പാനമ കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പുറത്തായത് അവിടത്തെ രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ അസമമാകുന്ന വാര്‍ത്തയാണ്. പാക്കിസ്ഥാനില്‍ ഉറച്ചൊരു നീതിയോ അതുപരിപാലിക്കുന്ന നിയമങ്ങളുള്ള കോടതിയോ ഉണ്ടോയെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചേക്കാം. ഇപ്പോള്‍ സുപ്രീംകോടതി ഇങ്ങനെയൊരു വിധി പ്രസ്താവിച്ചതിന്റെ പിന്നില്‍ പാക്പട്ടാളത്തിന്റെ കൂടി സമ്മര്‍ദമുണ്ടോയെന്നും കരുതുന്നവരും ഏറെയാണ്. ജനാധിപത്യത്തിനു പകരം മതവും പട്ടാളവും കൂടി മുഷ്ക്കുകാട്ടി ഭരിക്കുന്ന നാടാണ് പാക്കിസ്ഥാന്.
ഒരുകോടിയിലധികം രഹസ്യരേഖകളാണ് പാനമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉന്നതരുടെ അഴിമതിപ്പണം കാത്തുസൂക്ഷിക്കുന്ന നിയമ സ്ഥാപനം പുറത്തുവിട്ടത്. പല രാഷ്ട്രത്തലവന്മാരും ഉന്നതരാഷ്ട്രീയ നേതാക്കളും ഞെട്ടലിന്റെ ചൂട് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ നേട്ടമികവുകൂടിയാണിത്. അന്താരാഷ്ട്ര ജേര്‍ണ്ണലിസ്റ്റ് കണ്‍സോര്‍ഷ്യമാണ് രഹസ്യരേഖകള്ക്കു പിന്നാലെപോയി ഈടുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചത്. നവാസിന്റെ കുടുംബം മുഴുവനുമാണ് അഴിമതി രേഖവഴി അധികാരത്തില്‍നിന്നും പുറത്താകുന്നത്. നവാസ് ഷെറീഫ് എന്ന പിതാവാണ് ഭരിച്ചിരുന്നതെങ്കിലും മറിയം എന്ന മകളും രണ്ടാണ്മക്കളും കൂടിയാണ് ഭരണപരമായ കൈകടത്തലുകള്‍ നടത്തിയിരുന്നത്. നവാസിനുശേഷം മകള്‍ മറിയം എന്ന പേരാണ് കേട്ടിരുന്നത്. അതും തകര്‍ന്നു തരിപ്പണമായി. മകള്‍ സമര്‍പ്പിച്ചതും വ്യാജരേഖയാണെന്നു തെളിഞ്ഞു. ലണ്ടനിലെ ഏറ്റവും വിലകൂടിയ സ്ഥലങ്ങളില്‍ നവാസ് കുടുംബത്തിനു ഫ്ളാറ്റുകളും മറ്റും ഉള്ളത് അഴിമതിയുടെ ഭാഗമാണ്.
പാക് രാഷ്ട്രീയത്തിന്റെ തലതിരിഞ്ഞ അവസ്ഥയാണ് നവാസിന്റെ പുറത്തുപോക്കും കാണിക്കുന്നത്. പാക് രാഷ്ട്രത്തലവന്മാരുടെ തലവിധി എന്നും ഇങ്ങനെതന്നെയായിരുന്നു. കാലാവധി പൂര്‍ത്തിയാകാതെ പുറത്തുപോകുക. അത് എങ്ങനെയുമാകാം. ഒന്നുകില്‍ അപമൃത്യു. അല്ലെങ്കില്‍ സൈനിക അട്ടിമറി. അതുമല്ലെങ്കില്‍ ഇത്തരം പുറത്തുപോക്ക്. ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനില്‍ തുങ്ങിയതാണ് ഈ കാലാവധി തികയ്ക്കാതെയുള്ള പുറത്തുപോകല്‍. വെടിയേറ്റു മരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊക്കെ ഏതുരാജ്യത്തും സംഭവിക്കുന്ന അനിശ്ചിതത്വങ്ങളും അസ്ഥിരതകളുമാണെന്നു പറഞ്ഞ് കൈകഴുകാനാവില്ല. കാരണം ആര് പ്രധാന മന്ത്രിയായാലും അതിനുംമേലെ പാക്കിസ്ഥാനില്‍ ഭരിക്കുന്നത് പട്ടാളവും മതവുമാണ്. പട്ടാളത്തിന്റെ കാവലില്‍ ഭരിക്കുന്ന മതഭരണമെന്നോ മതത്തിന്റെ ആശിര്‍വാദത്തില്‍ ഭരിക്കുന്ന പട്ടാള ഭരണമെന്നോ എന്നുകൂടി പറയാം പാക് അവസ്ഥ. ഈ അവിഹിത കൂട്ടുകെട്ടിന്റെ കൈപ്പിടിയില്‍നിന്നും ഒരു രാഷ്ട്രീയത്തിനോ ഭരണത്തലവനോ രക്ഷയില്ല. നവാസ് പുറത്തുപോകാന്‍ അഴിമതി വലിയ കാരണമാണെങ്കിലും അതിനോടൊപ്പം തന്നെ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ മൃദുസമീപനം പട്ടാളത്തെ പ്രകോപിപ്പിച്ചിരുന്നു. നവാസ് ഷെറീഫിന്റെ കാര്യത്തില്‍ പാക് സുപ്രീംകോടതിക്കുമേല്‍ പട്ടാളത്തിന്റെ സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നത്.
ഇന്ത്യയോടു പരമാവധി ശത്രുവായിത്തീരുക എന്നതാണ് പാക്നയം. ഈ ശത്രുതയുടെകൂടി പ്രതിനിധിയായിരിക്കണം അവിടത്തെ പ്രധാന മന്ത്രിമാര്‍ എന്നുള്ളതാണ് പാക്കിസ്ഥാനിലെ അപ്രഖ്യാപിത നിയമം. മതവും ഭീകരതയും പട്ടാളവും കൂടി കുട്ടിച്ചോറാക്കിയതിന്റെ ഉഛിഷ്ടമാണ് അവിടത്തെ രാഷ്ട്രത്തലവന്മാര് ഭുജിക്കുന്നത്. ഇന്ത്യയിലേക്ക് നിരന്തരം ഭീകരത കയറ്റിയയക്കുകയാണ് പാക്കിസ്ഥാന്. ഇന്ത്യയില്‍ നടന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ അധികവും പാക്കിസ്ഥാനാണ്. ഒരു നവാസ് ഷെരീഫിന്റെയോ മറ്റാരുടേയുമെങ്കിലോ പുറത്താകലിന്റെ പേരില്‍ ഇല്ലാതാകുന്നതല്ല പാക്കിസ്ഥാനിലെ അഴിമതിയും അസമാധാനവും അശാന്തിയും. സിറിയയും അഫ്ഘാനിസ്ഥാനും ഇറാക്കുംപോലെ ആഭ്യന്തര യുദ്ധത്തില്‍ തീരാനിരിക്കുന്നതിന്റെ ആരംഭങ്ങള്‍ മാത്രമാണിതെന്ന് ബദല്വായനയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: