രണ്ടാഴ്ച മുമ്പ് ബംഗാളില്‍ പ്രശസ്തനായൊരു ചലച്ചിത്ര സംവിധായകന് കല്‍ക്കത്ത ക്ലബ്ബില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച സംഭവം പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. താന്‍കൂടി പങ്കെടുക്കേണ്ടിയിരുന്ന ഒരു സെമിനാറിനാണദ്ദേഹം അവിടെ പോയത്. അദ്ദേഹം കല്‍ക്കത്ത ക്ലബ്ബില്‍ കടക്കാന്‍ തക്കവിധം മാന്യമായ വേഷം ധരിച്ചല്ല എത്തിയതെന്നായിരുന്നത്രേ നിഷേധത്തിനു കാരണമായി പറയപ്പെട്ടത്. രണ്ടു നൂറ്റാണ്ടുകള്‍ മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് മാത്രം പ്രവേശിക്കുന്നതിന് സ്ഥാപിച്ചതായിരുന്നു ക്ലബ്. അവിടെ ഒാരോ അവസരത്തിനനുസരിച്ചു മാത്രമേ കടക്കാമായിരുന്നുള്ളൂ. പിന്നീട് ആംഗലീകൃത ബംഗാളി ബാബുമാര്ക്കും അവര്‍ ഐപിഎസ്സുകാരും അതുപോലത്തെ ഉന്നതരുമാണെങ്കില് കടക്കാന്‍ അനുമതിയും നല്കപ്പെട്ടു.
നമ്മുടെ ചലച്ചിത്ര നിര്‍മാതാവ് ബംഗാളി ‘ഭദ്രലോക്’ എന്നറിയപ്പെടുന്ന സമൂഹത്തിന്റെ വേഷമായ കുര്‍ത്തയും ദോത്തിയുമാണ് ധരിച്ചത്. ബംഗാളിലെ മിക്ക രാഷ്ട്രീയനേതാക്കളും അതേ വേഷത്തില്‍ സഞ്ചരിക്കുന്നു. ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയും ശ്യാമപ്രസാദ് മുഖര്‍ജിയും സോമനാഥ ചാറ്റര്‍ജിയും ഡോ. ബി.സി. റോയിയും മറ്റും അങ്ങനെതന്നെയാണ് വസ്ത്രധാരണം ചെയ്തിരുന്നത്. കാലം മാറുകയും സായിപ്പ് പോയി മുക്കാല്‍ നൂറ്റാണ്ടിനടുത്തെത്തുകയും ചെയ്തിട്ടും കല്‍ക്കത്ത ക്ലബ് ഇന്നും 19-ാം നൂറ്റാണ്ടിന്റെ അന്തരീക്ഷത്തിലാണെന്ന കാര്യം ദയനീയംതന്നെ. ചലച്ചിത്ര നിര്‍മ്മാതാവ് അവിടെ കുറേ വാഗ്വാദത്തിനുശേഷം പ്രവേശിപ്പിക്കപ്പെട്ടത് ഭാഗ്യം. ഈ വിഷയം നമ്മുടെ മതേതര, ഇടതുപക്ഷ, മോദിവിരുദ്ധ മാധ്യമങ്ങള്‍ ആഘോഷിച്ചില്ലെന്നതും വിചിത്രമാണ്. അവര്‍ക്ക് ആഘോഷിക്കാന്‍ എന്തൊക്കെ മര്‍മപ്രധാന വിഷയങ്ങള്‍ കിടക്കുന്നു. നിഴല്‍യുദ്ധത്തിന് എത്രയെത്ര സാങ്കല്പിക ശത്രുക്കളാണുള്ളത്?
ഈ വേഷപ്രശ്നം മുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസ് ക്രിക്കറ്റ് ക്ലബ്ബ് വി.ആര്. കൃഷ്ണയ്യരെ ആദരിക്കാനായി ഒരു ചടങ്ങ് വച്ചിരുന്നു. അവരുടെ വാര്ഷികയോഗമോ മറ്റോ ആയിരുന്നു അവസരം. സുപ്രിംകോടതിയില്‍നിന്ന് വിരമിച്ചശേഷം ഭാരതത്തില്‍ എവിടെ പോകുമ്പോഴും കൃഷ്ണയ്യര്‍ കേരളീയ വേഷമായ മുണ്ടും മുഴുക്കൈ ഷര്‍ട്ടുമാണ് ധരിക്കാറ്. ആ വേഷത്തില്‍ത്തന്നെ അദ്ദേഹം ക്രിക്കറ്റ് ക്ലബിന്റെ ഒാഫീസിലെത്തി. ആ വേഷത്തില്‍ അകത്തുകടക്കാന്‍ അവിടത്തെ കാവല്ക്കാര് സമ്മതിക്കാത്തതിനാല്‍ സ്വാമി തിരിച്ചുപോയി. സമയക്ലിപ്തത പാലിക്കുന്ന അദ്ദേഹത്തെക്കാത്ത് ക്രിക്കറ്റിന്റെ മുതലാളിമാര്‍ ബൊക്കെയും മാലയുമായി പോര്‍ച്ചില്‍നിന്ന് മുഷിഞ്ഞ്, ഫോണില്‍ വിളിച്ചന്വേഷിച്ചു. താന്‍ സമയത്തിനു മുമ്പുതന്നെ എത്തിയതാണെന്നും അകത്തു കടക്കാന്‍ അനുമതി കിട്ടായ്കയാല്‍ തിരിച്ചു വസതിയിലേക്കു പോന്നുവെന്നും ജസ്റ്റിസ് അയ്യര്‍ അറിയിച്ചു. വളരെ താഴ്മയോടെ അനവധി മാപ്പപേക്ഷകള്ക്കുശേഷം അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുകയും ബഹുമതി തനിക്കാണോ തന്റെ വേഷത്തിനാണോ എന്ന പ്രസക്തമായ ചോദ്യം മറുപടിപ്രസംഗത്തില്‍ ഉന്നയിക്കുകയും ചെയ്തുവത്രേ.
ഈ സംഭവത്തെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കരുണാനിധി ക്രിക്കറ്റ് മാടമ്പിമാരെ അധിക്ഷേപിക്കുകയും മുണ്ടടുത്തുവന്നുവെന്ന കാരണത്തില്‍ ആര്‍ക്കും വിലക്ക് പാടില്ലെന്ന ഉത്തരവുതന്നെ ഇറക്കിയതായും വാര്‍ത്തയുണ്ടായിരുന്നു. സ്വാതന്ത്ര്യം കഴിഞ്ഞ് നാട്ടിലെ ഔദ്യോഗികവേഷം എന്താവണമെന്നതിനെക്കുറിച്ച് ചിന്തിച്ചവരില്‍ ‘കിരാത’നും ഏകാധിപതിയുമായിരുന്ന തിരുവിതാംകൂര്‍ ദിവാന് സര് സി.പി. രാമസ്വാമി അയ്യരുടെ പേരു എടുത്തുപറയേണ്ടതാണ്. അദ്ദേഹം ദിവാനായിരിക്കെ മുണ്ടും ജൂബ്ബയുമായിരിക്കും ഔദ്യോഗികവേഷമെന്ന് തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോളേജധ്യാപകരുമെല്ലാം മുണ്ടും ജൂബ്ബയും ധരിച്ച് ജോലിചെയ്തിരുന്ന കാലമുണ്ടായിരുന്നു. ജൂബ്ബാ തയ്ക്കുന്നതിന് പ്രത്യേക പരിശീലനം നേടി അതില്‍ വിദഗ്ധനായിരുന്ന ജൂബ്ബാ രാമകൃഷ്ണപിള്ള എന്നൊരു കോണ്‍ഗ്രസ് നേതാവുതന്നെ അക്കാലത്തുണ്ടായിരുന്നു. 1955 വരെ മുണ്ടും ജൂബ്ബയും ധരിച്ചാണ് തിരുവനന്തപുരത്തെ മിക്ക ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാര്‍ത്ഥികളും രാഷ്ട്രീയനേതാക്കളും സഞ്ചരിച്ചത്. പാന്റ്സുകാര് അപൂര്‍വം. 1956 ല്‍ കേരള സംസ്ഥാന രൂപീകരണശേഷമാണ് ആ സ്ഥിതിയില്‍ ക്രമേണ മാറ്റം വന്നത്. ഇന്നു രാഷ്ട്രീയപാര്‍ട്ടിക്കാരും നേതാക്കളും മാത്രമാണ് സാധാരണ വേഷം ധരിക്കുന്നതെന്നു കാണാം.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ദേശീയ ചിന്താഗതി ആറിത്തുടങ്ങുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും നിഷ്ഠയുണ്ടായിരുന്നു. 1954 ലോ 55 ലോ ആണ് പാര്‍ലമെന്റംഗങ്ങള്‍ക്കായി ദല്‍ഹിയിലെ അശോക ഹോട്ടലില്‍ ഒരു പരിപാടി നടത്തപ്പെട്ടിരുന്നു. സ്വതന്ത്രഭാരതത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഹോട്ടല്‍ ദല്‍ഹിയില്‍ വേണമെന്ന പ്രധാനമന്ത്രി നെഹ്റുവിന്റെ ആഗ്രഹമനുസരിച്ച് നിര്‍മ്മിച്ചതാണ് അശോക ഹോട്ടല്‍. അതിനേക്കാള്‍ മികച്ചത് വേറെ ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് അതു ലാഭകരമായിരുന്നുമില്ല. പല സര്‍ക്കാര്‍ പരിപാടികളും അവിടെ നടന്നുവന്നു. ഒരിക്കല്‍ പാര്ലമെന്റംഗങ്ങള്കൂടി പങ്കെടുക്കേണ്ട വിരുന്നില്‍ പങ്കെടുക്കാന്‍ പൊന്നാനിയിലെ എംപിയായിരുന്ന കെ. കേളപ്പനും ക്ഷണം ലഭിച്ചു. അദ്ദേഹം തന്റെ സ്ഥിരം വേഷമായ മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടും രണ്ടാംമുണ്ടുമായിട്ടാണ് എത്തിയത്. കാവല്ക്കാര് കടത്തിവിട്ടില്ല.
എല്ലാ പ്രമുഖരും വാദിച്ചിട്ടും ഫലമുണ്ടായില്ല. ഒറ്റമുണ്ടുടുത്ത് മഹാത്മാഗാന്ധിക്ക് ബക്കിംഗാം കൊട്ടാരത്തില്‍ രാജാവിനും രാജ്ഞിക്കുമൊപ്പമിരിക്കാന് കഴിഞ്ഞുവെങ്കില്‍, ഗാന്ധിശിഷ്യനായ തനിക്കു സ്വതന്ത്രഭാരതത്തില്‍ ഈ വേഷം നിഷേധിക്കപ്പെട്ടതിനെതിരെ സത്യഗ്രഹം ചെയ്യേണ്ടിവരുമെന്നദ്ദേഹം വാദിച്ചു. മന്ത്രിസഭയില്‍ ചേരാന്‍ നെഹ്റു ക്ഷണിച്ചിട്ട് തനിക്ക് സ്ഥാനം വേണ്ടെന്നും ജനസേവനമാണ് രംഗമെന്നും പറഞ്ഞ ആളായിരുന്നു കേളപ്പന്. അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ ഏതു സംസ്ഥാനത്തെയും ഗവര്‍ണര്‍സ്ഥാനം നല്‍കാനും നെഹ്റു ഒരുക്കമായിരുന്നു. കേളപ്പന്റെ അന്നത്തെ സമരം വിജയിച്ചുവെന്നു മാത്രമല്ല പാര്‍ലമെന്റംഗങ്ങള്‍ക്ക് എവിടെ പോകാനും വേഷ നിഷ്കര്‍ഷ ആവശ്യമില്ലെന്ന അലിഖിത നിയമവും ഉണ്ടായി.
ഇതുപോലെ മറ്റൊരു സംഭവംകൂടി സ്മരണീയമായുണ്ട്. 1950-കളില്‍ ഭാരതത്തെ സോവിയറ്റ് ചേരി സ്വാധീനിക്കുന്നത് തടയാനായി അമേരിക്ക ഒട്ടേറെ സഹായപദ്ധതികള്‍ക്ക് ധനസഹായം നല്കാന് തുടങ്ങി. മനസ്സുകൊണ്ട് സോഷ്യലിസ്റ്റായിരുന്നെങ്കിലും നെഹ്റു അമേരിക്കന്‍ വാഗ്ദാനങ്ങളുടെ മോഹത്തില്പ്പെട്ടുവെന്നു പറയാം. അമേരിക്കയിലെ ടെനിസിവാലി കോര്പ്പറേഷന് എന്ന വിവിധോദ്ദേശ്യ വികസനപദ്ധതി സന്ദര്‍ശിച്ച അദ്ദേഹത്തിന് അതുപോലൊന്ന് ഭാരതത്തിലും വേണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെയാണ് ബംഗാളിന്റെ ദുഃഖമെന്ന് പ്രസിദ്ധിയാര്‍ജിച്ച ദാമോദര്‍ നദിയില്‍ ദാമോദര്‍വാലി കോര്പ്പറേഷന് ആരംഭിച്ചത്. നമ്മുടെ നാട്ടിലെ ഭരണകുശലതയുടെ ‘ഗുണം’ മൂലം അത് പൂര്‍ത്തീകരിച്ച് ഫലം കാണാന്‍ ലക്ഷ്യമിട്ടതിന്റെ എത്ര ഇരട്ടി തുകയും സമയവും വേണ്ടിവന്നുവെന്നതല്ല വിഷയം.
ഗ്രാമീണ വികസനത്തിനായി കൃഷി, കൈത്തൊഴില്‍, ജലസേചനം എന്നിവയ്ക്ക് സഹായം നല്കുന്ന കമ്യൂണിറ്റി പ്രോജക്ടുകള്‍ രാജ്യമെങ്ങും നടപ്പാക്കുകയായിരുന്നു മറ്റൊരു പരിപാടി. അന്നത്തെ തിരു-കൊച്ചിക്കും കിട്ടി രണ്ട് പ്രോജക്ടുകള്‍, നെയ്യാറ്റിന്‍കര വിളവംകോട്, കുന്നത്തുനാട്, ചാലക്കുടി മണ്ഡലങ്ങള്‍ എന്നിവയ്ക്കായിരുന്നു അത്. പിന്നീട് അവ വികസനബ്ലോക്കുകള്ക്കു വഴിമാറി. ഇതുപോലെ ഗ്രാമവികസനത്തിനായി അമേരിക്കയില്‍ നടക്കുന്ന പ്രോജക്ടുകള്‍ സന്ദര്‍ശിക്കാന്‍ പാര്‍ലമെന്റംഗങ്ങളുടെ ഒരു സംഘം പോയിരുന്നു. സോഷ്യലിസ്റ്റ് നേതാവ് ഡോ. രാംമനോഹര്‍ ലോഹ്യയും അവരില്‍പ്പെട്ടു. അദ്ദേഹം ഭാരതീയ വേഷത്തിലാണ് യാത്ര ചെയ്തത്. അദ്ദേഹത്തിന് ഒരു ഹോട്ടലില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ഇന്ത്യയിലെ പാര്‍ലമെന്റംഗമാണെന്നും ഔദ്യോഗിക പര്യടനമാണെന്നും പറഞ്ഞതവര്‍ ശ്രദ്ധിച്ചില്ല. വര്‍ണവിവേചനം ശക്തമായ കാലമായിരുന്നു. ഇന്ത്യന്‍ എന്നാല്‍ റെഡിന്ത്യന്മാരെന്നാണ് അമേരിക്കക്കാര്‍ ധരിക്കുക. വളരെ യാതനകള്‍ക്കുശേഷം ഭാരത നയതന്ത്രപ്രതിനിധിയും അമേരിക്കന്‍ വിദേശവകുപ്പുമൊക്കെ ഇടപെട്ടാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇക്കാര്യം പാര്ലമെന്റിലുന്നയിച്ചപ്പോള് പ്രധാനമന്ത്രി നെഹ്റു വിദേശത്ത് പോകുന്നവര്‍ അവിടത്തെ ആചാരങ്ങള്‍ മാനിക്കണമെന്ന് ഉപദേശിക്കുകയാണത്രേ ചെയ്തത്. ആ സംഭവത്തിനുശേഷം ലോഹ്യ കടുത്ത നെഹ്റു വിമര്‍ശകനായി.
ഭാരത വിഭജനത്തില്‍ ഏറെ ദുഃഖിച്ചയാളായിരുന്നു ലോഹ്യ. പല കാര്യങ്ങളിലും ദീനദയാല്‍ജിയുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. വിഭജനം അവസാനിക്കണമെന്ന് ഇരുവരും അഭിലഷിച്ചിരുന്നു. ഭാരതവും പാക്കിസ്ഥാനും ചേര്‍ന്ന ഒരു കോണ്‍ഫെഡറേഷന്‍ രൂപീകരിക്കണമെന്ന സംയുക്ത ആഹ്വാനവും അവര്‍ നടത്തി.
സ്വാതന്ത്ര്യം നേടിയശേഷം ഭാരതത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ തടസ്സമായ പല നടപടികളുമുണ്ടായിരുന്നു. അതു ഇന്നും ചിലയിടങ്ങളിലെങ്കിലും തുടരുന്നുവെന്ന് സൂചിപ്പിക്കുകയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: