കൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരി ഗുളികകളും കഞ്ചാവുമായി എട്ടുപേര്‍ പിടിയില്‍. നഗരത്തില്‍ ഷാഡോ പോലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ ഏഴു പേരും തൃപ്പൂണിത്തുറയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരാളുമാണ് പിടിയിലായത്. മൂന്നിടങ്ങളില്‍ നിന്നായി ഒരുകിലോയിലധികം കഞ്ചാവും, 50 ഓളം നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു.
വൈപ്പിന്‍ മുരിക്കിന് പാടം സ്വദേശി വിനീഷ് നായര്‍ (21), കൂട്ടാളികളായ ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ (21), പ്രായ പൂര്‍ത്തിയാകാത്തയാള്‍ എന്നിവരെ സെന്‍ട്രല്‍ സ്റ്റേഷന് പരിധിയില്‍നിന്നാണ് പിടികൂടിയത്.
തൃശൂര്‍ സ്വദേശികളായ ജോജോ(18), റിതിന്(18), അങ്കമാലി സ്വദേശി ടോണി(20) എന്നിവരെ സൗത്ത് സ്റ്റേഷന് പരിധിയില്‍നിന്നും, കുടക് സ്വദേശിയായ മെഹറൂഫ് (23) നെ മരട് സ്റ്റേഷന് പരിധിയില്‍നിന്നുമാണ് പിടികൂടിയത്.
ഓണത്തോടനുബന്ധിച്ച് നഗരത്തിലേയ്ക്ക് വന്‍തോതില്‍ ലഹരിവസ്തുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് ക്രൈംഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മുരിക്കിന്പാടം സ്വദേശിയായ വിനീഷ്നായര് നിരവധിമയക്ക്മരുന്ന് കേസുകളിലെ പ്രതിയാണ്. എറണാകുളം മാര്‍ക്കറ്റ്, മറൈന്‍ഡ്രൈവ് ഭാഗങ്ങളില്‍ കഞ്ചാവും ‘പടയപ്പ’ എന്നറിയപെടുന്ന നൈട്രോസെപാംഗുളികകളും വിതരണം ചെയ്യുന്നതിനിടെയാണ് പിടിയിലായത്.
കൂടെയുള്ള പ്രായപൂര്‍ത്തിയാകാത്തയാള്‍ വഴിയാണ് ഇവര്‍ ലഹരിമരുന്നുകള്‍ നല്‍കിയിരുന്നത്. കൊച്ചിന്‍ഷിപ്പ് യാര്‍ഡിലേക്കുള്ള ഒഴിഞ്ഞ റെയില്‍പാത കേന്ദ്രീകരിച്ചായിരുന്നു വില്പന.
മരടിലെ മാളിനുസമീപത്ത് നിന്നാണ് കുടക് സ്വദേശിയായ മെഹറൂഫ് പിടിയിലായത്.
മാളുകളിലെസ്റ്റോറുകളില് നില്ക്കുന്ന യുവാക്കള്‍ക്ക് നല്‍ക്കാനായിരുന്നു ഇയാള്‍ കഞ്ചാവ് എത്തിച്ചത്. മൈസൂരില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് ശേഖരിച്ചിരുന്നത്.
ഷാഡോ എസ്ഐ ഹണി.കെ. ദാസ്, സെന്‍ട്രല്‍ എസ്ഐ ജോസഫ് സാജന്, സൗത്ത് എസ്ഐ ദ്വിജേഷ്, മരട് എസ്ഐ സുജാതന്‍ പിള്ള തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
തൃപ്പൂണിത്തുറ പൊയ്ന്തറ ലക്ഷം വീട് കോളനിയില്‍ മാലായില്‍ വീട്ടില്‍ അഖില്‍ (22) ആണ് എക്സൈസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: