പാലക്കാട്: മഴ കലിതുള്ളി പെയ്യേണ്ട കര്‍ക്കടകത്തിലും പൊരിവെയില്. ജില്ലയില്‍ ലഭിച്ച മഴയുടെ തോത് ഏറ്റവും കുറവ് അനുഭവപ്പെട്ടത് കിഴക്കന്‍ മേഖലയിലാണെന്നിരിക്കെ കടുത്ത വരള്‍ച്ചയുടെ മുന്നറിയിപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.
കര്‍ക്കടമാസത്തിലും ചിറ്റൂര്‍ പുഴയില്‍ വെള്ളമെത്താത്തത് കര്ഷകരെആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മഴ കുറവായതിനാല്‍ ആളിയാര്‍ മേഖലയില്‍ നിന്ന് കൃത്യമായി നല്‍കേണ്ട വെള്ളം ലഭിക്കാത്തതാണ് പുഴയില്‍ വെള്ളമെത്താന്‍ തടസമായിട്ടുള്ളത്. കേരളത്തിലേക്ക് വെള്ളം തുറന്നുവിടേണ്ട മൂലത്തറ ഡാമിലും വെള്ളം കുറവാണ്.
നിലവിലുണ്ടായിരുന്ന വെള്ളം ഇടതുകര കനാലിലൂടെ തുറന്നു വിട്ടതിനാല്‍ ഡാമിന് താഴെ പുഴവരണ്ട നിലയിലുമാണ്. പുഴയില്‍ നിന്ന് വെള്ളം തുറന്നാല്‍ മാത്രമേ തേമ്പാറമടക്ക് ,ചിറ്റൂര്‍ ,പൊല്‍പ്പുള്ളി പ്രദേശങ്ങളിലെ കൃഷിക്ക് വെള്ളം ലഭിക്കുകയുള്ളൂ. ഇത്തവണ മഴകുറഞ്ഞതിനാല്‍ വളരെ വൈകിയാണ് കര്‍ഷകര്‍ ഒന്നാംവിളയിറക്കിയത്. വെള്ളം ലഭിക്കാത്തതിനാല്‍ നട്ട മുഴുവന്‍ ഞാറുകളും ഉണങ്ങി തുടങ്ങി. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഇപ്പോള്‍ കേരളത്തിലെ കൃഷിക്ക് വെള്ളം തുറന്നുവിടേണ്ടതാണ്. പക്ഷെ തമിഴ്നാട്ടില്‍ വേണ്ടത്ര മഴ കിട്ടിയില്ലെന്ന പേരില്‍ നല്കുന്ന വെള്ളത്തിന്റെ അളവിലും കുറവ് വരുത്തിയിരിക്കുകയാണ്. സാധാരണ ജൂലൈ മാസത്തില്‍ ജില്ലയിലെ എല്ലാ ഡാമുകളിലും വെള്ളം നിറയാറുണ്ട്.
ഇത്തവണ മലമ്പുഴയിലും ,മീങ്കരയിലും ലഭിച്ച വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. മഴ കിട്ടിയില്ലെങ്കില്‍ ഡാമുകളിലെ വെള്ളം കൊണ്ട് കുടിവെള്ളത്തിന് മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളുവെന്നാണ് ജലസേചനവകുപ്പധികൃതര്പറയുന്നത് .
കഴിഞ്ഞ തവണ രണ്ടാംവിളയിറക്കാന്‍ കഴിയാത്ത ജില്ലയിലെ കര്‍ഷകര്‍ക്ക് ഇത്തവണ ഒന്നാം വിളയും ലഭിക്കില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: