മോഹിനിയാട്ടത്തിലൂടെ എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് പ്രമുഖ മോഹിനിയാട്ടം നര്‍ത്തകി ഡോ. ജയപ്രഭാമേനോന്‍. സാമൂതിരിയുടെ തട്ടകത്തില്‍ ചുവടുവെച്ച് കൈരളിയുടെ അതിര്‍ത്തികള്‍ കടന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി മോഹിനിയാട്ടമെന്ന ലാസ്യരസ പ്രധാനമായ കലാരൂപത്തെ ലോകത്തിന്റെ മുക്കിലും മൂലയിലും പരിചയപ്പെടുത്താന്‍ അവര്‍ക്കായെന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.
കേരളത്തിന്റെ തനത് കലാരൂപത്തിന്റെ തനിമ ചോരാതെയാണ് താന്‍ നടത്തുന്ന പരീക്ഷണങ്ങളെന്ന് ഡോ. ജയപ്രഭാ മോനോന് പറയുന്നു. ഭാരതത്തിനകത്തും പുറത്തുമുള്ള വേദികളില്‍ നിറഞ്ഞ കരഘോഷങ്ങളോടെ തന്റെ ഓരോ നൃത്തപരിപാടികളും അവസാനിക്കുന്നത് ആ പരീക്ഷണങ്ങള്‍ വിജയത്തിലെത്തിയെന്നതിന് തെളിവാണെന്ന് ഈ നര്‍ത്തകി ചൂണ്ടിക്കാട്ടുന്നു. ഓരോ കലാരൂപത്തിനും എന്തെങ്കിലും ഒരു സന്ദേശം നല്കാന് കഴിയണം. അത്രയും നേരം കണ്ടിരിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതെന്തെങ്കിലും അതിലുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കണം. ആഗോള സമൂഹവുമായി സംവദിക്കാന്‍ കഴിയുന്ന കൃതികള്‍ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിക്കപ്പെടുമ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കപ്പെടുന്നു. ആദിശങ്കരാചാര്യരുടെ കൃതിയായ ഭജഗോവിന്ദം മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഇത് ലോകത്തില്‍ എവിടെ അവതരിപ്പിച്ചാലും മനസ്സിലാകും.
അതുപോലെതന്നെയാണ് ഋതുക്കളും. ലോകത്തിലെവിടെ ചെന്നാലും അവിടുത്തെ ജനങ്ങളുമായി സംവദിക്കാന്‍ ഋതുക്കളെക്കുറിച്ച് പറഞ്ഞാല്‍ സാധിക്കും.
മോഹിനിയാട്ടത്തില്‍ ജയപ്രഭാമേനോന്‍ നടത്തിയ പരീക്ഷണങ്ങള്‍ അനവധിയാണ്. ഷട്കാല ഗോവിന്ദ മാരാരുടെ അഞ്ച് കൃതികള്‍ക്ക് മോഹിനിയാട്ടരൂപത്തില്‍ നൃത്തസംവിധാനം നടത്തിയതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അവസാനത്തേത്. ഷട്കാല ഗോവിന്ദ പഞ്ചരത്നം എന്ന പേരില്‍ അറിയപ്പെടുന്ന ഈ കൃതികള്‍ കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ സോപാന ശൈലിയിലാണ് അവതരിപ്പിക്കപ്പെട്ടത്. ഷട്കാല ഗോവിന്ദമാരാരുടെ ശിവകീര്‍ത്തനം നേരത്തെ ജയപ്രഭാമേനോന്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അഞ്ച് കൃതികള്‍ ഒന്നിച്ച് നൃത്തസംവിധാനം ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു.
പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത് വെല്ലുവിളി എന്നതിലുപരി എങ്ങനെ അവതരിപ്പിക്കാം എന്നത് ആകാംക്ഷ നിറയ്ക്കുന്നതാണെന്ന് ജയപ്രഭാമേനോന്‍ പറയുന്നു. ആരെങ്കിലും ചെയ്തതെടുത്ത് വീണ്ടും ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ പുതുമകള്‍ കണ്ടെത്തുന്നതിനോടാണ് താല്പര്യം. അത്തരം പുതുമകള്‍ക്കായി എത്ര കഷ്ടപ്പാട് സഹിക്കാനും തയ്യാറാണ്.
മലബാറിലെ ധീരവനിതകളുടെ കഥ മോഹിനിയാട്ടമായി അവതരിപ്പിക്കണമെന്ന ആഗ്രഹമുണ്ട്. അതില്‍ പ്രമുഖസ്ഥാനം ഉണ്ണിയാര്‍ച്ചയ്ക്ക് തന്നെ. ചരിത്രത്തില്‍ സ്ഥാനം പിടിച്ച മറ്റു സത്രീകളെ കൂടി കണ്ടെത്തണം. അതിനുള്ള അന്വേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും ജയപ്രഭാ പറഞ്ഞുവെയ്ക്കുന്നു.
കേരളം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും കലാകാരന്മാരെ അല്ലെങ്കില്‍ നൃത്തം പ്രൊഫഷനായി എടുക്കുന്നവരോടുള്ള സമീപനം കുറച്ചു കൂടി മാറേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് നൃത്തരംഗത്തേക്ക് ഒരുപാടുപേര് കടന്നുവരുന്നുണ്ട്. സ്കൂള്‍ കലോത്സവങ്ങള്‍ ഇതിന് സഹായിക്കുന്നുണ്ട്. നൃത്തം പ്രൊഫഷനായെടുക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ജയപ്രഭാ മേനോന് പറയുന്നു.
കലാമണ്ഡലം സരസ്വതിയാണ് ആദ്യ ഗുരു. വര്‍ഷങ്ങളോളം കലാമണ്ഡലം സരസ്വതിയുടെ കീഴിലായിരുന്നു നൃത്തപഠനം. പ്രസിദ്ധ ഭരതനാട്യനര്‍ത്തകന്‍ സി.വി. ചന്ദ്രശേഖര്‍, ഭാരതി ശിവജി എന്നിവരുടെ കീഴിലായിരുന്നു തുടര്‍ പഠനം. കാവാലം നാരായണപ്പണിക്കര്‍ക്ക് കീഴില്‍ സോപാന സംഗീത ശൈലിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെ മോഹിനിയാട്ടത്തിന് പുതിയൊരു മുഖം നല്‍കുന്നതിലും ഈ നര്‍ത്തകി വിജയിച്ചു.
പ്രാദേശികമായ താളങ്ങളും ലാസ്യഭാവങ്ങളും മോഹിനിയാട്ടത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ജയപ്രഭാമേനോനായി. കാവാലത്തിന് കീഴില്‍ കേരളത്തിന്റെ പ്രാദേശിക താള പദ്ധതികള്‍ എന്ന വിഷയത്തില്‍ ഗവേഷണവും നടത്തി. കാവാലം നാരായണപ്പണിക്കരുടെ വിടവാങ്ങലുണ്ടാക്കിയത് തീരാനഷ്ടമാണെന്ന് ജയപ്രഭാ മേനോന് പറയുന്നു. തേടിയെത്തിയ അംഗീകാരങ്ങള്‍ ഒരുപാടുണ്ടെങ്കിലും യുഎസ്സിലെ കിംഗ്സ് യൂണിവേഴ്സിറ്റി നല്കിയ അംഗീകാരവും കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാര്‍ഡും വേറിട്ടുനില്ക്കുന്നു. ബ്രിജു മഹാരാജ്, സോണല്‍ മാന്‍സിംഗ്, രാജ രാധ റെഡ്ഡി എന്നിവര്‍ക്കൊപ്പം നൃത്തം അവതരിപ്പിക്കാനായത് മറ്റൊരു ഭാഗ്യം.
വിവാഹശേഷം, 2003 ലാണ് ജയപ്രഭാമേനോന്‍ ന്യൂദല്‍ഹിയില്‍ എത്തുന്നത്. ഭര്‍ത്താവും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ജയപ്രകാശ് മേനോന്റെ പിന്തുണ കലാരംഗത്തെ മുന്നേറ്റത്തിന് കരുത്തായി. ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് മോഹിനിയാട്ടം എന്ന പേരില്‍ ന്യൂദല്‍ഹിയില്‍ നൃത്ത വിദ്യാലയവും നടത്തുന്നു. ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് മോഹിനിയാട്ടത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ന്യൂദല്‍ഹിയില്‍ സ്വാതി തിരുനാള്‍ സംഗീതോത്സവവും സംഘടിപ്പിക്കുന്നുണ്ട്.
കോഴിക്കോട് ചാലപ്പുറത്തെ ശ്രുതിയില്‍ എല്‍ഐസി അഡൈ്വസറായ കെ. വിജയരാഘവന്റെയും രുക്മിണിയുടെയും മകളാണ്. രാധികയും ജയ്കിഷനുമാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: