പാപങ്ങള്‍ കടലില്‍ അലിയിക്കാനും പുണ്യങ്ങള്‍ നേടിയെടുക്കാനും പാകപ്പെട്ടതീരം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സഞ്ചാരികളുടെ പറുദീസ….വര്‍ക്കല പാപനാശം തീരം. അവിടെ ഒരു ചികിത്സാലയമുണ്ട്. മരുന്നുകളില്ല. കുത്തിവയ്പും ശസ്ത്രക്രിയയും ഒന്നും ഇല്ല. മണ്ണും ജലവും സൂര്യ പ്രകാശവുമാണ് മരുന്നും ശസ്ത്രക്രിയയുമെല്ലാം. ഏത് തീരാ വേദനയും ഇവിടത്തെ ചികിത്സയ്ക്ക് മുന്നില്‍ മുട്ടുമടക്കും. ശരീരത്തെകൊണ്ടുതന്നെ രോഗത്തെ നശിപ്പിക്കുന്ന പ്രകൃതി ചികിത്സാലയം നാല്പതാം വയസ്സിലേക്ക് കടക്കുകയാണ്. വര്‍ക്കല പാപനാശകുന്നിനുമുകളില്‍ കടല്‍ക്കാറ്റേറ്റ് പ്രകൃതിയോട് ലയിച്ചൊരു ആതുരാലയം. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഏക പ്രകൃതി ചികിത്സാ ആശുപത്രിയാണ് ഗവണ്മെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രി. ആയിരക്കണക്കിന് രോഗികളാണ് ഈ പ്രകൃതിചികിത്സാ കേന്ദ്രത്തിലൂടെ ജീവിതത്തെ പച്ചപിടിപ്പിച്ചത്. പ്രകൃതി ചികിത്സയുടെ മുപ്പത്തിയൊമ്പത് വര്‍ഷത്തെ വിജയഗാഥ.
മരുന്ന് ശരീരത്തില്‍ തന്നെയുണ്ട്
പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്നപ്പോള്‍ നമ്മുടെ ശരീരത്തില്‍ എല്ലാ രോഗങ്ങളെയും നശിപ്പിക്കാനുള്ള പ്രതിരോധ ശേഷിയുണ്ടായിരുന്നു. മനുഷ്യന് പ്രകൃതിയില്‍ നിന്ന് അകന്നപ്പോള്‍ പ്രതിരോധ ശേഷിയും അകന്നു. ആ പ്രതിരോധ ശേഷി ശരീരത്തിന് തിരികെ നല്‍കുകയാണ് പ്രകൃതി ചികിത്സചെയ്യുന്നത്. ‘ജീവല്‍ശക്തി’ എന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ സമ്പ്രദായമാണ് പ്രകൃതിചികിത്സ. ശരീരം ഒറ്റ ഘടകമായികണക്കാക്കിയുള്ള ചികിത്സയില്‍ എല്ലാ അസുഖവും ശരീരത്തെ പൂര്‍ണ്ണമായാണ് ബാധിക്കുന്നത്. അനാരോഗ്യകരമായ അന്തരീക്ഷത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് അസുഖം. കൂടാതെ എല്ലാ രോഗത്തിനും മരുന്ന് ശരീരത്തില്‍ തന്നെ ഉണ്ടെന്ന് ഈ ചിക്തസാരീതി പറയുന്നു. പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങളെ പോലെ ശസ്ത്രക്രിയയോ ഔഷധങ്ങളോ ഈ ചികിത്സയ്ക്ക് ഉപയോഗിക്കുന്നില്ല. മണ്ണും ജലവും സൂര്യപ്രകാശവും ഉപയോഗിച്ച് ആഹാരത്തിലെ ക്രമീകരണത്തിലൂടെ ശരീരത്തെ ആരോഗ്യകരമായ അന്തരീക്ഷത്തിലേക്കെത്തിക്കുകയാണ് പ്രകൃതി ചികിത്സ ചെയ്യുന്നത്.
പനി മുതല്‍ അര്‍ബുദത്തിന് വരെ ചികിത്സ
സാധാരണ പനിക്കുമുതല്‍ മാരകമായ അര്‍ബുദ രോഗങ്ങളുടെ ആരംഭഘട്ടത്തിലെ അവസ്ഥയ്ക്ക് വരെ വര്‍ക്കലയിലെ ഈ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ അറുതിവരും. ജീവിത ശൈലീ രോഗങ്ങള്‍, ചെന്നിക്കുത്ത്, തലവേദന, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അമിതവണ്ണം, സന്ധി വേദന, നടുവേദന, ത്വക്ക് രോഗങ്ങള്‍, ഹോര്‍മോണിലെ വ്യതിയാനങ്ങല്‍, ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍, ശ്വാസംമുട്ടല്‍, അലര്‍ജി, ദഹന സംബന്ധമായ അസുഖങ്ങള്‍, പൈല്‍സ്, ഗ്യാസ്ട്രബിള്‍, പിരിമുറുക്കം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍, ഹൃദയ ധമനികളിലെ തടസ്സങ്ങള്‍, ഗര്‍ഭാശയത്തിലെ അര്‍ബുദങ്ങള്‍ തുടങ്ങിയവയക്കെല്ലാം ഇവിടെ ചികിത്സയുണ്ട്. നിലവില്‍ ചികിത്സ തേടുന്നവരുടെ മരുന്ന് അല്പാല്പമായി ക്രമീകരിച്ചാണ് ചികിത്സ നടത്തുന്നത്.
ഉപവാസം മുതല്‍ യോഗവരെ
പ്രതികൂലമായ സാഹചര്യത്തിലൂടെ ശരീരത്തിനുണ്ടാകുന്ന രോഗത്തെ അനുകൂല ഘടകങ്ങള്‍ സൃഷ്ടിച്ച് മാറ്റാം. ശരീരത്തെയും അതിന്റെ പ്രത്യേകതകളേയും അറിയുകയും അതിനനുസരിച്ച് ഭക്ഷണങ്ങളും ശീലങ്ങളും ക്രമീകരിക്കയും ചെയ്താല്‍ ആരോഗ്യം തിരികെ ലഭിക്കുമെന്ന് പ്രകൃതിചികിത്സ പറയുന്നു. ഉപവാസം, ജലചികിത്സ, സൂര്യപ്രകാശ ചികിത്സ, മണ്ണുകൊണ്ടുള്ള ചികിത്സ, വ്യായാമം, യോഗ, മെഡിറ്റേഷന്‍, മസ്സാജിങ്, പ്രകൃതി ദത്തമായ ഭക്ഷണം എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് ശരീരത്തിന്റെ സ്വയം ശുദ്ധീകരണ ശക്തിയെ തിരികെ എത്തിക്കുന്നത്.
ഉപവാസമെന്ന ആയുധം
പ്രകൃതി ചികിത്സയുടെ ഏറ്റവും വലിയ പ്രചാരകനായിരുന്നു നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ സമരായുധമായിരുന്ന ഉപവാസം തന്നെയാണ് പ്രകൃതിചികിത്സയുടെ പ്രധാന ചികിത്സാരീതിയും. ചികിത്സയ്ക്കെത്തുന്ന രോഗിയുടെ ശരീര പ്രകൃതി അനുസരിച്ച് ഉപവാസത്തിന്റെ അളവ് ക്രമീകരിക്കും. ചിലപ്പോള്‍ ഒരാഴ്ച വരെ ഉപ്പുവെള്ളം കുടിച്ച് ഉപവസിക്കേണ്ടിവരും. ചിലര്‍ക്ക് ഉപവാസത്തോടൊപ്പം ഒരു നേരം പച്ചക്കറിജ്യൂസ് നല്‍കും. ചിലര്‍ക്ക് വെള്ളരിക്കയും കാരറ്റും തക്കാളിയുമൊക്കെ അടങ്ങിയ സലാഡ് നല്കുമ്പോള് ചിലര്‍ക്കാകട്ടെ അവിയല്‍ മാത്രം കഴിക്കേണ്ടി വരും. ശരീരം ശുദ്ധമായി തുടങ്ങുമ്പോള്‍ത്തന്നെ അസുഖത്തിന്റെ കാഠിന്യം കുറയുന്നതായി രോഗിക്ക് ബോധ്യപ്പെട്ട് തുടങ്ങും.
പഥ്യം കടുത്താലും ഗുണം മെച്ചം
ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്നും ഇവിടെ നിന്ന് ചികിത്സ തേടാം. ആശുപത്രിയിലെ കിടത്തി ചികിത്സയ്ക്കായാലും വീട്ടിലിരുന്നുള്ള ചികിത്സയ്ക്കായാലും ആഹാരക്രമീകരണം പ്രധാനമാണ്. ചായ, കാപ്പി ഇവ പൂര്‍ണ്ണമായും ഒഴിവാക്കണം. കിഴങ്ങ്, ചോറ് എന്നിവ കുറയ്ക്കണം. സസ്യാഹാരം മാത്രമാകണം. ഒരുനേരം മാത്രം അല്പം ചോറ്. രാവിലെ ആവിയില്‍ വേവിച്ചത്. രാത്രിയില്‍ ചപ്പാത്തിയും പച്ചക്കറി സലാഡും. ലഹരി വസ്തുക്കള്‍ പാടില്ല. ആഹാരക്രമീകരണത്തിന് തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ചികിത്സ ഫലപ്രദമാവുക. കടുത്ത പഥ്യം നോക്കിയാലും രോഗത്തെ വരുതിയിലാക്കാന്‍ കഴിയുമെന്ന് ചികിത്സതേടിയവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ജലം ജീവാമൃതം
ജലം സര്‍വ്വ രോഗ നാശിനിയാണെന്ന് ഇവിടെ എത്തുന്നവര്‍ക്ക് ബോധ്യമാകും. ശുദ്ധമായ ജലം കൃത്യമായി ശരീരത്തിലെത്തിയാല്‍ ഒരു പരിധിവരെ രോഗങ്ങളെ തടയാനാകും. കൂടാതെ ജലം കൊണ്ടുള്ള വിവിധ തരം ചികിത്സകളും. മുഖം കഴുകല്‍ മുതല്‍ ആവിക്കുളി വരെ ജലചികിത്സയുടെ ഭാഗമായി ഉണ്ട്. വെള്ളത്തില്‍ ഇരുത്തുക, കിടത്തുക, വെള്ളം കൊണ്ട് ദേഹത്ത് ചംക്രമണം നടത്തുക, ഐസ് മസാജ്, ആവിക്കുളി തുടങ്ങി 33 തരം കുളികളാണ് ജല ചികിത്സയിലൂടെ നല്‍കുന്നത്. ഇതിനുവേണ്ടി പ്രത്യേകതരം ബാത്ത് ടബുകളും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിശ്ചിത ഫീസില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ചികിത്സ നടത്തുന്നത്.
സൂര്യപ്രകാശത്തിന്റെ ലേസര്‍ ചികിത്സ
ത്വക്ക് രോഗങ്ങള്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്കുമുള്ള ഏറ്റവും പ്രധാന ചികിത്സയാണ് സൂര്യപ്രകാശം ഏല്പിക്കുക എന്നത്. പ്രഭാതത്തിലെയും സായന്തനത്തിലെയും ഇളം ചൂടുള്ള സൂര്യപ്രകാശം നേരിട്ടും അല്ലാതെയും രോഗിയുടെ ശരീരത്തില്‍ ഏല്പിക്കുകയാണ് ചെയ്യുന്നത്. ചില രോഗങ്ങള്‍ക്ക് സൂര്യപ്രകാശം നേരിട്ട് ഏല്പിക്കാതെ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ മാത്രം പതിപ്പിക്കാന്‍ പ്രത്യക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദേഹം മുഴുവന്‍ വാഴയിലകൊണ്ട് പൊതിഞ്ഞശേഷം സൂര്യ പ്രകാശമേല്‍പിക്കുന്ന രീതിയും ഈ ചികിത്സാ കേന്ദ്രത്തിലുണ്ട്.
‘മണ്ണ് ‘ ഒരു ഔഷധ ലേപനം
മണ്ണില്‍ കളിച്ചതിനും ദേഹത്ത് മണ്ണ് പുരണ്ടതിനും മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും അടിവാങ്ങാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇവിടെ മണ്ണ് ഏറ്റവും വലിയ ലേപന ഔഷധമാണ്.
മേല്മണ്ണില് നിന്നും നാല് അടി താഴ്ചയിലുള്ള മണ്ണാണ് ഇതിനായി ഉപയോഗിക്കുന്നത്. കുഴിച്ചെടുത്ത മണ്ണ് വെയിലില്‍ ഉണക്കി അരിച്ചെടുത്താണ് ഉപയോഗിക്കുക. അടിയവയറിലും കാലുകളിലും പുരട്ടുക, നെഞ്ചിലും വയറിലും, തലയിലും മുതുകിലും, കഴുത്തിലും കൈകളിലും പുരട്ടുക എന്നീ നാല് തരം ചികിത്സകളാണ് ഉള്ളത്. ഓരോ രോഗിയുടെയും ശരീരത്തിന്റെ ആവശ്യാനുസരണം ഇതില്‍ ഓരോരീതി പ്രയോഗിക്കും. ത്വക്ക് രോഗങ്ങള്‍ക്കുള്ള ഏറ്റവും പ്രധാന ചികിത്സയാണ് മണ്ണ് തെറാപ്പി.
യോഗയും ഫിസിയോതെറാപ്പിയും
പ്രകൃതി ചികിത്സയുടെ ഒഴിവാക്കാനാകാത്ത ഭാഗമാണ് യോഗയും വ്യായാമവും. യോഗയിലൂടെ ശരീരത്തിന്റെ രക്തചംക്രമണങ്ങളെയും രക്തസമ്മര്‍ദ്ദങ്ങളെയും വരെ ക്രമീകരിച്ചാണ് രോഗികള്‍ക്ക് യോഗാസനങ്ങള്‍ പരിശീലിപ്പിക്കുന്നത്. വ്യായാമം എല്ലാ രോഗങ്ങള്‍ക്കും ഒരുപോലെ അത്യാവശ്യമാണ്. കര്‍മ്മയോഗ, ഭക്തിയോഗ, ജനനയോഗ, രാജയോഗ തുടങ്ങിയവയാണ് പ്രകൃതി ചിക്തസയ്ക്കായി ഉപയോഗിക്കുന്നത്. മനസ്സിനെ ഏകാഗ്രമാക്കുന്നതില്‍ യോഗയുടെ പങ്ക് വലുതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടാലും യോഗയും വ്യായാമവും തുടരണം. ഫിസിയോ തെറാപ്പിക്കും ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പുറത്ത് നിന്നുള്ളവര്‍ക്കും പ്രത്യേക യോഗ പരിശീലനം നല്‍കുന്നുണ്ട്.
39 വര്‍ഷത്തെ സേവന പാരമ്പര്യം
പ്രകൃതി കനിഞ്ഞ് നല്കിയ വര്‍ക്കല പാപനാശം കുന്നിനുമുകളില്‍ 1978 ലാണ് സംസ്ഥാന സര്‍ക്കാര്‍ യോഗ പ്രകൃതി ചികിത്സാ കേന്ദ്രം ആരംഭിക്കുന്നത്. അന്ന് പത്ത് കിടക്കകളുള്ള ആശുപത്രിയായിരുന്നു. ക്രമേണ അമ്പത് കിടക്കകളുള്ള ആശുപത്രിയായായി മാറി. ആറ് ഡോക്ടര്‍മാരും 2 യോഗാ ഡോക്ടര്‍മാരുമടക്കം 30 ജീവനക്കരാണ് ഉള്ളത്. അമിതവണ്ണം ജോലിക്കും വിവാഹത്തിനുമൊക്കെ തടസ്സമായവര്‍ക്കൊരു പ്രത്യാശകേന്ദ്രം കൂടിയാണിവിടം. രണ്ടാഴ്ചത്തെ ചികിത്സകൊണ്ടുതന്നെ അമിതവണ്ണത്തിന് പരിഹാരമാകും. ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍, സ്ത്രീകള്‍ക്ക് പ്രത്യേക ചികിത്സ സൗകര്യം, കൗണ്‍സലിങ് തുടങ്ങിയവ ആശുപത്രിയുടെ പ്രത്യേകതകളാണ്.
യോഗ ലോകം മുഴുവന്‍ അനുഷ്ഠിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന ഐക്യരാഷ്ട്രസഭ അംഗീകരിച്ചതോടെയാണ് യോഗയ്ക്ക് നന്മയും മേന്മയും ലഭിച്ചത്. യോഗയ്ക്ക് മതത്തിനതീതമായ അംഗീകാരവും സ്വീകാര്യതയും ലഭിച്ചു. എന്നാല്‍ ഇതൊന്നുമില്ലാത്തപ്പോഴും വിദേശികള്‍ ഇവിടെയെത്തി യോഗ ഉള്‍പ്പെടെയുള്ളവ പരിശീലിക്കാറുണ്ടായിരുന്നു.
രാവിലെ 9 മുതല്‍ 2 മണിവരെയാണ് ചികിത്സയും ബുക്കിംങും. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കിടത്തി ചികിത്സ വേണമോ എന്ന് തീരുമാനിക്കുക. പ്രായം ആരോഗ്യ സ്ഥിതി എന്നിവ കണക്കാക്കിയാണ് ചികിത്സാ രീതി നിശ്ചയിക്കുന്നത്. ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ പരിമിതികളൊക്കെ ഉണ്ടെങ്കിലും 100 കിടക്കകളുള്ള ആശുപത്രിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് പ്രകൃതിയോടിണങ്ങിയ ഈ ആതുരാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: