കോഴഞ്ചേരി: ഓടകളുടെ പണി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കിയ യുവാവിനെ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാക്കന്മാരും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചതായി പരാതി. വല്ലന ചരുവില്‍ രാജേഷിനെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് ആറന്മുള പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റു ചെയ്തത്. വല്ലനയിലെ ഓടകളുടെ പണി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് രാജേഷ് ഗ്രാമപഞ്ചായത്തിന് കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ഇതിന്റെ അനന്തര നടപടി അന്വേഷിക്കുവാനെത്തിയ ഇയാളെ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു. പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്തു പടിക്കല്‍ കുത്തിയിരുപ്പ് നടത്തിയതിന്റെ പേരില്‍ അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ബലത്തില്‍ പഞ്ചായത്ത് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന പേരില്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് രാജേഷ് പറയുന്നത്. വല്ലന ജംഗ്ഷന് സമീപം റോഡു സൈഡിലെ ഓടകളുടെ പണി ആരംഭിച്ച് ഇടക്ക് നിര്‍ത്തിവെച്ചിരുന്നു. ഇവിടെ മലിന ജലം കെട്ടിനിന്ന് പകര്‍ച്ചവ്യാധികള്‍ പെരുകുന്നതായുള്ള പരാതിയും ജനങ്ങളുടെയിടയില്നിന്നും മുമ്പ് ഉയര്‍ന്നിരുന്നു. താന്‍ നല്കിയ പരാതിയുടെ നടപടി അന്വേഷിക്കാനെത്തിയ രാജേഷിനെ പാര്‍ട്ടിയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും വൈരാഗ്യം തീര്‍ക്കാനാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുപ്പിച്ചതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: