കല്‍പ്പറ്റ: വന്യജീവികള്‍ നാട്ടിലേക്കും പൊറുതിമുട്ടിയ ജനം കാട്ടിലേക്കും എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് വാസസ്ഥലം ഒരുക്കി പ്രതിഷേധിച്ചു. പരിപാടി ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞതോടെ വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയജനം പോലീസ് വലയം ഭേദിച്ച് അകത്ത് പ്രവേശിച്ച് കുടില്‍ കെട്ടുകയായിരുന്നു. കുടില്‍ കെട്ടിയതോടെ പോലീസ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്തു. നിരവധി ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു.
വന്യമൃഗ ആക്രമണങ്ങളില്‍ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാരാണെന്ന് എം.ടി.രമേശ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്ര ഫണ്ട് പോലും ആവശ്യത്തിന് വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് ആവുന്നില്ല. വന്യജീവി ആക്രമണത്തില്‍ സാധാരണക്കാര്‍ മരണപ്പെടുന്നത് കൊലപാതകമായി പരിഗണിക്കണം. വന്യ ജീവികള്‍ ആളുകളെ കൊല്ലുന്നപോലെയാണ് സംസ്ഥാന സര്‍ക്കാരും നാട്ടുകാരെ വകവരുത്തുന്നത്. സര്‍ക്കാര്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാത്ത സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥക്കെതിരെ, വന്യമൃഗ അക്രമത്തില്‍ ജീവന് പൊലിഞ്ഞവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും ഉറപ്പുവരുത്തുക, കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കുക, കാടും നാടും വേര്‍തിരിച്ച് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.
ബിജെപി ജില്ലാപ്രസിഡ ന്റ് സജിശങ്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ. മോഹന്‍ദാസ്, കര്‍ഷക മോര്‍ച്ച അഖിലേന്ത്യസെക്രട്ടറി പി. സി.മോഹനന്, മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ്, അഹമ്മദ് തോട്ടത്തില്‍, കെ.സദാനന്ദ ന്, കൂട്ടാറ ദാമോദരന്‍, കെ.പി. മധു, വി.മോഹനന്, വി.നാരായണന്, ശ്രീനിവാസന്, രജിത അശോകന്, രാധസുരേഷ്, പി.എം.അരവിന്ദന്, ആരോട രാമചന്ദ്രന്, കണ്ണന് കണിയാരം, അഖില്‍ പ്രേം, പാലേരി രാമന്, വി.കെ.രാജന്, പി.വി. ന്യൂട്ടന്, അഡ്വ. മാത്തുക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: