പാലക്കാട്: തെക്കന്‍ കൊറിയയില്‍ നടക്കുന്ന അന്തര്‍ ദേശീയ പാവകളി ഉത്സവത്തില്‍ പങ്കെടുക്കാന്‍ കൂനത്തറ സ്വദേശിയും. പാവകളിയും സംസ്ക്കാരവും എന്ന വിഷയത്തില്‍ തോല്‍പ്പാവക്കൂത്തിന്റെ പ്രചരണത്തിനായി വിപിന്‍ വിശ്വനാഥപുലവര്ക്കാണ് അവസരം ലഭിച്ചത്. പുറപ്പെട്ടു. ഇരുപത് രാജ്യങ്ങളില്‍ നിന്നായി ഇരുപതുപേരാണ് അന്തര്‍ദേശീയ ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിപിനാണ് അവസരം ലഭിച്ചത്.
പത്ത് ദിവസം നടക്കുന്ന ഉത്സവത്തില്‍ പാവകളി മനുഷ്യ സംസ്ക്കാരത്തിന് നല്കിയ സംഭാവനകള്‍, അതത് രാജ്യങ്ങളിലെ സംസ്ക്കാരങ്ങള്‍, പാരമ്പര്യ കലാരൂപങ്ങള്‍, ഹിന്ദുമത സംസ്ക്കാരം, ബുദ്ധമതം, ജൈനമതം, കള്‍ച്ചറല്‍ എക്സ്ചേഞ്ച് തുടങ്ങി പല വിഷയങ്ങളിലും സെമിനാര്‍, പരിപാടികള്‍ എന്നിവ അവതരിപ്പിക്കും.
തെക്കന്‍ കൊറിയയിലെ പത്തോളം യൂണിവേഴ്സിറ്റികളിലാണ് ക്യാമ്പ് നടക്കുക. അതത് രാജ്യങ്ങളിലെ പാരമ്പര്യ വസ്ത്രധാരണ രീതികള്‍, ഭക്ഷണം മുതലായവയെക്കുറിച്ചും ക്യാമ്പില്‍ സെമിനാര്‍ അവതരിപ്പിക്കുന്നുണ്ട്. ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള പാവകളി വിദഗ്ധര്‍ പാവകളിയെക്കുറിച്ച് സെമിനാറുകളും പ്രബന്ധങ്ങളും അവതരിപ്പിക്കുന്നുണ്ട്.
കൂനത്തറയിലെ കെ.എല്‍.കൃഷ്ണന്കുട്ടിപുലവരുടെ പേരമകനും പ്രശസ്ത തോല്‍പ്പാവക്കുത്ത് ആശാന് കെ.വിശ്വനാഥപുലവരുടെയും തോല്‍പ്പാവക്കൂത്ത് കലാകാരി എം.പുഷ്പലതയുടെയും മകനാണ് വിപിന്‍ വിശ്വനാഥപുലവര്‍.
തായ്ലാന്റ്, ചൈന, കൊറിയ, സിംഗപ്പൂര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നടന്ന ഉത്സവങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിപിന്‍ പങ്കെടുത്തിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പാരമ്പര്യ കലാരൂപമായ തോല്‍പ്പാവക്കൂത്തിനെ ആധുനികരീതിയില്‍ യുവതലമുറകള്‍ക്കും കൂടി ഇഷ്ടപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് വിപിന്‍. തൃശ്ശൂരിലെ കൗണ്‍സലിങ് സെന്ററില്‍ സൈകാട്രിക് കൗണ്‍സിലറായി ജോലിചെയ്യുകയാണ് വിപിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: