ബത്തേരി: വിപണി കേന്ദ്രീകൃതമായ ഭക്ഷണവും ജീവിതക്രമവും പുതിയകാലത്തിന്റെ മുഖമുദ്രയായതോടെ ഗ്രാമനഗര ഭേദമില്ലാതെ നമ്മുടെ ഭക്ഷണശാലകളിലേറെയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയാണ്. പരമാവധി ലാഭം മാത്രം ലക്ഷ്യംവെച്ച് കൂണുപോലെ മുളച്ചുപൊന്തുന്ന ചെറുതും വലുതുമായ ഭക്ഷണശാലകളിലെ വിഭവങ്ങള്‍ പലതും പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക.
പല കടകളുടെയും അടുക്കളപുരകള് മഴക്കാലമായതോടെ പലതും രൂക്ഷമായ ദുര്‍ഗന്ധത്തിന്റെ പിടിയിലാണ്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യങ്ങളില്ലാത്തവയാണ് ഇവയിലേറെയും. ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താവിനുള്ള അവകാശങ്ങള്‍ പോലും നടത്തിപ്പുകാര്‍ ഗൗനിക്കുന്നില്ല. പാതയോരങ്ങളിലെ തുറന്ന അടുക്കളകളിലെ പാചകംപോലും പ്രദര്‍ശന ഇനമായ ഇക്കാലത്ത് പൊതുജന ആരോഗ്യത്തിന് ഇതുണ്ടാക്കുന്ന ആഘാതം ആരും ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്ന് ഭക്ഷണശാലകളിലെ പരിശോധനകള്‍ക്ക് നേതൃത്വം നല്കുന്ന ബത്തേരി നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് ചൂണ്ടികാട്ടുന്നു.
ചായക്കടകളിലും ഹോട്ടലുകളിലുമെല്ലാം ലഘുഭക്ഷണങ്ങളുടെ സ്ഥാനം എണ്ണക്കടികള്‍ കയ്യടക്കുന്നതും സമൂഹത്തെ രോഗാര്ദ്രമാക്കുകയാണ്. ദിവസങ്ങളോളം ഉപയോഗിച്ച പാചക എണ്ണകള്‍ തന്നെയാണ് പലഹാരമുണ്ടാക്കുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ ചുരുക്കം ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് പൊതു ഭക്ഷണ ശാലകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ മിന്നല്‍ പരിശോധനകളും മറ്റ് ഇടപെടലുകളും നടത്തുന്നത്.
പുല്‍പ്പള്ളി ടൗണില്‍ 200 മീറ്ററിനുള്ളില്‍ ചെറുതും വലുതുമായ പത്ത് ചായക്കടകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതില്‍ ഒന്നിനുപോലും മാലിന്യ സംസ്ക്കരണത്തിന് സ്വന്തമായി ഒരു സംവിധാനവുമില്ല. ഇവിടങ്ങളില്‍ എത്തുന്നവരുടെ ആവശ്യത്തിന് മൂത്രപ്പുര പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. അടുത്തകാലത്ത് ഇവിടെ ടൗണിലെ ഒരുഭക്ഷണശാലയുടെ പിന്‍ഭാഗത്തെ മുറ്റത്ത് ചത്തുവീണ പെരുച്ചാഴി ദുര്‍ഗന്ധം പരത്തുന്ന വിധത്തില്‍ ചീഞ്ഞഴുകിയിട്ടും അതിനെ മറവുചെയ്യാന്‍ പോലും ഹോട്ടല്‍ നടത്തിപ്പുകാര്‍ തയ്യാറായില്ല.
ഇതുസംബന്ധിച്ച് പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അവിടേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. പരാതിക്കാരുടെ ഭാഗത്തുനിന്നും വീണ്ടും ഉദ്യോഗസ്ഥനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയ്യാള് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണത്രേ ഉണ്ടായത്. പുല്‍പ്പള്ളിയിലെ ഭക്ഷണ ശാലകളില്‍ ചായക്കും കടികള്ക്കുമെല്ലാം തോന്നിയ വില ഈടാക്കുന്നതായും പരക്കെ ആക്ഷേപമുണ്ട്.
ചായക്ക് പത്ത് രൂപ വരെ ഈടാക്കുന്നവരും നിരവധിയാണ്. പൊതുഭക്ഷണ ശാലകളിലെ അടുക്കള പുരകളില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് മാതൃകയിലുള്ള ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നമ്മുടെ ഭക്ഷണ ശാലകളുടെ അടുക്കളകള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ടൗണുകളിലെ ഓടകളിലേക്കാണ് ഈ ഭക്ഷണശാലകളിലെ മലിനജലം ഒഴുക്കിവിടുന്നത് എന്നതും കൊതുകുകള്‍ പരത്തുന്ന മാരക രോഗങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇത് കാരണമാകും. ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതില്‍ ഇത്തരം ഭക്ഷണശാലകളുടെ പങ്ക് ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: