പട്ടാമ്പി : ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കാരക്കാട് പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത സ്ഥാപന ഉടമകള്‍ മൂന്നാം തിയ്യതി കോടതിയില്‍ ഹാജരാവണമെന്ന് കാണിച്ച് നോട്ടീസ് നല്കി.
ഈ ഭാഗത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ജൂലായ് 31 വരെയാണ് സമയം നല്‍കിയിരുന്നത്. ആക്രിസാമഗ്രികള്‍ നീക്കം ചെയ്യാനുള്ള സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് സബ് കളക്ടര്‍ പി.ബി.നൂഹിന്റെ നിര്‍ദ്ദേശപ്രകാരമുള്ള റവന്യൂ സംഘം ഓങ്ങല്ലൂരില്‍ എത്തി സ്ഥലം പരിശോധിച്ചാണ് നടപടി.
റവന്യൂ സീനിയര്‍ സൂപ്രണ്ട് ജയരാജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനന്ദ് എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പിലുമായി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചര്‍ച്ച നടത്തി.തുടര്‍ന്ന് സംഘം കാരക്കാട് മേഖലയിലെ ആക്രി വ്യാപാരങ്ങള്‍ സന്ദര്‍ശിച്ചു. ചിലര്‍ നൂറ് ശതമാനത്തോളം ആക്രി സാധനങ്ങള്‍ നീക്കം ചെയ്തായി കണ്ടെത്തിയപ്പോള്‍, ചില സ്ഥാപനങ്ങള്‍ പകുതിയും, മറ്റുള്ളവര്‍ തീരെ നീക്കം ചെയ്യാതിരിക്കുന്നതും കണ്ടു.
ഇതേ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. താലൂക്ക് ഓഫീസില്‍ ഒരു മാസം മുമ്പ് നടന്ന യോഗത്തില്‍ ജൂലായ് 30നുള്ളില്‍ എല്ലാ ആക്രി സാധനങ്ങളും നീക്കം ചെയ്യുമെന്ന് സ്ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന് ഉറപ്പ് നല്‍കിയിരുന്നു.
റവന്യൂ സംഘം കാരകാട് മേഖല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി എടുക്കാന്‍ തന്നെയാണ് പഞ്ചായത്ത് തീരുമാനമെന്ന് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: