തൃശൂര്‍: ഏങ്ങണ്ടിയൂരിലെ ദളിത് വിദ്യാര്‍ത്ഥി വിനായകന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് തുറുങ്കിലടക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഐജി ഓഫീസ് മാര്‍ച്ച് നടത്തി. ദേശീയസമിതി അംഗം ശരത്ശിവന്‍ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ ഫാസിസ്റ്റ് മനോഭാവം അവസാനിപ്പിക്കണമെന്നും കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരണാനന്തരം ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായം നല്‍കിയ സര്‍ക്കാര്‍ എന്തുകൊണ്ട് വിനായകന്റെ കുടുംബത്തിന് നേരെ കണ്ണടക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി എംജി റോഡില്‍ നിന്നും ആരംഭിച്ച് ഐജി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമായിരുന്നു ഐജി ഓഫീസിന് മുന്നില്‍ ഉണ്ടായിരുന്നത്. നേരിയതോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും നിയന്ത്രണവിധേയമായിരുന്നു.ഇടതുപക്ഷ സര്‍ക്കാരിന്റെ ദളിത് വിരുദ്ധനയങ്ങള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ സര്‍ഗ്ഗാത്മകമായി പ്രതിഷേധിച്ചു. സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം അഡ്വ. രമ്യ മേലൂട്ട്, ജില്ലാ ജോ. കണ്‍വീനര്‍ വിഷ്ണു, ജില്ലാസമിതി അംഗം രാഖി എന്നിവര്‍ സംസാരിച്ചു.
















