കാക്കനാട്: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമല്‍ ബെര്‍ത്ത് കണ്ടോള്(എബിസി) പദ്ധതി അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നു. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ പദ്ധതി നടക്കുന്നത്. ആലുവ വെറ്റിനറി ആശുപത്രികള്‍ കേന്ദ്രീകരിച്ചാണിത്. ഈ പദ്ധതിയില്‍ തിരുമാറാടി, മുളന്തുരുത്തി, പുത്തന്‍വേലിക്കര, കവളങ്ങാട്, കുന്നുകര എന്നീ പഞ്ചായത്തു പ്രദേശങ്ങള്‍ കൂടി ഉള്‍പ്പടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പദ്ധതി വിപുലമാക്കാന്‍ ഒരുകോടി അറുപതുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. ജില്ലാ വെറ്ററിനറി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന് തിയേറ്റര്‍ സജ്ജീകരിക്കുന്നതിനും ഡോക്ടര്‍മാര്‍, നായ്ക്കളെ പിടിക്കുന്നവര്‍, പരിചരിക്കുന്നവര്‍ എന്നിവര്‍ക്കുളള വേതനം എന്നിവയ്ക്കും സഹായം ലഭ്യമാക്കും. എബിസി പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്നു നടപ്പിലാക്കാന്‍ ധാരണയായിട്ടുണ്ട്. നായ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയുടെ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍മാരെ നിര്‍വഹണ ഉദ്യോഗസ്ഥരാക്കി തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയ ശേഷം തിരികെ വിടുന്നതാണ് എബിസി പദ്ധതി. വന്ധ്യംകരിച്ച നായ്ക്കളെ മൂന്നു ദിവസം നിരീക്ഷണത്തില്‍ വച്ച ശേഷം പിടികൂടിയ സ്ഥലത്തു തന്നെ വിട്ടയക്കും. നായ്ക്കളെ ഏറ്റെടുക്കാന്‍ തയാറാവുന്നവര്‍ക്ക് കൈമാറും. വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ ദേഹത്ത് തിരിച്ചറിയാനായി പ്രത്യേക അടയാളം പതിപ്പിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി കെ.കെ. അബ്ദുല്‍ റഷീദ്, മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയചന്ദ്ര കമ്മത്ത്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ടാനി തോമസ്, വിവിധ തദ്ദേശ സ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: