കല്‍പ്പറ്റ : കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുവേണ്ടി അഡ്വ: പി.സി.തോമസ് മുഖാന്തിരം നല്കിയ ഹര്‍ജി ഫയല്‍ ചെയ്യാനുണ്ടായ 76 ദിവസത്തെ കാലതാമസം മാപ്പു ചെയ്തുകൊണ്ട് ഹൈക്കോടതി ജസ്റ്റീസ് പി.എന്‍.രവീന്ദ്രന്, ജസ്റ്റീസ് ശേഷാദ്രിനായിഡു എന്നിവരുടെ ഡിവിഷന് ബഞ്ച് ഉത്തരവായി. 1967ല്‍ മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ലേജില്‍ 12 ഏക്കര്‍ സ്ഥലം വിലകൊടുത്ത് വാങ്ങിയ കേസില്‍ ആണ് സംഭവം.
ഇതേ കോടതിയുടെ ഡിസംബര്‍ 2016 ലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുവാന്‍ ഉണ്ടായ കാലതാമസമാണ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേരള സര്‍ക്കാരിന്റെ ചില പ്രധാനപ്പെട്ട രേഖകള്‍ അവര്‍ കോടതിയുടെ മുന്പില് എത്തിക്കാതിരുന്നതിനാല്‍ വിവരാവകാശ നിയമപ്രകാരം തങ്ങള്‍ക്ക് അവ ലഭ്യമാക്കേണ്ടിവന്നു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കാലതാമസം മാപ്പാക്കിയത്. എന്നാല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടംബത്തിനനുകൂലമായ ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുവാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് രണ്ടാഴ്ച്ചത്തെ സമയം അനുവദിക്കണമെന്നും അഡീഷല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന് അഭ്യര്‍ത്ഥിച്ചു.
നാല്‍പ്പത് വര്‍ഷമായി പീഡനം അനുഭവിക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിനനുകൂലമായി ഇതുവരെ തീരുമാനമെടുക്കാത്തവര്‍ പറയുന്നതുകേട്ട് കേസിന്റെ വാദം നീട്ടരുതെന്ന തോമസിന്റെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന് ഒരാഴ്ച്ചത്തെ സമയം മാത്രം കോടതി അനുവദിച്ചു. ആഗസ്റ്റ് രണ്ടാം തിയതിയിലേക്ക് കേസ് വാദം കേള്‍ക്കുവാന്‍ മാറ്റി ഉത്തരവായി.
ഇനിയും വാദം കേള്‍ക്കുവാന്‍ സമയം ചോദിച്ചാല്‍ അനുവദിക്കരുതെന്ന് പി.സി.തോമസ് വാദിച്ചു. ഓരോകാരണം പറഞ്ഞ് കഴിഞ്ഞ ഒരുമാസമായി സര്‍ക്കാര്‍ കേസ് മാറ്റുവാനാണ് ശ്രമിക്കുന്നതെന്നും തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: