ജീവന് വെടിയാല്‍ താന്‍ തയ്യാറാണെന്ന് ദേവി പറഞ്ഞതു കേട്ടപ്പോള്‍, ഒരു രാക്ഷസി ഇരിപ്പിടത്തില്‍ നിന്നു ചാടിയെണീറ്റ് എല്ലാവരോടുമായി പറഞ്ഞു: ചങ്ങാതിമാരെ. നമ്മള് മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞിട്ട് എത്ര കാലമായി. ഈ സുന്ദരിക്കുട്ടിയെ തമ്പുരാന് ഇവിടെ കൊണ്ടുവന്ന അന്നു മുതല്ക്കേ എനിക്കുള്ള ആഗ്രഹമാണ്-ഇവളെ ഒറ്റയ്ക്ക് തിന്നണമെന്ന്. ഇവളെ കാണുന്തോറും എന്റെ കൊതി കൂടിക്കൂടി വരികയായിരുന്നു. ഇവളുടെ ഈ ഭംഗിയുള്ള നെഞ്ചും അതിനകത്തെ കരളും ചങ്കുമെല്ലാം കറുമുറെ കടിച്ചുതിന്നാന്‍ എനിക്ക് ആര്‍ത്തിയാണ്. ഇവളിപ്പോള്‍ ചാവാന്‍ സമ്മതിച്ചില്ലേ? നമുക്കൊരു കാര്യം ചെയ്താലെന്താ? ഇവളെ അങ്ങട്ട് കൊന്നാലോ? തമ്പുരാന് ചോദിച്ചാ, ഇവള് കെട്ടിത്തൂങ്ങി ചത്തു എന്നു പറയാം. ദേ, ഞാന്‍ പറഞ്ഞില്യാന്നു വേണ്ടാ. ഇവളെ തിന്നില്ലെങ്കി, ആര്‍ത്തി മൂത്ത് എനിക്ക് ഭ്രാന്താവും….
‘ഹനുമാന് പേടി തോന്നിക്കാണും, ഇല്ലേ മുത്തശ്ശാ.’ ശ്രീഹരിയുടെ മുഖത്തും അമ്പരപ്പ് നിഴലിട്ടിരുന്നു.
‘വായുപുത്രന് തെല്ലൊന്ന് പേടിക്കാതിരുന്നില്ല’ മുത്തശ്ശന് പറഞ്ഞു: എന്തും ചെയ്യാന്‍ മടിയില്ലാത്തവരല്ലേ രാക്ഷസവര്‍ഗ്ഗം. ആര്ത്തിമൂത്തുനിന്ന രാക്ഷസിയെ തടഞ്ഞുകൊണ്ട് മറ്റൊരുത്തി പറഞ്ഞു: അങ്ങനെ ഒരാളുടെ ആര്‍ത്തി മാത്രം തീര്‍ത്താല്‍ മതിയോ? ഞങ്ങളുടെ കൊതിയും തീരണ്ടേ? ചണ്ഡോദരീ, നീ പറഞ്ഞതു ശരിയാണ്. ഇവളെ നമുക്ക് കഴുത്തു ഞെരിച്ചു കൊല്ലാം. എന്നിട്ട് രാജാവിനെ അറിയിക്കാം. അവള് ചത്തുപോയെന്ന്.
കണ്ഠമസ്യാ നൃശംസായാഃ
പീഡയാമ കിമാസ്യതേ
നിവേദ്യതാം താതോ രാജ്ഞേ
മാനുഷീ സാമൃതേതി ഹ
അപ്പോള്‍ തീര്‍ച്ചയായും അദ്ദേഹം പറയും എന്നാല്‍ നിങ്ങള്‍ തിന്നുകൊള്ളൂ എന്ന്. ഇവളെ കഷണം കഷണമാക്കി നമുക്ക് പങ്കുവയ്ക്കാം. വായു പുത്രന് ദേവിയെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ആ മുഖത്ത് ലേശംപോലും ഭയമില്ലായിരുന്നു. എന്തോ തീരുമാനിച്ചുറച്ച മട്ടിലായിരുന്നു ദേവിയുടെ ഇരിപ്പ്. അത് വായുപുത്രനില്‍ അമ്പരപ്പ് വളര്‍ത്തി. അന്നേരമാണ് കൂട്ടത്തില്‍നിന്നു ഒട്ടുമാറി, സുഖനിദ്രകൊണ്ടിരുന്ന ഒരു രാക്ഷസി, ഉറക്കമുണര്‍ന്ന് എണീറ്റിരുന്നു. അവള് തെല്ലുനേരം ദേവിയെ ശ്രദ്ധിച്ചു; അപ്പോഴും ബഹളം വെച്ചിരുന്ന രാക്ഷസികളെ നോക്കി ഒച്ചയുയര്‍ത്തിപ്പറഞ്ഞു: മര്യാദകെട്ട നക്തഞ്ചരികളെ, നിങ്ങള്‍ക്ക് ആര്‍ത്തിയുണ്ടെങ്കില്‍ നിങ്ങളെത്തന്നെ കടിച്ചുതിന്നോളൂ. ഈ ദേവിയെ നിങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കിട്ടില്ല. ഞാനിപ്പോള്‍ ഒരു സ്വപ്നം കണ്ടു. എന്താണെന്നോ? രാമപത്നിയെ നിങ്ങളിങ്ങനെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയൊന്നും വേണ്ടാ. അവരെ രക്ഷിക്കാന്‍ രാമന് വരുന്നു. അദ്ദേഹം ലങ്ക മുഴുവന്‍ ചുട്ടുകരിക്കും; ലങ്കേശനെ കൊല്ലും; ദേവിയെ കൊണ്ടുപോവും. ഞാനെല്ലാം വിസ്തരിച്ചുകണ്ടു.
സ്വപ്നോ ഹൃദ്യമയാ ദൃഷ്ടോ
ദാരുണോ രോമഹര്ഷണാഃ
രാക്ഷസാനാമഭാവായ
ഭര്തൃരസ്യാ ഭവായച
‘രാക്ഷസികള്‍ പേടിച്ചു, അല്ലേ?’ ശ്രീഹരി തിരക്കി.
‘പിന്നില്ലേ?’ മുത്തശ്ശന് തുടര്‍ന്നു: ‘സീതയെ ഉറങ്ങാന്‍ വിട്ട് രാക്ഷസികള്‍ ഒട്ടുമാറി മയങ്ങാന്‍ കിടന്നു. കിടന്നപാടെ മിക്കവരും ഉറക്കത്തിലാണ്ടു. കൂര്‍ക്കം വലിച്ചുറങ്ങുന്ന രാക്ഷസികള്ക്കു കാവലിരിക്കുകയാണ് ദേവി എന്നു ഹനുമാന് തോന്നി. എല്ലാ ശ്രദ്ധയും ഹനുമാന് ദേവിയിലൂന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: