കല്‍പ്പറ്റ :മേപ്പാടി കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ എത്രയുംപെട്ടെന്ന് പരിഹരിക്കാന്‍ സി.കെ.ശശീന്ദ്രന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാകളക്ടറുടെ ചേംമ്പറില്കൂടിയ യോഗം തീരുമാനിച്ചു മൂപ്പൈനാട് പ്ലാ ന്റിന്റെ ആവശ്യത്തിനായി ഒരേക്കര്‍ 35സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള ഫണ്ട് വാട്ടര്‍ അതോറിട്ടിയുടെ കൈവശമുണ്ട്. നിലവില്‍ തോട്ടം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉണ്ടോ എന്ന കാര്യം പരിശോധിച്ച് എത്രയുംപെട്ടെന്ന് റിപ്പോര്‍ട്ട് നല്കാന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. നിയമപരമായ തടസ്സങ്ങള്‍ ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കും. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തുകളും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് ഭൂമി ഏറ്റെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. മേപ്പാടി കുടവെള്ള പദ്ധതിക്കായി 32.6 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുത്തശേഷം നിര്‍മാണ പ്രവൃത്തികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭ്യമാക്കാമെന്ന് സി.കെ.ശശീന്ദ്രന് പറഞ്ഞു. കാരാപ്പുഴ ഡാമില്‍ നിന്നാണ് ശുദ്ധീകരണ പ്ലാന്റിലേക്കുള്ള വെള്ളം എത്തിക്കുന്നത്. വാട്ടര്‍ അതോറിട്ടിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ തല്‍സ്ഥിതി സംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്കാന് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിജു.ബി.സി, അസിസ്ററന്റ് എന്‍ജിനിയര്‍ വി.എന്‍.മോഹനന് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: