കാരക്കാസ്: വെനസ്വേലയിൽ ഇന്ന് തെരഞ്ഞെടുപ്പ്. ഭരണഘടനാ ഭേദഗതി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് പ്രസിഡന്‍റ് നിക്കോളാസ് മഡുറോ ആഹ്വാനം ചെയ്തത്.
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ മുതൽ വെനസ്വേലൻ തലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടന്നു വരികയാണ്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ അക്രമങ്ങളിലും, പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളിലും പെട്ട് നൂറിലേറെപ്പേർ കൊല്ലപ്പെടുകയും 2000ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത 2500ലേറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽ 900ലേറെ ഇപ്പോഴും ജയിലിലാണ്. അതേ സമയം പ്രസിഡന്റ് നിക്കോളയുടെ തെരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
















