താങ്ങാവുന്ന വിലയില്‍ നിലവാരമുള്ള പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുകയാണ് നാഷണല്‍ ബുക്ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ലക്ഷ്യം. പുസ്തകങ്ങള്‍ എല്ലാ വിഷയത്തിലും എല്ലാ വിഭാഗത്തിലും നിന്നുള്ളവയുണ്ടാകും. പാഠപുസ്തകം മുതല്‍ വിജ്ഞാന സമ്പാദനത്തിനുതകുന്ന ഏതുതരം പുസ്തകങ്ങളും ലഭ്യമാക്കും. മാനവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ സ്വയംഭരണ സ്ഥാപനമാണ്.
പുസ്തക പ്രകാശനം, പ്രദര്‍ശനം, പ്രചാരണം, വില്‍പ്പന എന്നിവയാണ് എന്‍ബിടിയുടെ പ്രവര്‍ത്തനങ്ങള്‍. രാജ്യത്തിന്റെ മുക്കിലും മൂലയിലും പുസ്തകങ്ങള്‍ എത്തിക്കുക, ഓരോ വീട്ടുവാതിലിലും പുസ്തകം ലഭ്യമാക്കുക എന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. പുസ്തക പരിക്രമ എന്ന പദ്ധതിയിലൂടെ വര്‍ഷം ആറുലക്ഷം പുസ്തകം എന്‍ബിടി വില്‍ക്കുന്നുണ്ട്. വാഹനങ്ങളില്‍ എത്താവുന്ന എല്ലാ പ്രദേശത്തും പുസ്തകമെത്തിക്കുന്നു.
വില്‍പ്പന മാത്രംകൊണ്ട് കാര്യമായില്ല. വായനയില്ലാതെ വിറ്റതുകൊണ്ട് എന്തുഗുണം. അതിനാല്‍ ആളുകളെ വായിപ്പിക്കാനും ഏറെ പരിശ്രമങ്ങളുണ്ട്. സെമിനാറുകള്‍, ചര്‍ച്ചകള്‍, മത്സരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പരിശീലന ശില്‍പ്പശാലകള്‍, സ്കൂള്‍ കുട്ടികള്‍ക്ക് കഥപറച്ചില്‍ മത്സരം തുടങ്ങിയവ നടത്തുന്നു.
പ്രാദേശിക ഭാഷകളുടെ പോഷണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനവുമുണ്ട്. ഇതര ഭാഷകളില്‍നിന്നുള്ള പരിഭാഷകള്‍ പ്രസിദ്ധം ചെയ്ത് സാംസ്കാരിക വിനിമയം നടത്തുന്ന ദൗത്യവും എന്‍ബിടി നിര്‍വ്വഹിക്കുന്നുണ്ട്. ബീഹാറിലെ ബസ്തറിലെ അതിപ്രാദേശികമായ ഭാഷയില്‍ ആറ് പുസ്തകം പ്രസിദ്ധീകരിച്ചു. ഭാഷാസംരക്ഷണമെന്ന ദൗത്യമാണ് ഇതിലൂടെ സാധിച്ചത്. ഉത്തര്‍പ്രദേശ് – നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി ഭാഷയില്‍ ചില പുസ്തകങ്ങള്‍ ലഭ്യമാക്കി.
പക്ഷേ ഇ വായനയുടെ ഇക്കാലത്ത്
പുസ്തകത്തിന്റെ സ്ഥാനം?
അതെ, എന്നിട്ടും ജനം ചോദിക്കുന്നു, ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സംവിധാനത്തിന്റെയും കാലത്ത് എന്‍ബിടിക്ക് പ്രസക്തിയെന്താണെന്ന്. ഇ- ബുക്കുകളുടെ കാലമാണ്, സാങ്കേതികത വളര്‍ന്നു, വ്യാപിക്കുന്നു. ശരിയാണ് സാങ്കേതികത ഒഴിവാക്കാനാവില്ല, എന്നല്ല, ശാസ്ത്രത്തിന്റെ ഈ വളര്‍ച്ച വിനിയോഗിക്കുകയും വേണം. എന്റെ അഭിപ്രായത്തില്‍ ശാസ്ത്രത്തിനും സാങ്കേതികതയ്ക്കും ജീവിതത്തില്‍ അതിന്റെ പങ്കുണ്ട്; അതേപോലെ, അച്ചടിച്ച പുസ്തകങ്ങള്‍ക്കും.
വാസ്തവത്തില്‍ ആധുനിക സാങ്കേതികതയും പാരമ്പര്യ രീതികളും തമ്മില്‍ സംഘര്‍ഷവും തര്‍ക്കവുമല്ല വേണ്ടത്. പരസ്പര സഹകരണവും പൂരണവും വേണം. വായിക്കുമ്പോള്‍ പുസ്തകം നല്കുന്ന അനുഭൂതി ഇ വായനയില്‍ കിട്ടില്ല. വായനയ്ക്ക് സൗകര്യം ഇ ബുക്കുകളാണെന്നെല്ലാം ചിലര്‍ പറയുന്നെങ്കിലും വാസ്തവമതല്ല. ഇ- വായനയ്ക്ക് ഐപാഡോ മൊബൈലോ കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഒക്കെ ഉപയോഗിക്കുന്നവരുണ്ട്. നാളെയുടെ വായന അതിലാണെന്ന് പറയുന്നവരുമുണ്ട്.
എന്‍ബിടിയും ഇ- ബുക് സംവിധാനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അതും ഒരു വഴിക്കു നടക്കും. അടുത്തിടെ ഒഡീഷയില്‍ എന്‍ബിടി പുസ്തക പരിക്രമ നടത്തി. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പുസ്തക വില്‍പ്പന. ഞങ്ങളെ അതിശയിപ്പിച്ച് അവിടത്തെ വില്‍പ്പന ചരിത്രമായി. രണ്ടുമാസംകൊണ്ട് 12 ലക്ഷം പുസ്തകമാണ് വിറ്റത്. നമ്മള് പറയുന്ന ഇ ബുക്കിന്റെയും ഇന്റനെറ്റിന്റെയും മറ്റും പ്രചാരകാലത്താണ് ഈ കണക്ക്.
ഭാവിയിലെ കാര്യങ്ങള്‍
സങ്കല്പ്പിക്കുമ്പോള് പുസ്തകത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠപ്പെടേണ്ടതില്ലേ?
ചില കാര്യങ്ങള്‍ വിശദീകരിക്കാം. പുസ്തകം കൈയിലുണ്ടെങ്കില്‍ അടുത്ത് ആരൊക്കെയോയുള്ള പ്രതീതിയാണ്. ഇഷ്ടമുള്ളപ്പോള്‍ വായിക്കാമെന്നത് പ്രത്യേകതയാണ്. പുസ്തകം റീ ചാര്‍ജ് ചെയ്യേണ്ട, ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്നമില്ല. ഒറ്റയിരിപ്പില്‍ 200 പേജ് പുസ്തകം വായിക്കാം, ഏറെനേരം കമ്പ്യൂട്ടര്‍ സ്ക്രീനിലോ മൊബൈല്‍ ഫോണിലോ നോക്കുന്ന പ്രശ്നം ഉണ്ടാകില്ല.
ഇന്റര്‍നെറ്റ,് വിവരങ്ങള്‍ നല്കാന് പര്യാപ്തമാണ്. പക്ഷേ വിജ്ഞാനം നമ്മള് വായനക്കാര്‍ ആര്‍ജ്ജിക്കേണ്ടതാണ്. ഏറ്റവും വേഗത്തില്‍ ബുദ്ധി-വിവര വികാസമാണ് സാങ്കേതികതയിലൂന്നിയ വായന നല്‍കുന്നത്; പുസ്തക വായനയ്ക്ക് കൂടുതല്‍ മാനവികത നല്കാന് കഴിയും. ഇന്റര്‍നെറ്റ്, ഇ- ബുക് സംവിധാനങ്ങള്‍ മോശമാണെന്നല്ല, തീര്‍ച്ചയായും റഫറന്‍സ് കാര്യങ്ങള്‍ക്ക് അവ ഏറെ ഗുണകരമാണ്.
എന്തുകൊണ്ടാണ് ഇത്രയും
ശക്തമായ പുസ്തകവാദം?
പുസ്തകം ഉണര്‍ത്തുന്ന റൊമാന്റിക് മാനസികാവസ്ഥ, അതിന്റെ ഉള്ളടക്കം കൊണ്ടു മാത്രമല്ല. പുസ്തകം അതിന് ഉപകരണമാകുന്നതെങ്ങനെയെല്ലാമാണെന്നോ. ഒരു കവിതാ ഭാഗമുണ്ട്, ”പുസ്തകത്തിനുള്ളില്‍ എന്നോ സൂക്ഷിച്ച വാടിക്കരിഞ്ഞ പുവോ ഇലയോ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ എന്തൊക്കെയാണ്, പുസ്തകം തമ്മിലടുപ്പിക്കാനൊരു കണ്ണിയായത് ആര്‍ക്കെല്ലാമാണ്… ”എന്നിങ്ങനെ. പണ്ടത്തെ സിനിമാ രംഗങ്ങളില്‍ കാണാം പുസ്തകം എങ്ങനെ മനുഷ്യ ജീവിതത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നുവെന്ന്.
എനിക്ക് പുസ്തകങ്ങളുടെ ഭാവിയില്‍ ആശങ്കയില്ല, സംശയവും. നാള്‍ക്കുനാള്‍ അതിന്റെ പ്രസക്തി കൂടും. നല്ല പുസ്തകം, അതു സാഹിത്യ സംബന്ധിയായവ മാത്രമല്ല, വിജ്ഞാനദായകമായ ഏതു പുസ്തകത്തിനും വരും നാളുകളില്‍ ആവശ്യക്കാര്‍ കൂടും.
ചില പ്രസിദ്ധര്‍ പറയാറില്ലേ, ഇന്ന പുസ്തകമാണ് എന്റെ ജീവിതം മാറ്റിയതെന്ന്. എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. ജീവിതം മാറ്റിയെന്നു പറഞ്ഞാല്‍ അവരെ നേര്‍വഴിക്കു നയിച്ചുവെന്നാണ്. പുസ്തകം വഴികാട്ടിയാണെന്നര്ത്ഥം. ഇന്ന് പലയിടങ്ങളിലും അക്രമവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനു പിന്നില്‍ അടിസ്ഥാന വികാരം സ്വാര്‍ത്ഥതയാണ്. അതില്ലാതാക്കാന്‍ പുസ്തകത്തിനു കഴിയും. പുസ്തകം ജനങ്ങളെ ഒന്നിപ്പിക്കുന്നു. തുളസീദാസ രാമായണത്തെ ആധാരമാക്കി എത്രയെത്ര രചനകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും അവ പ്രചാരത്തിലുണ്ട്. ഇങ്ങനെ ഗ്രന്ഥങ്ങള്‍ മാനവ ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നു.
എന്‍ബിടി സ്ഥാപിതമായിട്ട് അറുപത്
വര്‍ഷമാകുന്നു, പ്രത്യേക പദ്ധതികള്‍
എന്തെങ്കിലും?
ശരിയാണ്, എന്‍ബിടി സ്ഥാപിച്ച് 60 വര്‍ഷമായി. ഈ വര്‍ഷം വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഹര് ഹാഥ് ഏക് കിതാബ് (എല്ലാ കൈകളിലും ഒരു പുസ്തകം) എന്ന പദ്ധതിയാണ് നടപ്പാക്കുക. പുസ്തകം വ്യാപിപ്പിക്കുക, വായന വിപുലമാക്കുക എന്നതാണ് ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടത്തിയ പ്രഖ്യാപനം ഏറെ പ്രധാനമാണ്. അതിന് സാക്ഷര കേരളമാണ് സാക്ഷിയായത്. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞു, ”ബൊക്കെയ്ക്കു പകരം ബുക്ക്” എന്ന സംവിധാനം നടപ്പാക്കണമെന്ന്. പൊതുപരിപാടികളിലെ സ്വീകരണങ്ങളില്‍ വലിയ ബൊക്കെകള്‍ സമ്മാനിക്കുന്നു. ആ ഒരു നിമിഷം കഴിഞ്ഞാല്‍ അതിനു വിലയില്ലാതാകുന്നു, ഉപേക്ഷിക്കപ്പെടുന്നു. എന്നാല്‍ ബൊക്കെയ്ക്കു പകരം പുസ്തകം കൊടുത്ത് സ്വീകരിച്ചാല്‍ അതൊരു ശാശ്വത സമ്മാനമാകും. അങ്ങനെ വിജ്ഞാനം വ്യാപിപ്പിക്കാന്‍ കഴിയും. പുസ്തകം പ്രചരിപ്പിക്കാന്‍ സാധിക്കും. പുസ്തകം അല്ലെങ്കില്‍ കൈലേസ് സമ്മാനിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ നിര്‍ദ്ദേശവും അതിനുപിന്നിലെ സന്ദേശവും പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതി എന്‍ബിടി ആവിഷ്കരിച്ചുകഴിഞ്ഞു.
പഞ്ചായത്ത് തലത്തില്‍ പുസ്തക വായനയ്ക്ക് പ്രോത്സാഹനം നല്കുന്ന പരിപാടി രാജ്യവ്യാപകമായി നടപ്പാക്കും. ഇതിന്റെ തുടക്കം ഉത്തരാഖണ്ഡിലായിരിക്കും. അവിടത്തെ വിദ്യാഭ്യാസ മന്ത്രിയും വകുപ്പുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ചെറിയ സംസ്ഥാനത്ത് തുടങ്ങി, വിജയമാക്കി രാജ്യമെമ്പാടും നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യം.
നടപ്പുകാലത്തിനൊത്ത് എന്‍ബിടിയും പുതിയ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണന സംവിധാനങ്ങളിലൊന്നായ സ്നാപ്ഡീലുമായി ചേര്‍ന്ന് സംഭാവന സ്വീകരിക്കുന്ന പദ്ധതിക്ക് അന്തിമരൂപമാകുന്നു. ഇതുവഴി കിട്ടുന്ന പണം വായനയുടെയും പുസ്തകത്തിന്റെയും പോഷണത്തിനു വിനിയോഗിക്കുകയാണ് ലക്ഷ്യം.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എന്തു
പ്രവര്‍ത്തനമാണ് എന്‍ബിടി
നടത്തുന്നത്?
പുസ്തക വിതരണ-വിപണന പ്രോത്സാഹനത്തോടൊപ്പം വായന പരിപോഷണത്തിനുള്ള വിവിധ പദ്ധതികളും എന്ബിടിക്കുണ്ട്. കുട്ടികളില്‍ വായനശീലം വളര്‍ത്തുകയാണ് പ്രധാനം. ഇതിനായി ദല്ഹിമെട്രോയുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ നടത്തുന്നു. സ്റ്റോറി ടെല്ലിങ് എന്ന കഥ പറച്ചില് ഏറെപ്പേരെ ആകര്‍ഷിക്കുന്ന പരിപാടിയായി. പുസ്തകങ്ങളെ ആധാരമാക്കി തെരുവു നാടകം തുടങ്ങി വിവിധ പ്രചാരണ പരിപാടികള്‍ വേറെയും.
ദല്‍ഹിയിലെ സ്കൂള്‍ കുട്ടികളെ ഒരോരോ അവസരങ്ങളിലായി ഞങ്ങള്‍ എന്‍ബിടിയുടെ ആസ്ഥാനത്ത് കൊണ്ടുവരുന്നു. അവര്‍ക്ക് അവിടെ അഞ്ചാറ്മണിക്കൂര് ചെലവഴിക്കാന്‍ സൗകര്യം ഒരുക്കുന്നു. പുസ്തകങ്ങളുമായി പരിചയപ്പെടാം. മത്സരങ്ങളില്‍ പങ്കെടുക്കാം. പുസ്തകങ്ങളോടും അതിലൂടെ വായനയോടും ആഭിമുഖ്യം ഉണ്ടാക്കാന്‍ ഇവയെല്ലാം ഏറെ സഹായകമാകുന്നുണ്ട്.
ദീര്ദീര്ഘകാലം പത്രപ്രവര്‍ത്തകനായിരുന്നല്ലോ, മാദ്ധ്യമങ്ങളെക്കുറിച്ച്?
മാദ്ധ്യമം രൂപം മാറുന്നു. അച്ചടി, റേഡിയോ, ടെലിവിഷന്‍, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ മീഡിയ, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, മൊബൈല്‍ മീഡിയ… എന്നിങ്ങനെ അനുദിനം മാദ്ധ്യമങ്ങളുടെ മുഖം മാറുകയാണ്. പക്ഷേ, അടിസ്ഥാന സ്വഭാവം വിവരം കൈമാറുകയെന്നതാണ്. ആത്യന്തിക ലക്ഷ്യം സമൂഹത്തെ പ്രതിബദ്ധതയുള്ളതാക്കി ഉണര്‍ത്തുക, ദേശത്തോടും സമാജത്തോടും മനുഷ്യരോടും ജനാധിപത്യത്തോടും ബഹുമാന്യത വളര്‍ത്തുക തുടങ്ങിയവയായിരിക്കണം. ഭാഷാ പത്രങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് വേണ്ടി എന്നും പ്രവര്‍ത്തിച്ചിരുന്നു. അരബിന്ദഘോഷ്, തിലകന്, ഗാന്ധി, മാളവ്യ തുടങ്ങിയവര്‍ പത്രം നടത്തിയിരുന്നത് ഈ ലക്ഷ്യത്തിലാണ്. 20-25 വര്‍ഷമേ ആയിട്ടുള്ളു പത്രങ്ങള്‍ ഇന്നത്തെ സ്ഥിതിയിലേക്ക് മാറിയിട്ട്. മാര്‍ക്കറ്റിലെ ഉല്‍പ്പന്നങ്ങളിലൊന്നായി പത്രവും. അതോടെ അടിസ്ഥാന ലക്ഷ്യം മാറി. സാമൂഹ്യ പ്രതിബദ്ധത പോയി. വ്യവസായ താല്പര്യം മേല്‍ക്കൈ നേടി. പ്രൊഫഷണലിസം എന്നാല്‍ പ്രോഫിറ്റുണ്ടാക്കലല്ല. ജനങ്ങളുമായുള്ള, അവരുടെ ആവശ്യങ്ങളുമായുള്ള ബന്ധം മാധ്യമങ്ങള്‍ക്കു കുറഞ്ഞുവരുന്നു.
ജനങ്ങളില്‍ അഴിമതിക്കെതിരേ വികാരമുണ്ടാക്കാനും സംഘടിപ്പിക്കാനും അടുത്തിടെ മാദ്ധ്യമങ്ങള്‍ക്കു കഴിഞ്ഞു. സ്ത്രീപീഡന വിഷയത്തില്‍, ഒരു നിര്‍ഭയക്കേസില്‍ ജനവികാരം ജ്വലിപ്പിച്ച് അവരെ തെരുവിലിറക്കാന്‍ കഴിഞ്ഞു. എന്നാല്‍, ഇതു രണ്ടുമല്ലാതെ ദൈനംദിന പ്രശ്നങ്ങളില്‍ വിപുലമായി ജനവികാരം ഏകോപിപ്പിക്കാനോ സ്വരൂപിക്കാനോ ഇന്ന് മാദ്ധ്യമങ്ങള്‍ക്ക് കഴിയാറില്ല. പെയ്ഡ് ന്യൂസുകള്‍ പ്രചാരം നേടുന്നു. നല്ല വാര്‍ത്തകള്‍ക്ക് മേല്‍ക്കൈ കിട്ടുന്നില്ല, മോശം വാര്‍ത്തകള്‍ക്ക് ഗ്ലാമര്‍ കൂടുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മുമ്പൊരിക്കല്‍ മൂന്നു വാക്കുകളില്‍ ഇതെല്ലാം ചേര്‍ത്തു പറഞ്ഞു: മിഷന്, പ്രൊഫഷനായി, പിന്നീട് സെന്‍സേഷനായി. പഴയ മിഷന് വീണ്ടെടുക്കാന്‍ തയ്യാറാകണം. അതിന് സ്വയംപരിശോധനയും ആത്മനിയന്ത്രണവും വേണം. മാദ്ധ്യമങ്ങള്‍ വിശ്വാസ്യതയാര്ജ്ജിക്കണം.
ബല്‍ദേവ് ശര്‍മ്മ
ഉത്തര്‍പ്രദേശിലെ മഥുരയില്‍ 1955 ല്‍ ജനിച്ചു. ഇപ്പോള്‍ ദല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിയാബാദില്‍ താമസം. ബിഎ, എല്‍എല്‍ബി ബിരുദധാരി. ഇപ്പോള്‍ എന്‍ബിടി ചെയര്മാന്. 35 വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. പലകാലങ്ങളിലായി ഹിന്ദി പത്രങ്ങളായ സ്വദേശ്, അമര്‍ ഉജാല, ഭാസ്കര്‍ എന്നിവയുടെ റസിഡന്റ് എഡിറ്ററായിരുന്നു. നൂതന് പൃഥ്വി വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്ററും പാഞ്ചജന്യയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു.
ആനുകാലിക വിഷയങ്ങളില്‍ 500 ല്‍ പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മേരേ സമയ് കാ ഭാരത്, സുഗന്ധിത് ജീവന് ഹമാരേ സുദര്‍ശന്‍ജി, രാഷ്ട്ര ചേതന, ബല്‍ദേവ് ഭായ് ശര്‍മ്മാ കേ സമ്പാദകീയ എന്നിവയാണ് രചിച്ച പുസ്തകങ്ങള്‍.
ആകാശവാണി, ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി പങ്കെടുത്തിരുന്നു.
പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി അവാര്‍ഡ് (അഞ്ചുലക്ഷം രൂപ) മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് സ്വീകരിച്ചു. പത്രപ്രവര്‍ത്തനത്തിനുള്ള സ്വാമി അഖണ്ഡാനന്ദ മെമ്മോറിയല്‍ ട്രസ്റ്റിന്റെ സമ്മാനം, മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ പണ്ഡിറ്റ് മണിക്ചന്ദ് വാജ്പേയി രാഷ്ട്രീയ പത്രകാരിത സമ്മാന്‍, മാധവ് റാവു സപ്രെ സാഹിത്യ പത്രകാരിത സമ്മാന്‍, ഉല്‍ക്കല്‍ സാഹിത്യ സമാജ് സമ്മാന്‍ തുടങ്ങിയ പ്രശസ്ത അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: