കുന്നംകുളം: നഗരമധ്യത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂം വരുന്നത് കൊണ്ട് ഉള്ള ബുദ്ധിമുട്ടുകള്‍ കൂടുകയേ ഉള്ളൂ എന്ന് പൊതുജനാഭിപ്രായം. ഹെര്‍ബര്‍ട്ട് റോഡില്‍ നിര്‍ദ്ദിഷ്ട ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള നഗരസഭയുടെ കെട്ടിടത്തില്‍ പൊലീസിന് റൂം അനുവദിച്ചതില്‍ വ്യത്യസ്ത അഭിപ്രായം ഉയരുന്നു.
തൊട്ടടുത്തു തന്നെ പോലീസ് സ്റ്റേഷന്‍ നിലനില്‍ക്കുമ്പോള്‍ വളരെയധികം തിരക്കുണ്ടാവാന്‍ സാദ്ധ്യതയുള്ള ഗുരുവായൂര്‍ റോഡില്‍ കണ്‍ട്രോള്‍ റൂം നൂലാമാലയാവുമെന്നും ദീര്‍ഘവീക്ഷണമില്ലാതെയാണ് ഭരണസമിതി ഇതിന് മുന്‍കൈയെടുത്തെന്നും പറയുന്നു.
നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തില്‍ ബസ്റ്റാന്‍ഡ് വരുന്നതോട് കൂടി കെട്ടിടങ്ങളില്‍ കച്ചവടക്കാരുടെ തിരക്ക് കൂടുകയും കണ്‍ട്രോള്‍ റൂം സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ വന്‍ തുക കൊടുത്ത് വാടകക്കെടുത്തവര്‍ക്ക് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്കയിലുമാണ് വ്യാപാരികള്‍.
പോലീസ് സ്റ്റേഷന്‍ വിഭജിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നാളിതുവരെയായിട്ടും ഒരു നടപടി പോലും ഉണ്ടായില്ല.
വര്‍ഷത്തില്‍ അയ്യായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലീസ് സ്റ്റേഷനില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണിപ്പോള്‍. എസ്‌ഐയെ നേരിട്ട് കണ്ടുപരാതികൊടുക്കാന്‍ ഒന്നര മണിക്കൂറെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയുമാണ്.
പെരുമ്പിലാവില്‍ പോലീസ് സ്റ്റേഷന്‍ വരുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞവര്‍ഷം കേട്ടിരുന്നു. പക്ഷെ പ്രാവര്‍ത്തികമായില്ല. ഇന്നത്തെ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം പെരുമ്പിലാവിലോ പന്നിത്തടത്തോ കേച്ചേരിയിലോ ആണ് ഉചിതമാവുക. ഇവിടങ്ങളില്‍ പൊലീസിന് എത്തിപ്പെടാനുള്ള കഷ്ടപ്പാട് വളരെയധികമാണ.് കുറ്റകൃത്യങ്ങളുടെയും അപകടങ്ങളുടെയും കണക്കനുസരിച്ചല്ല പുതിയ കണ്‍ട്രോള്‍ റൂമെന്നത് വലിയ അപാകതയാണ.്
















