കൊടുങ്ങല്ലൂര്‍: നഗരത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്ന ചില ഹോട്ടലുകള്‍ ഒഴികെ മറ്റുള്ളവ ജനങ്ങളുടെ ആരോഗ്യത്തിന് വലിയ വില കല്‍പിക്കാത്തവയാണെന്ന് പൊതുവെ ആക്ഷേപമുണ്ട്. സാധാരണക്കാര്‍ എത്തുന്ന പല ഹോട്ടലുകളിലും അമിത വില ഈടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഇടക്കു നടത്തുന്ന പരിശോധനയില്‍ വന്‍കിട ഹോട്ടലുകളില്‍ നിന്നു പോലും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ജനത്തിരക്ക് കൂടുന്ന ഉത്സവക്കാലങ്ങളില്‍ പല ഹോട്ടലുകളിലും തീവെട്ടിക്കൊള്ളക്കു സമാനമായ രീതിയിലാണ് വില ഈടാക്കുന്നത്. പ്രത്യേകിച്ചും ജനലക്ഷങ്ങള്‍ എത്തുന്ന ഭരണി മഹോത്സവക്കാലത്തെല്ലാം സകല നിയമങ്ങളും ലംഘിച്ച് പണം വാരുന്ന പതിവുണ്ട്. ഈ സമയങ്ങളില്ലെല്ലാം ബന്ധപ്പെട്ട അധികൃതര്‍ കണ്ണടക്കുകയാണ് പതിവ്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളും എണ്ണകളും നിരവധി ഹോട്ടലുകളില്‍ ഉപയോഗിക്കുന്നതായും ആക്ഷേപം ഉണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ വേണ്ടതായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുവാന്‍ മതിയായ സംവിധാനമില്ല. നഗരത്തിലെ ചില പ്രധാന ഹോട്ടലുകളിലെ മലിനജലം പൊതു കാനകളിലേക്കാണ് ഒഴുക്കുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ നഗരസഭ മടിക്കുകയാണ്. പല ഹോട്ടലുകള്‍ക്കും സ്വന്തമായി മാലിന്യസംസ്‌കരണ സംവിധാനവുമില്ല.
















