയമനം നടത്തുന്നത്. ധാരണ പ്രകാരം ബാങ്കിലെ ഒഴിവുകളില്‍ മൂന്നെണ്ണം സിപിഎമ്മിനും ഒരെണ്ണം കേരള കോണ്‍ഗ്രസ്സിനും വിഭജിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നല്‍കിയ നിയമനത്തിനായുള്ളവരുടെ പേരുകള്‍ ഭരണ സമിതിയിലെ അഞ്ച് സിപിഎം അംഗങ്ങള്‍ പരസ്യമായി എതിര്‍ക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് വോട്ടിംഗ് നടത്തുകയായിരുന്നു.
വോട്ടിംഗില്‍ എതിര്‍ത്ത അഞ്ച് സിപിഎം അംഗങ്ങള്‍ വിട്ടുനിന്നത് വിഭാഗീയത രൂക്ഷമാക്കി. എന്നാല്‍ കേരള കോണ്‍ഗ്രസ്സിന്റെയും സിപിഐയുടെയും മറ്റ് സിപിഎം അംഗങ്ങളുടെയും പിന്തുണയോടെ നിയമനം പാസാക്കിയെടുക്കുകയായിരുന്നു.
ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഭരണ സമിതിയിലെ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു.
എന്നാല്‍ പാര്‍ട്ടിയെ എതിര്‍ത്ത അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.
















