കല്‍പ്പറ്റ: ജൈവവൈവിധ്യ നിയമത്തിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങളില്‍ യുക്തമായ ഭേദഗതികള്‍ വരുത്തുന്നതിന് ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന് സമിതിയംഗങ്ങള്‍ പറഞ്ഞു. സമിതി ചെയര്മാന് മുരളി പെരുനെല്ലി എംഎല്‍എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പുത്തൂര്‍ വയല്‍ എംഎസ് സ്വാമി നാഥന് ഗവേഷണ നിലയത്തില്‍ തെളിവെടുപ്പിനുശേഷം സംസാരിക്കുകയായിരുന്നു അംഗങ്ങള്‍. ജൈവവൈവിധ്യ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ സമിതി ഗൗരവമായി പരിഗണിക്കും. ജില്ലയിലെ ജൈവവൈവിധ്യ സമ്പത്തിന്റെ സംരക്ഷണവും അവയുടെ സുസ്ഥിരവുമായ ഉപയോഗവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സമിതി അഭിപ്രായങ്ങള്‍ തേടാനെത്തിയത്. വിവരങ്ങള്‍ ശേഖരണം, ബജറ്റ് വിഹിതത്തിന്റെ വിനിയോഗം,ജൈവ വൈവിധ്യ വിവരശേഖരണം, സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങള്‍ക്ക് വിധേയമായുളള അനുമതി എന്നിവയെല്ലാം സമിതി സമഗ്രമായി പഠനവിധേയമാക്കും. എംഎല്‍എ മാരായ റോജി.എം. ജോണ്‍, ജി.എസ് ജയലാല്‍, എന്‍ ഷംസുദ്ദീന് എന്നിവരടങ്ങിയ സമിതിയാണ് ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനധികള്‍ തുടങ്ങിയവരില്‍ നിന്നും വിവരണ ശേഖരണം നടത്തിയത്.
വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, പഞ്ചായത്ത് തല ജൈവ വൈവിധ്യപരിരാലന സമിതികള്‍, വിവിധ സാമൂഹിക സന്നദ്ധ സംഘടനകള്‍ പ്രത്യേക കൂടിയാലോചനകള്‍ നടത്തി നിര്‍ദ്ദേശങ്ങള്‍ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. ജൈവ വൈവിധ്യ പരിപാലന സമിതികളില്‍ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, സമിതിയെ സഹായിക്കുന്ന സാങ്കേതിക വിഭാഗത്തിനെ ശക്തിപ്പെടുത്തുക, ഒരേ സമയത്തും നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് ധാരണയുണ്ടാക്കി പരിഹാരങ്ങള്‍ കണ്ടെത്തുകയും അവയെകുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുക, വ്യക്തമായ പദ്ധതി രേഖകള്‍ തയ്യാറാക്കുക, ജൈവ വൈവിധ്യ പരിപാലന സമിതികളെ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുകയും ശാക്തീകരികരിക്കുകയും ചെയ്യുക, ജനകീയ വൈവിധ്യ റജിസ്റ്റര്‍ കൂടുതല്‍ കുറ്റമറ്റതാക്കുക, ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുക, ജൈവ വൈവിധ്യങ്ങള്‍ക്ക് കോട്ടം വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ജൈവ വൈവിധ്യ പരിപാലന സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുക, ബയോ ടെക്നോളജിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക,പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കുക, ജൈവവൈവിധ്യ സമ്പത്ത് സംരക്ഷണത്തിന് പാക്കേജ് അനുവദിക്കണമെന്നും ജൈവവിഭവങ്ങളുമായി ബന്ധപ്പെട്ട് ഭൗതിക സ്വത്തവകാശം നല്കല്, സ്വാഭാവിക വനങ്ങള്‍ സൃഷ്ടിക്കുക, ജൈവവൈവിധ്യ സമ്പത്ത് സംരക്ഷിക്കാനുതകുന്ന രീതിയില്‍ ഉദ്യോഗസ്ഥ സംവിധാനം ഏര്‍പ്പെടുത്തുക, ജനകീയവൈവിധ്യ റജിസ്റ്റര്‍ ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെച്ചു.
സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങളില്‍ യുക്തമായ ഭേദഗതികള്‍ വരുത്തണമെന്ന് ജൈവവൈവിധ്യബോര്‍ഡ് ചെയര്മാന് പ്രൊഫ. ഡോ ഉമ്മന്‍ വി.ഉമ്മന്‍ നിര്‍ദ്ദേശിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, മീനങ്ങാടി പഞ്ചായത്ത്പ്രസിഡന്റ് ബീനാ വിജയന്, ജൈവവൈവിധ്യ ബോര്‍ഡ്മെമ്പര്‍ സെക്രട്ടറി ദിനേശന് ചെറുകാട്ട്, പ്രൊഫ. എം.കെ.പ്രസാദ്, ഡോ.എന്‍.അനില്‍കുമാര്‍, നിയമസഭാ ഡെ.സെക്രട്ടറി ലിമാ ഫ്രാന്‍സിസ്, പി.യു.ദാസ്, ആനോത്ത് ദിവാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: