തിരുവനന്തപുരം: പി.യു.ചിത്രയെ സ്പോര്‍ട്സ് കൗണ്‍സില്‍ ദത്തെടുക്കുമെന്ന് പ്രസിഡന്റ് ടി.പി. ദാസന്. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച പി.യു. ചിത്ര അനാഥയാവില്ല. കായിക രംഗത്ത് ഉയരാനാവുന്ന അത്രയും ഉയരാന്‍ ആവശ്യമായ സാങ്കേതിക സഹായം നല്‍കും. മുഖ്യമന്ത്രി, കായികമന്ത്രി എന്നിവരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും ടി.പി. ദാസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചിത്രയ്ക്ക് അവസരം നിഷേധിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നു. ഫെഡറേഷനില്‍ ഉള്‍പ്പെട്ട പി.ടി. ഉഷ ഉള്‍പ്പെടെയുള്ള മലയാളികള്‍ നിരുത്തരവാദിത്തമായി പെരുമാറിയതാണ് അവസരം നഷ്ടമാക്കിയത്. സെലക്ഷന് ലഭിച്ചിട്ടില്ലെന്ന കാര്യം മറച്ചു വച്ചതിനാല്‍ അപ്പീല്‍ നല്‍കാനുള്ള അവസരം പോലും നഷ്ടമായി.
പി.ടി. ഉഷയ്ക്ക് പുറമെ അഞ്ജു ബേബി ജോര്‍ജ്, രാധാകൃഷ്ണന് എന്നിവരാണ് ഫെഡറേഷന് അംഗങ്ങളായ മലയാളികള്‍. 20ന് കൂടിയ സെലക്ഷന് കമ്മിറ്റി തീരുമാനം 23നാണ് പരസ്യപ്പെടുത്തുന്നത്. 24ന് രാത്രി എട്ടിന് മാത്രമാണ് ഇക്കാര്യം എന്‍ട്രിയായത്. 23 വരെ കേരളത്തില്‍ ആര്‍ക്കും ഇക്കാര്യം അറിയില്ലായിരുന്നു.
ഫെഡറേഷന് അംഗമായ മലയാളികള്‍ സാമാന്യ മര്യാദ കാട്ടിയിരുന്നെങ്കിലും ദുഃഖകരമായ കാര്യം സംഭവിക്കില്ലായിരുന്നു. പഞ്ചാബില്‍ നിന്നുള്ള താരങ്ങള്‍ 21ന് തന്നെ അപ്പീല്‍ നല്കിയപ്പോള് ചിത്രയ്ക്ക് അതിന് സാധിച്ചില്ല. പിന്നീട് പഞ്ചാബ് താരങ്ങളുടെ അപ്പീലിനൊപ്പം ചിത്രയുടെ അപ്പീലും നല്‍കുകയായിരുന്നു. ലണ്ടന്‍ സംഘത്തില്‍ ഒഫീഷ്യല്‍സിന് അവസരം കിട്ടാന്‍ വേണ്ടി അത്ലറ്റിക്സുകളെ ഒഴിവാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
അത്ലറ്റിക്സുകളുടെ കഴിവ് പരിശോധന ഉള്‍പ്പെടെ ഫെഡറേഷന് നടപടികളില്‍ സുതാര്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു. കായികമേളകളില്‍ ഫോട്ടോ ഫിനിഷ് ഉള്‍പ്പെടെ റെക്കോഡ് ചെയ്യുമ്പോള്‍ ഫെഡറേഷന്റെ പ്രസക്തി തന്നെയില്ല. ടീമിനങ്ങള്‍ ഒഴികെയുള്ളവയില്‍ താരത്തിന്റെ പ്രകടനം അടിസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ശിഷ്യര്‍ യോഗ്യത നേടിയിട്ടും പരിശീലകന് ജയകുമാറിനെ തഴഞ്ഞത് പ്രതിഷേധാര്‍ഹമാണെന്നും ദാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: