ചിത്രരചനയും ചലച്ചിത്രവുംതമ്മില്‍ നടത്തുന്ന സംവാദസംഘര്‍ഷത്തില്‍ ഉണ്ടാകുന്ന കലയെ മലയാള സിനിമാലോകത്ത് നാം ആദ്യം കണ്ടെത്തിയത് ഭരതനിലാണ്. സ്ഥലകാലങ്ങളും അവയ്ക്കിണങ്ങിയ അന്തരീക്ഷ കല്പ്പനകളുംകൊണ്ടു തീര്‍ത്ത വര്‍ണ്ണചിത്രങ്ങളെ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കുകയായിരുന്നു ഭരതന്. മനുഷ്യജീവിതത്തേയും പ്രപഞ്ചത്തേയും അതിന്റെ എല്ലാവിധ സ്വഭാവങ്ങളുംകൂടി ചായങ്ങളില്‍ ഒരുക്കിയിടത്തുനിന്നാണ് ജീവിതവികാരങ്ങളെ കറുപ്പിലും വെളുപ്പിലും നിറങ്ങളിലും ക്യാമറകളില്‍ എഴുതുന്ന ചലച്ചിത്രത്തിലേക്കു അദ്ദേഹം വന്നത്. ജീവിതത്തേയും നിറങ്ങളേയും കുറിച്ചുള്ള തിരിച്ചറിവില്‍ അസത്യങ്ങളെ സത്യമാക്കുന്ന സിനിമ അങ്ങനെ ഭരതന്റെ കയ്യില്‍ ഭദ്രമായി. ഇന്ന് ഭരതന്റെ ഓര്‍മദിനം.
ഇതിവൃത്തവും പ്രതിപാദനവുംകൊണ്ട് മലയാള സിനിമയില്‍ മാറ്റങ്ങളുടെ തിരയിളക്കംകൊണ്ടുവന്നത് മൂവര്‍സംഘമാണ്, ഭരതനും പത്മരാജനും കെ.ജി.ജോര്‍ജും. കലയും കച്ചവടവും സമാസമം കൊണ്ടുപോകുന്നതിനു പകരം പ്രേക്ഷകാഭിരുചിയെ കുറെക്കൂടി കലയിലേക്കടുപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. രുചിഭേദങ്ങളുടെ പുതുമ തിരിച്ചറിഞ്ഞ കാണിഖല് അവരുടെ സിനിമകള്‍ക്കു കൈയ്യടിച്ചു. അങ്ങനെ മലയാളത്തില്‍ നവ ദൃശ്യസംസ്ക്കാരത്തിനു വെള്ളവും വളവും ചേര്‍ത്തുകൊണ്ട് ഭരതന് മുന്നേറി.
പത്മരാജന്റെ തിരക്കഥ എഴുതിയ പ്രയാണത്തിലൂടെയായിരുന്നു ഭരതന്റെ അരങ്ങേറ്റം. പുതുമയുടെ വാഗ്ദാനമുണര്‍ത്തിക്കൊണ്ട് ഭരതന് പ്രയാണം തുടങ്ങി. പിന്നെ മലയാളി ഇന്നും മനസില്‍ താലോലിക്കുന്ന നിരവധി ചിത്രങ്ങള്‍ ഭരതന് ചെയ്തു. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലുമായി അന്‍പതോളം ചിത്രങ്ങള്‍. ഓരോന്നും മറ്റൊന്നിനോട് അനുബന്ധമില്ലാത്ത ചിത്രങ്ങള്‍. ചാമരം, തകര, മര്മ്മരം, ആലോലം, കാറ്റത്തെ കിളിക്കൂട്,പാഥേയം, താഴ്വാരം, രതിനിര്‍വേദം, അമരം, നിദ്ര, ചാട്ട എന്നിങ്ങനെ മലയാളത്തിന്റെ ക്ളാസിക് എന്നുതന്നെ പറയാവുന്ന ചിത്രങ്ങള്‍. ഒരുപക്ഷേ മലയാളി പ്രേക്ഷകന് തങ്ങള്‍ക്കിഷ്ടപ്പെട്ടതെന്ന് ഉള്ളില്‍ പറഞ്ഞവയാണ് ഭരതന് ആവിഷ്ക്കരിച്ച ചിത്രങ്ങള്‍.
ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും കുറെക്കൂടി അടുത്തും ഒപ്പം വ്യത്യസ്തമായും ഭരതന് സിനിമകളില്‍ അവതരിപ്പിച്ചു. ചിരിയും കരച്ചിലും പകയും സെക്സും വയലന്‍സും എല്ലാം. പക്ഷേ അതിനെല്ലാം ഒരു ഭരതന് ടച്ചുണ്ടായിരുന്നു, എന്തും വേറിട്ടുകാണുന്ന നിരീക്ഷണം. ഭരതന് സിനിമകളിലൂടെയാകണം പ്രേക്ഷകന് മരംചുറ്റി പ്രേമത്തിനു പകരം മനസിലെ തുള്ളിത്തുളുമ്പുന്ന പ്രണയ കൗതുകങ്ങള്‍ തിരിച്ചു പിടിച്ചത് സംവിധായകന്റെ കലയാണ് സിനിമയെന്നു ഉറപ്പിക്കുന്ന നിര്‍മിതികളായിരുന്നു അത്. വിജൃംഭിതമായ അവസ്ഥയിലായിരുന്നില്ല ഭരതന് സിനിമകളിലെ സെക്സ്. അതിലുമൊരു കലയുണ്ടായിരുന്നു. പഴയ ക്ഷേത്രങ്ങളിലെ രതിശില്‍പ്പങ്ങള്‍പോലെ.
എംടി,.ജോണ്‍പോള്‍, ടി.ദാമോദരന്‍, ലോഹിതദാസ് തുടങ്ങിയവരുടെ തിരക്കഥകള്‍ക്കുള്ള ശക്തമായ ദൃശ്യഭാഷയായിരുന്നു ഭരതന് ചിത്രങ്ങള്‍ നടീനടന്മാരുടെ പെരുമാറ്റങ്ങളിലും ക്യാമറയിലും പരിസരാന്തരീക്ഷത്തിലും നിറങ്ങളുടെ മൂഡിലുമൊക്കെ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയ രചനകളായിരുന്നു ഭരതന്റേത്. മലയാള സിനിമയില്‍ ഭരതനെ കവിഞ്ഞ ന്യൂജന്‍ സിനിമകള്‍ ഇന്നും ഉണ്ടായിട്ടില്ല. അതിനു പിന്നിലാണ് അവയെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: