കോഴിക്കോട്: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം നിര്‍മാണം 2018 മെയ് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുറമുഖം സന്ദര്‍ശിച്ച നിയമസഭാ സമിതിയെ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിര്‍മാണം മുന്നോട്ടുപോവുന്നതിന് തടസമില്ലെന്നും അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി കൊയിലാണ്ടി ഗവ. റസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി പരാതികള്‍ സ്വീകരിച്ചു.
റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജൂലൈ 31 നകം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കണമെന്ന് സമിതി അധ്യക്ഷന്‍ സി.കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. സമിതി മുമ്പാകെ വന്ന പരാതികള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട് നിര്‍മാണത്തിനായി അപേക്ഷിച്ച മത്സ്യത്തൊഴിലാളികളെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തിന് സമിതി നിര്‍ദേശം നല്‍കി.
ചെങ്ങോട്ടുകാവില്‍ നിര്‍മിച്ച സുനാമി വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിലെ ജിന്‍ഷ ടി.സി നല്‍കിയ അപേക്ഷ ഒരാഴ്ചയ്‌ക്കകം തീര്‍പ്പാക്കാന്‍ എ.ഡി.എമ്മിന് സമിതി കര്‍ശന നിര്‍ദേശം നല്‍കി. അഴിയൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് കെട്ടിടത്തിന്റെയും ഗോഡൗണിന്റെയും അനുമതിക്കായി നല്‍കിയ അപേക്ഷ സംബന്ധിച്ച് ഒരാഴ്ചയ്‌ക്കകം അനുകൂല നടപടി സ്വീകരിക്കാന്‍ സമിതി നിര്‍ദേശം നല്‍കി.
മുഖദാര്‍ കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ഷെഡ് അനുവദിക്കുമെന്ന് കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയായ തീരദേശ റോഡില്‍ പണി നടത്താതെ തകര്‍ന്നുകിടക്കുന്ന ഒരു കിലോ മീറ്ററില്‍ മഴ കഴിഞ്ഞാല്‍ പണി നടത്തും. വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിനായി പൊളിച്ച ഷെഡുകള്‍ക്ക് പകരം 32 മുറികള്‍ നിര്‍മിച്ചു നല്‍കിയതായി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു. സമിതി അംഗങ്ങളായ സി.കെ നാണു, കെ. ദാസന്‍, എം. നൗഷാദ്, എന്‍.എ നെല്ലിക്കുന്ന് എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പുറമെ സംഘടനാ നേതാക്കളും രാഷ്‌ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.
















