മാനന്തവാടി : തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുലില്‍ കൊയിലേരിയില്‍ താമസിച്ചുവന്നിരുന്ന വീടിന്റെ ഉടമസ്ഥയായ റിച്ചാര്‍ഡ് ഗാര്ഡന് ബിനി മധു(37) ആണ് അറസ്റ്റിലായത്. സഹോദരനെന്ന വ്യാജേനെ സുലീലിനെ കൂടെ താമസിപ്പിച്ചുപോന്നിരുന്ന ബിനി കൊല്ലപ്പെട്ട സുലിലില്‍നിന്നും ലക്ഷങ്ങള്‍ കൈവശപ്പെടുത്തുക യായിരുന്നു. പിന്നീട് ആ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലാപതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നുമാണ് സൂചനകള്‍.
സുലിലിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ ഭര്‍തൃമതി കൂടിയായ യുവതി തട്ടിയെടുത്തതായി സുലിലിന്റെ സഹോദരന് സംഭവദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ സുലീലിന്റെയും യുവതിയുടേയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുവതി പല തവണകളായി അക്കൗണ്ട് മുഖേനെയല്ലാതെ പണം കൈപ്പറ്റിയതായി സൂചനകളുണ്ടായിരുന്നു. തുടരന്വേഷണത്തില്‍ ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ മരണ ദിവസം വൈകുന്നേരത്തോടെ യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഫോട്ടോകള്‍ നീക്കം ചെയ്തതും സംശയം ജനിപ്പിച്ചിരുന്നു. പ്രദേശവാസികള്‍ ഒന്നടങ്കം യുവതിക്കെതിരെ ആരോപണവുമായി ഇപ്പോഴും രംഗത്തുണ്ട്. കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മു പോലീസിന് നല്കിയ മൊഴിയനുസരിച്ച് ബിനി നല്കിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്. സുലിലിന് പണം നല്കുന്നതില് നിന്നും രക്ഷപ്പെടണമെങ്കില്‍ സുലിലിനെ ഇല്ലായമ ചെയ്യണമെന്ന് നിശ്ചയിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ക്വട്ടേഷനാണ് സംഭവമെന്ന് പോലീസിന് ആദ്യമെ സൂചനകളുണ്ടായിരുന്നു.
ഇത്തരം കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായി സാഹചര്യ തെളിവുകളുടേയും കൂട്ടുപ്രതികളുടെ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ബിനിയെ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ അറസ്റ്റ് ചെയ്തത്. ബിനി മധുവിനെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: