കരുവാരകുണ്ട്: മലയോര മേഖല കേന്ദ്രീകരിച്ച് വീണ്ടും ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നു.
മൂന്നുമാസം മുമ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പിന്തുണയോടെ കൗമാരക്കാരികളുടെ നേതൃത്വത്തില്‍ കുട്ടിക്കല്ല്യാണത്തിനെതിരെ പ്രതിരോധം തീര്‍ത്തിരുന്നു. പക്ഷേ അതൊന്നും ഫലപ്രദമായിട്ടില്ലെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. പെണ്‍കുട്ടികളുടെ അറിവും സമ്മതവുമില്ലാതെയാണ് മാതാപിതാക്കള്‍ വിവാഹം ഉറപ്പിക്കുന്നതെന്ന് ശിശുസംരക്ഷണസമതി പ്രവര്‍ത്തകര്‍ പറയുന്നു.
കരുവാരകുണ്ട് മേഖലയില്‍ മുപ്പതിലധികം ബാലവിവാഹങ്ങള്‍ ശിശുസംരക്ഷണ പ്രവര്‍ത്തര്‍ നേരത്തേ തടഞ്ഞിരുന്നു.
ബാലവിവാഹം തടയുവാനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഭീഷണിയും ഉണ്ടാകാറുണ്ട്. ചിലര്‍ കയ്യേറ്റത്തിനും ഇരയാകുന്നു.
ബാലവിവാഹത്തിന് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ ഉണ്ടായേക്കാവുന്ന നടപടി ഭയന്ന് പലരും രഹസ്യക്കല്ല്യാണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് ശേഷം വിവരം പരസ്യമായാല്‍ അധികൃതരില്‍ നിന്ന് ഉണ്ടാകുന്ന തുടര്‍നടപടി ഭയന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പെണ്‍കുട്ടികളെ കൂട്ടികൊണ്ടുവരാത്തവരുമുണ്ട്.
ശൈശവ വിവാഹം കഴിഞ്ഞ നിരവധി പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ അമ്മമാരാകുന്നു. ഇവര്‍ ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങക്ക് അടിമകളാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ശൈശവവിവാഹത്തിന് സമൂഹം പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും ആരോപണമുണ്ട്.
നേരത്തേ നടന്നിരുന്ന ശൈശവ വിവാഹക്കാരിലധികവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമ്പന്ന വിഭാഗത്തിലുള്ളവരാണ് ഈ കാര്യത്തില്‍ മുന്നില്‍.
കല്ല്യാണം കുട്ടിക്കളിയാക്കി മാറ്റുന്നവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: