‘ഇന്ദ്രാജ്ഞയാല്‍ മത്തരായ മേഘങ്ങള്‍ അതികഠിനമായ പേമാരിചൊരിഞ്ഞ് ഗോകുലത്തെ പീഡിപ്പിക്കാന്‍ തുടങ്ങി. മേഘഗര്ജനംകൊണ്ട് അന്തരീക്ഷം സദാ ശബ്ദമുഖരിതമായി. ഇടവിടാതെ മിന്നല്‍പ്പിണരുകള്‍ വീശി. കൊടുങ്കാറ്റിന്റെ കരുത്തില്‍ കാര്‍മേഘങ്ങള്‍ കല്ച്ചീളുകള് പോലെ വര്‍ഷിച്ചു. പ്രളയ സമാനമായ പേമാരിയില്‍ ഭൂമിയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ അമ്പേ കാണാതായി. കൊടുങ്കാറ്റും പേമാരിയും കൊണ്ട് തണുത്തുവിറച്ച് ആര്‍ത്തരായ ഗോകുലവാസികള്‍ കൃഷ്ണനെ അഭയം പ്രാപിച്ചു. കൃഷ്ണ കൃഷ്ണാ അവിടുന്ന് ഞങ്ങളെ കാത്തുരക്ഷിച്ചാലും!’ . ഇന്ദ്രന്റെ ഗര്‍വ്വിനെ തകര്‍ക്കാനായിരുന്നു ഭഗവാന്റെ നിശ്ചയം. ‘സദ്ഗുണ സമ്പന്നരായ ദേവന്മാര്ക്ക് അഹങ്കാരം പാടില്ല. ‘എന്നെ ശരണം പ്രാപിച്ച നിങ്ങളെ രക്ഷിക്കുകയെന്നത് എന്റെ ദൃഢനിശ്ചയമാണ’്. അദ്ദേഹം പറഞ്ഞു ‘ഇങ്ങനെ പറഞ്ഞശേഷം കേവലം കൂണിനെയെന്നപോലെ ഭഗവാന് ഗോവര്‍ദ്ധന പര്‍വ്വതത്തെ ഒറ്റ കൈകൊണ്ട് പൊക്കിയെടുത്തു’. ‘പ്രജാവാസികളെ, ഈ ഗിരി ഗര്‍ത്തത്തില്‍ നിങ്ങള്‍ ഗോക്കളൊന്നിച്ച് സുഖമായി പാര്‍ക്കുക. എന്റെ കൈയ്യില്‍നിന്ന് ഈ പര്‍വ്വതം താഴെവീഴുമെന്ന് ഭയപ്പെടേണ്ട.
കാറ്റും മഴയും നിങ്ങളെ ദ്രോഹിക്കില്ല. നിങ്ങള്‍ക്ക് ഞാന്‍ രക്ഷനല്‍കിയിരിക്കുന്നു’. നീണ്ട ഏഴുനാള്‍ ഗോപ-ഗോപികമാര്‍ തങ്ങളുടെ പൈക്കളുമൊത്ത് ഗോവര്ദ്ധനക്കുടയില് വിശപ്പും ദാഹവും തീണ്ടാതെ കഴിഞ്ഞു. കൃഷ്ണപ്രഭാവത്തില് വിസ്മിതനായ ഇന്ദ്രന് അഹങ്കാരം വെടിഞ്ഞു. മേഘങ്ങളെ മടക്കി വിളിച്ചു. വാനം തെളിഞ്ഞു. അപ്പോള്‍ സര്‍വ്വ ജീവികളും നോക്കിനില്‍ക്കെ ശ്രീഹരി ഗോവര്‍ദ്ധനത്തെ യഥാസ്ഥാനത്ത് തിരികെവെച്ചു.
വേഷപ്രച്ഛന്നനായ ഇന്ദ്രന് ദേവകളും കാമധേനുവുമൊത്ത് ഭഗവാനെ പ്രാപിച്ച് ക്ഷമയാചിച്ചതും ഗോമാതാവായ സുരഭി ഭഗവാനെ സ്വന്തം പാല് കൊണ്ടഭിഷേകം ചെയ്തതും തുടര്‍ന്നു നടന്ന സംഭവം. ഗോക്കളെയും സ്വര്‍ഗ്ഗത്തെയും രക്ഷിക്കുന്നവനാകക്കൊണ്ട് കൃഷ്ണന് ഗോവിന്ദന് എന്ന പേര് വന്നതും അപ്പോള്‍തന്നെ……
അന്ന്, ആ ദ്വാപരയുഗസന്ധ്യയില്‍ കണ്ണന് എടുത്തുയര്‍ത്തിയ ഗോവര്‍ദ്ധനഗിരിയുടെ മടിത്തട്ടില്‍ നില്ക്കുമ്പോള് എങ്ങുനിന്നോ ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരുന്നതായാണ് അനുഭവപ്പെടുക. അങ്ങിങ്ങായി കൂട്ടം കൂടി നില്ക്കുന്ന കാലികള്‍ കണ്ണന്റെ കുഴല്വിളിയ്ക്കായി ചെവി വട്ടം പിടിക്കുന്നു. കുറ്റിക്കാടുകളും പേരറിയാമരങ്ങളുമൊക്കെ അനന്തമായ ധ്യാനത്തിലാണ്. മീനമാസചൂടില്‍ ചുട്ടുപൊള്ളുന്ന റോഡില്‍ അപൂര്‍വ്വമായി പരിക്രമണം നടത്തുന്ന ഭക്തരുടെ കീര്‍ത്തനങ്ങള്‍മാത്രം ഇടയ്ക്കിടെ കേള്‍ക്കാം. ഗോവര്‍ദ്ധന ഗിരിധാരിയുടെ സാന്നിധ്യം നിറയുന്ന ഈ നടപ്പാതകളില്‍ ചൂട് അവര്‍ക്കൊരു പ്രശ്നമല്ല. ചൂട് സഹിക്കാനാവാത്തവര്‍ റിക്ഷയിലാണ് പര്‍വ്വതരാജനെ പ്രദക്ഷിണം വയ്ക്കുന്നത്. അതിനും വയ്യാത്തവര്‍ മോട്ടോര്‍ കാറില്‍. പക്ഷേ ഏറെയും നാട്ടുകാര്‍, മറുനാട്ടുകാര്‍ തീരെ കുറവ്. ആ യാത്രയും നോക്കി വാനരപ്പടയും അണ്ണാരക്കണ്ണനുമൊക്കെ അലസം വിശ്രമിക്കുന്നു. പൊക്കം കുറഞ്ഞ മരങ്ങളും കുറ്റിക്കാടുകളുമൊക്കെയാണ് പര്‍വ്വതത്തില്‍ ഏറെയും. അതിനിടയിലെങ്ങും കൂറ്റന്‍ മണല്‍ കല്ലുകള്‍ ചിതറിത്തെറിച്ച് സ്ഥാനം തെറ്റിക്കിടക്കുന്നു. ഭഗവാന് പര്‍വ്വതം തിരികെ വച്ചപ്പോള്‍ അലങ്കോലപ്പെട്ടതുപോലെ.
പേരുപോലെ കൂറ്റന്‍ പര്‍വ്വതമല്ല ഗോവര്‍ദ്ധനം. മഥുരയില്‍നിന്ന് 24 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഉയരം കുറഞ്ഞ ഒരു വലിയ കുന്ന്. ഏറിയാല്‍ 6-7 കിലോമീറ്റര്‍ ദൈര്‍ഘ്യം മാത്രം. വര്‍ഷം തോറും ഗോവര്ദ്ധനത്തിന് ഉയരം കുറഞ്ഞ് വരുന്നതായി വിശ്വാസികളും നാട്ടുകാരും അഭിപ്രായപ്പെടുന്നുണ്ട്. ഗോകുലത്തില്‍ ഐശ്വര്യം ലഭിക്കാന്‍ ഇന്ദ്രന് യാഗം കഴിക്കണമെന്നായിരുന്നു നന്ദഗോപരുടെയും കൂട്ടരുടെയും കറയറ്റ വിശ്വാസം. എങ്കിലേ ഇന്ദ്രന് മഴ നല്‍കൂ. മഴ ലഭിച്ചാലേ ഗോവര്‍ദ്ധനത്തില്‍ കാലികളെ വളര്‍ത്താനുള്ള വെള്ളവും പുല്ലും ലഭിക്കൂ. പക്ഷേ, കൃഷ്ണനും ബലരാമനും എതിര്‍വാദമുയര്‍ത്തി? മേഘങ്ങളാണ് മഴ തരുന്നതെന്ന് കൃഷ്ണന് വാദിച്ചു. അവയെ തടഞ്ഞുനിര്‍ത്തുന്നത് പര്‍വ്വതം. അപ്പോള്‍ പൂജ നല്‍കേണ്ടത് ആര്‍ക്ക് ? കാട്ടിലും മലയിലും ജീവിച്ച് പശുക്കളെ വളര്‍ത്തി കഴിയുന്ന ഗോപന്മാര് പൂജിക്കേണ്ടത് പശുക്കളേയും അവയ്ക്ക് ഇളം പുല്ല് നല്കുന്ന ഗോവര്‍ദ്ധന പര്വ്വതത്തേയുമാണ്. ആ നിര്‍ദ്ദേശമനുസരിച്ച് ഗോപന്മാര് ഗോവര്‍ദ്ധനത്തെ പൂജിച്ചു. യജ്ഞം നടത്തി. കാളവണ്ടിയില്‍ ആ പര്‍വ്വതത്തെ പ്രദക്ഷിണം ചെയ്തു. യജ്ഞശേഷം ഭഗവാന് പര്‍വ്വത രാജന്റെ രൂപം കൈക്കൊണ്ട് യജ്ഞത്തില്‍ അര്‍പ്പിച്ച വിഭവങ്ങള്‍ ഭക്ഷിച്ച് ഗോപന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഇന്ദ്രന്റെ താണ്ഡവം.
ഗോപജനങ്ങള് അന്നു തുടങ്ങിയ പരിക്രമം ഇന്നും തുടരുന്നു. 1515 ല്‍ ചൈതന്യ മഹാപ്രഭു പരിക്രമം ചെയ്ത അതേ വഴിയിലൂടെ. ആഗ്രഹസാഫല്യമാണ് പലരുടെയും ഉള്ളിന്റെയുള്ളില്‍ . ശ്രീ ഗിരിരാജ് ജി മഹാരാജ് ഭാന്ഘാടി ഗോവര്ദ്ധന് ക്ഷേത്രത്തിനു മുന്നില്‍ നിന്നാണ് പരിക്രമത്തിന്റെ ആരംഭം. അവിടെ ഭഗവാന്റെ ഈശ്വരാംശമായ ഗിരിരാജന്റെ കൂറ്റന്‍ ശിലാഖണ്ഡത്തില്‍ തിക്കിനും തിരക്കിനുമിടയില്‍ പാലഭിഷേകം. നൂറുകണക്കിനു ഭക്തരാണ് പാലഭിഷേകത്തിനു തിരക്കുകൂട്ടുന്നത്. തുടര്‍ന്ന് മട്ടുപ്പാവിലെ ഗോവര്‍ദ്ധന ഉദ്ധാരണ ശില്പത്തെ സാക്ഷി നിര്‍ത്തി തുടക്കം. പരിക്രമ വഴിയില്‍ രാധാകുണ്ഡും ശ്യാമകുണ്ഡുമുണ്ട്. നിരവധി ചെറുക്ഷേത്രങ്ങളുമുണ്ട്. അതിലൊന്ന് കുസും സരോവര്‍. രാസക്രിഡാവേളയില് കണ്ണന് രാധയുമായി സല്ലപിച്ചിരുന്ന് വാര്‍മുടിയില്‍ പൂചൂടിക്കുകയും ചെയ്ത സ്ഥലം. രാധാവന വിഹാരിജി ക്ഷേത്രവും ഉദ്ധവജിക്ഷേത്രവുമൊക്കെ ഇതിനരികില്ത്തന്നെ.
മഥുരയും വൃന്ദാവനുമൊക്കെ ഏറെ പരിഷ്കരിക്കപ്പെട്ടു. പക്ഷേ ഗോവര്‍ദ്ധനത്തിന്റെ പരിസരം തികച്ചും ഗ്രാമീണമാണ്. വിനോദസഞ്ചാരികളെക്കാളും വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന സ്ഥലം. അവിടെ ഗോവര്‍ദ്ധനം ഈശ്വരാംഗം തന്നെയാണ്. കണ്ണന്റെ കാണപ്പെട്ട ആകാരം പോലെ. ഗോവര്ദ്ധനമാവട്ടെ കണ്ണനെക്കാത്ത് തന്റെ കാത്തിരിപ്പ് തുടരും. എന്നെങ്കിലും സംഭവിച്ചേക്കാവുന്ന ആ ദ്വാപരയുഗസന്ധ്യകള്ക്കായി കാതോര്‍ത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: