ചാവക്കാട്: തീരദേശ പ്രദേശത്തെ ഭക്ഷണശാലകളുടെ ഏറ്റവും വലിയ ഭീഷണിയാണ് ഈച്ചകള്‍. ചാവക്കാട് നഗരത്തിലും മുനിസിപ്പല്‍ പടിഞ്ഞാറന്‍ മേഖലയിലും കടപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍ ഈച്ച ശല്യം നിയന്ത്രിക്കാനാവാതെ പെരുകുന്നതിനാല്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ദുരിതമനുഭവിക്കുന്നു. വെളിച്ചെണ്ണയും കര്‍പ്പൂരവും കലര്‍ന്ന മിശ്രിതം മേശയില്‍ പുരട്ടി ഈച്ച ശല്യം ഒഴിവാക്കാനുള്ള ഹോട്ടലുടമളുടെ ശ്രമം ഒരു പരിധിവരെ വിജയിക്കാറുണ്ട.് എങ്കിലും ഇതിന്റെ രൂക്ഷഗന്ധം ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മനം പിരട്ടലുണ്ടാക്കുന്നു.
മാലിന്യം നിറഞ്ഞതും വൃത്തിയില്ലാത്തതുമായ അന്തരീക്ഷമാണ് ഈച്ചകളുടെ പ്രജനനത്തിന് കാരണമാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വല്ലപ്പോഴുമൊരിക്കല്‍ പരിശോധന നടത്തി പിഴ ഈടാക്കാറുണ്ട്. എങ്കിലും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാവുന്ന ശാസ്ത്രീയ നിര്‍ദ്ദേശങ്ങളോ ബോധവല്‍ക്കരണ ക്ലാസ്സുകളോ നല്‍കാറില്ല എന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. സസ്യേതര ഭക്ഷണങ്ങളോട് പൊതുവെ ആഭിമുഖ്യമുള്ളവരാണ് ചാവക്കാട്ടുകാര്‍ .അതുകൊണ്ടുതന്നെ ചാവക്കാട് പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ മത്സ്യമാംസാഹാരങ്ങളുടെ വൈവിധ്യ രുചികള്‍ അവതരിപ്പിക്കുന്നതിനായി ഹോട്ടലുകള്‍ മത്സരിക്കുകയാണ്. ഈ മത്സരത്തിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് ബംഗാള്‍ ,ബീഹാര്‍ തുടങ്ങിയ സ്ഥലത്തു നിന്നുള്ള തൊഴിലാളികളാണ് ചാവക്കാട് പ്രദേശത്തെ ഹോട്ടലുകളില്‍ കുശിനി കാരായുള്ളത്. ഇവരില്‍ പലരും പല തരത്തിലുള്ള സാംക്രമിക രോഗങ്ങളുള്ളവരാണ്.
ഒരു നഗരം എന്ന നിലയ്‌ക്ക് മുഖം പോലും നന്നായിട്ടില്ലാത്ത ചാവക്കാടിന്റെ ഹോട്ടലുകളെല്ലാം മുഖം മിനുക്കിയ പൊങ്ങച്ചവുമായി ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ പര്യാപ്തമായ ആലങ്കാരിക ഭംഗി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എങ്കിലും ശുദ്ധവും ശാസ്ത്രീയവുമായ അടുക്കളകളൊരുക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
യോഗ്യമല്ലാത്ത പച്ചക്കറികളും ,പെട്ടെന്ന് മടുപ്പ് തോന്നാവുന്ന ജയ അരിയുമാണ് മിക്ക ഹോട്ടലുകളിലും ഉപയോഗിക്കുന്നത്. ചൈനീസ് ഫുഡ് ഫാസ്റ്റ്ഫുഡ് കടകളും ഇവിടെ സജ്ജീവമാണ്.
വില കുറഞ്ഞ പാചക എണ്ണകളുടെ പലനാളായുള്ള ഉപയോഗവും വീര്യം കൂടിയ സുഗന്ധദ്രവ്യങ്ങളുടെ അമിതോപയോഗവും മൂലം ഗുരുതരമായ ആരോഗ്യ അപകടങ്ങളാണ് ഇവിടത്തുകാര്‍ അനുഭവിക്കുന്നത്.
















